വയനാട് : വയനാട് ഉരുള്‍പൊട്ടലുണ്ടായ ദിവസം മുതല്‍ ഇന്നോളം വരെ മേപ്പാടി സെന്റ് ജോസഫ് യു പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ ദിനേന 600 പേര്‍ക്ക് മൂന്ന് നേരവും ഭക്ഷണം പാചകം ചെയ്യുന്ന സംഘത്തിലെ പ്രധാനികളില്‍ ഒരാളാണ് തിരൂരങ്ങാടി സ്വദേശി. തിരൂരങ്ങാടി ചുള്ളിപ്പാറ് സ്വദേശി വെളിയില്‍ വഹാബ് ആണ് ക്യാമ്പിലെ ദുരിത ബാധിതര്‍ക്ക് ഭക്ഷണം പാചകം ചെയ്യുന്നവരില്‍ ഒരാള്‍. കേരള സ്റ്റേറ്റ് കുക്കിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് ഭക്ഷണപാചകം നടക്കുന്നത്.
ഒരേ സമയം നെഹ്‌റു യുവ കേന്ദ്രയുടെ റിസോഴ്‌സ് പേഴ്‌സണായും, കേരള സംസ്ഥാന കുക്കിംഗ് വര്‍ക്കേഴ്‌സ് യൂനിയന്റെ മലപ്പുറം ജില്ലാ സിക്രട്ടറിയായുമൊക്കെ സേവനം അനുഷ്ടിച്ചിട്ടുള്ള വഹാബ് സേവനമാണ് ജീവിതം എന്ന ശൈലിക്കാരനാണ്. കേരളത്തിനകത്തും പുറത്തും സേവന സന്നദ്ധനായി എപ്പോഴും തിരക്കിലായിരിക്കും വഹാബ്. യൂത്ത് ക്ലബ്ബുകളില്‍ ട്രൈനറായും, ലൈഫ് സ്‌കില്‍ മോട്ടിവേറ്ററായും കേരളത്തിലെ എല്ലാ ജില്ലകളിലും, കേരളത്തിന് പുറത്ത് ഇന്ത്യയിലുടനീളം പല പല സംസ്ഥാനങ്ങളിലുമായി ഇദ്ദേഹം ഉണ്ടാകും. ആറ് വര്‍ഷമായി നെഹ്‌റു യുവകേന്ദ്രയില്‍ വളണ്ടിയര്‍ സേവനം തുടങ്ങിയിട്ട്.
വഹാബിന്റെ വണ്ടിയില്‍ എപ്പോഴും രണ്ട് തരം ഡ്രസ് കരുതാറുണ്ട്. കാരണം ലൈഫ് സ്‌കില്‍ ട്രൈനറുടെ കുപ്പായമഴിച്ച് വെച്ച് വേണം രാത്രിയില്‍ തന്നെ, പിറ്റേന്നത്തെ കല്യാണപരിപാടിയുടെ കുക്കിംഗിന് പോകാന്‍.ജീവിതമാര്‍ഗ്ഗത്തിനായി പലവിധ തൊഴിലുകള്‍ പയറ്റിതെളിഞ്ഞ വഹാബിന്റെ ഇപ്പോഴത്തെ പ്രധാനതൊഴില്‍മേഖല പാചകകലയാണ്. ‘ലൈവ് കുക്കിംഗ്’ അടക്കം എല്ലാത്തിലും നൈപുണ്യമുണ്ട്.
സ്‌കൂളില്‍ ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തുടങ്ങിയതാണ് പാചകമേഖലയുമായുള്ള ബന്ധം. ഉപ്പയുടെ അനുജന്‍ ഹംസയുടെ ഹോട്ടലില്‍ നിന്നായിരുന്നു അതിന്റെ ബാലപാഠം തുടങ്ങുന്നത്. പിന്നീട് പത്താം തരത്തിലെത്തിയപ്പോള്‍ ആ ജോലി പഠനത്തോടൊപ്പമുള്ള ഒരു സൈഡ് ബിസിനസായി മാറി.
പത്തില്‍ പാസായെങ്കിലും പഠനം തുടര്‍ന്നില്ല. പകരം നാടന്‍ പണികളിലേക്ക്, പ്രത്യേകിച്ച് കണ്‍സ്ട്രക്ഷന്‍ ഫീല്‍ഡിലേക്ക് കളം മാറി ചവിട്ടി. തേപ്പും, പടവും, സെന്‍ട്രിംഗുമെല്ലാം പഠിച്ച വഹാബ് സ്വന്തമായി വീടു നിര്‍മ്മാണ കോണ്‍ട്രാക്ടിംഗ് തുടങ്ങി. ചുള്ളിപ്പാറയിലും പരിസര പ്രദേശങ്ങളിലുമായി കരാര്‍ വ്യവസ്ഥയില്‍ ഏകദേശം അമ്പതില്‍ പരം വീടുകള്‍ നിര്‍മ്മിച്ചു നല്‍കി.
എല്ലാ തൊഴിലുകളും ആസ്വദിച്ച് ചെയ്തിരുന്നതിനാല്‍ അവയില്‍ നിന്നെല്ലാം തികഞ്ഞ അനുഭവസമ്പത്ത് ആര്‍ജ്ജിക്കാന്‍ സാധിച്ചു എന്നുള്ളത് തന്നെയാണ് വഹാബ് വെളിയിലിന്റെ വിജയഫോര്‍മുല. കൂടാതെ നിരന്തരമായ യാത്രകളും അവന് നവോന്മേഷം നല്‍കുന്നു. ‘കെട്ടികിടക്കുന്നതെല്ലാം കെട്ടു പോവും,ഒഴുകിക്കൊണ്ടിരിക്കുന്നതെപ്പോഴും നവീകരിക്കപ്പെടും’ എന്നാണല്ലോ.വിവിധ ദേശങ്ങളിലൂടെയും ഭാഷകളിലൂടെയും സംസ്‌കാരങ്ങളിലൂടെയുമുള്ള യാത്രകളാണ് വഹാബിന്റെ വ്യക്തിത്വവികാസത്തിന് ഊര്‍ജ്ജം പകരുന്നത്. യാത്രകള്‍ക്കിടയില്‍ കണ്ട്മുട്ടുന്ന സൗഹൃദങ്ങളുമായും പൊതുജനങ്ങളുമായുമൊക്കെയുള്ള വ്യക്തിസമ്പര്‍ക്കങ്ങളില്‍ നിന്നും ജീവിതം എപ്പോഴും നവീകരിക്കപ്പെട്ട് കൊണ്ടേയിരിക്കുന്നു. അതിനിടയില്‍ കലയോടുളള അഭിനിവേശം മൂത്ത് അഭിനയരംഗത്തും ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ചില ചെറിയ റോളുകള്‍ ചെയ്തിരുന്നു.
രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ തല്‍പ്പരനായ വഹാബിന്, തന്റെ സംതൃപ്തമായ മുപ്പത്തൊന്നു വയസ്സിന്റെ ജീവിതാനുഭവങ്ങള്‍ സമ്മാനിച്ചത് കയ്പ്പും മധുരവും നിറഞ്ഞ വിസ്മരിക്കാനാവാത്ത ജീവിതപാഠങ്ങളാണ്. അത് മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കാനും യുവാക്കള്‍ക്ക് ജീവിതത്തെ കുറിച്ച് പ്രതീക്ഷ നല്‍കാനും തനിക്ക് ലഭിക്കുന്ന ട്രൈനിംഗ് പ്രോഗ്രാമുകള്‍ അവന്‍ പ്രയോജനപ്പെടുത്തുന്നു.
നിലവില്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തിരൂരങ്ങാടി നഗരസഭ യൂത്ത് കോഡിനേറ്റര്‍,തിരൂരങ്ങാടി സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍,നെഹ്‌റു യുവകേന്ദ്ര സംസ്ഥാന തല റിസോഴ്‌സ് പേഴ്‌സണ്‍,കേരള സ്റ്റേറ്റ് കുക്കിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി, ചുള്ളിപ്പാറ എഎംഎല്‍പി സ്‌കൂള്‍ പിടിഎപ്രസിഡന്റ്, ഉദയ സ്‌പോര്‍ട്‌സ് ക്ലബ്ബ്, ഗ്രാമപോഷിണി ലൈബ്രറി സമിതികളില്‍ എക്‌സിക്യൂട്ടീവ് അംഗം,ചെമ്മാട് നീതി മെഡിക്കല്‍ സ്റ്റോര്‍ ഡയറക്ടര്‍, ചിറക് യൂത്ത് ക്ലബ്ബ് നഗരസഭ തല ചെയര്‍മാന്‍, മുസ്ലിം യൂത്ത് ലീഗ് ചുള്ളിപ്പാറ ശാഖാ പ്രസിഡന്റ് എന്നിങ്ങനെ പലവിധ സ്ഥാനമാനങ്ങള്‍ വഹിച്ചിട്ടുള്ള വ്യക്തികൂടിയാണ് വഹാബ്.