തിരുവനന്തപുരം : ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമായി നടക്കുന്ന സാഹചര്യത്തില്‍ പുത്തന്‍ തട്ടിപ്പ് രീതിയെ കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ്. പരിചയത്തിലുള്ളവര്‍ക്ക് അയച്ച പാഴ്‌സലിന്റെ പേരില്‍ ഫോണില്‍ വിളിച്ച് പണം തട്ടുന്ന ഓണ്‍ലൈന്‍ സംഘം സജീവമാണെന്ന് കേരള പൊലീസ് പറയുന്നു. ഇത്തരത്തില്‍ തിരുവനന്തപുരത്ത് ഒരള്‍ക്ക് രണ്ടേകാല്‍ കോടി രൂപ നഷ്ടപ്പെട്ടമായതായി കേരള പൊലീസ് പറയുന്നു.
കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തട്ടിപ്പിന്റെ പുത്തന്‍ രൂപമാണിത്. പാഴ്‌സല്‍ അയച്ച് അതില്‍ എംഡിഎംഎ ഉണ്ടെന്നും നിങ്ങള്‍ അത് കടത്തിയതാണെന്നും കസ്റ്റംസ് തടഞ്ഞുവെച്ചിരിക്കുകയാണെന്നും പറഞ്ഞ് വിളിച്ച് അറിയിക്കും. തുടര്‍ന്ന് വിവിധ വകുപ്പുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പറയും. തുടര്‍ന്ന് നടക്കുക കേട്ടറിവില്ലാത്ത രീതിയിലുള്ള തട്ടിപ്പായിരിക്കും.
കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ;
നിങ്ങള്‍ സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ അയച്ച പാഴ്‌സലിന്റെ പേരില്‍ ഫോണില്‍ വിളിച്ച് പണം തട്ടുന്ന ഓണ്‍ലൈന്‍ സംഘം സജീവമാണ്.
കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ഇത്തരം തട്ടിപ്പിന് ഇരയായ ആള്‍ക്ക് നഷ്ടപ്പെട്ടത് രണ്ടേകാല്‍ കോടി രൂപയാണ്.
നിങ്ങളുടെ പേരും ആധാറും ഉപയോഗിച്ച് അയച്ച പാഴ്‌സ്‌ലിനുള്ളില്‍ എംഡിഎംഎ പോലുള്ള ലഹരി മരുന്നുകള്‍ കണ്ടെത്തിയെന്നും അത് നിങ്ങള്‍ കടത്തിയതാണെന്നുമാണ് തട്ടിപ്പുകാര്‍ നിങ്ങളെ ഫോണില്‍ വിളിച്ച് പറയുക. കസ്റ്റംസില്‍ പാഴ്സല്‍ തടഞ്ഞുവച്ചിട്ടുണ്ടെന്നും അവര്‍ അറിയിക്കും.
കസ്റ്റംസ് ഓഫീസര്‍, സൈബര്‍ ക്രൈം ഓഫീസര്‍ എന്നൊക്കെ പറഞ്ഞാവും തുടര്‍ന്ന് വരുന്ന കോളുകള്‍. ലഹരി കടത്തിയതിന് സിബിഐ , നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ തുടങ്ങിയ ഏജന്‍സികള്‍ നിങ്ങളുടെ പേരില്‍ കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പറയും. അതിനു തെളിവായി വ്യാജമായി നിര്‍മ്മിച്ച ഐഡി കാര്‍ഡ് , എഫ്‌ഐആര്‍ തുടങ്ങിയവ സ്‌കൈപ് , വാട്‌സാപ്പ് എന്നിവ വഴി അയച്ചു നല്‍കുന്നു.
തുടര്‍ന്ന് നിങ്ങള്‍ എന്തെങ്കിലും നിയമവിരുദ്ധ പ്രവൃത്തികള്‍ നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി അക്കൗണ്ടിലെ 75 % തുക ഉടന്‍ ഫിനാന്‍സ് ഡിപ്പാര്‍ട്‌മെന്റിലേക്ക് സറണ്ടര്‍ ചെയ്യണമെന്ന് ആവശ്യപ്പെടുന്നു. അതിനു തെളിവായി ഫിനാന്‍സ് വകുപ്പിന്റെ വ്യാജഅക്‌നോളജ്‌മെന്റ് രസീത് അയച്ചു നല്‍കുകയും ചെയ്യുന്നു.
തുടര്‍ന്നു വിളിക്കുന്നത് ഫിനാന്‍സ് വകുപ്പിലെ ഐപിഎസ് ഉദ്യോഗസ്ഥന്‍ എന്ന പേരിലാകും. വിവിധ വകുപ്പുകളിലേയ്ക്ക് തുക കൈമാറാന്‍ ഇവര്‍ പല അക്കൗണ്ടുകള്‍ അയച്ചുതരുകയും പണം അയയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ നിരവധി അക്കൗണ്ടുകളിലൂടെയാണ് അവര്‍ പണം തട്ടിയെടുക്കുന്നത്.
ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കുക. ഒരു അന്വേഷണ ഏജന്‍സിയും ഇത്തരത്തിലുള്ള യാതൊരു രേഖകളും നിങ്ങള്‍ക്ക് അയച്ചു തരില്ലെന്ന കാര്യം മനസ്സിലാക്കുക. അതുപോലെതന്നെ, അന്വേഷണത്തിന്റെ ഭാഗമായി പണവും ആവശ്യപ്പെടില്ല.
നിങ്ങള്‍ക്ക് ലഭിക്കുന്ന ഫോണ്‍ കോളില്‍ സംശയം തോന്നിയാല്‍ ഉടന്‍തന്നെ 1930 എന്ന സൈബര്‍ പോലീസിന്റെ ഹെല്‍പ്പ് ലൈനില്‍ ബന്ധപ്പെട്ട് വ്യക്തത വരുത്തുക, പരാതി നല്‍കുക.