പ്ലസ് വൺ അഡ്മിഷൻ കാത്തിരുന്ന വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി

പരപ്പനങ്ങാടി : പ്ലസ് വൺ അഡ്മിഷൻ കാത്തിരുന്ന വിദ്യാർഥിനിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. പരപ്പനങ്ങാടി പുത്തരിക്കൽ ജയകേരള റോഡ് സ്വദേശിനി പുതിയൻ്റകത്ത് മുഹമ്മദ് ബഷീർ, റാബിയ ദമ്പതികളുടെ മകൾ ഹാദി റുഷ്ദ (15) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം 5 മണിയോടെയാണ് സംഭവം. മുകൾ നിലയിലെ ബെഡ്‌ റൂമിലെ ജനൽ കമ്പിയിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിയ നിലയിൽ ആയിരുന്നു. സംഭവം ശ്രദ്ധയിൽ പെട്ട ബന്ധുക്കൾ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടക്കൽ മിംസ് ആശുപത്രി മോർച്ചറിയിൽ.

പ്ലസ് വൺ സീറ്റിനായുള്ള 2 അലോട്ട്മെൻ്റിലും സീറ്റ് ലഭിക്കാത്തതിലും, ഒപ്പം ഉള്ള വിദ്യാർത്ഥികൾക്കടക്കം അലോട്ട്മെൻ്റിൽ സീറ്റ് ലഭിച്ചതിനെ തുടർന്ന് കുട്ടിക്ക് വിഷമം ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞതായി പോലീസ് പറഞ്ഞു. കുട്ടിക്ക് നേരത്തെ ചെറിയ മാനസിക അസ്വസ്ഥതകൾ ഉണ്ടായിരുന്നതിനാൽ കൗണ്സിലിംഗ് നൽകിയിരുന്നതായും സി ഐ പറഞ്ഞു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

പരപ്പനങ്ങാടി എസ്.എൻ എം എച്ച്.എസ് എസ്. ൽ പത്താം തരത്തിൽ വിജയിച്ച് തുടർപഠനത്തിന് കാത്തിരിക്കുകയായിരുന്നു. 6 എ പ്ലസും ബാക്കി ബി പ്ലസുമായിരുന്നു എന്നു ബന്ധുക്കൾ പറഞ്ഞു. അതേസമയം, മരണകാരണം അഡ്മിഷൻ കിട്ടാത്തത് കൊണ്ടാണെന്നു സ്ഥിരീകരിച്ചിട്ടില്ല. മാനേജ്‌മെന്റ് സീറ്റ് ലഭിക്കുമെന്ന് ഉറപ്പു കിട്ടിയിരുന്നതായി ഒരു ബന്ധു തിരൂരങ്ങാടി ടുഡേ യോട് പറഞ്ഞു. കുട്ടിയും പിതാവുമൊന്നിച്ച് സ്കൂളിൽ പോയി മാനേജ്‌മെന്റിനെ കണ്ടിരുന്നതായും എവിടെയും അലോട്മെന്റിൽ കിട്ടിയില്ലെങ്കിൽ സീറ്റ് നൽകാം എന്നു അറിയിച്ചിരുന്നതായും ഇദ്ദേഹം പറഞ്ഞു.

error: Content is protected !!