Monday, August 18

കോട്ടക്കൽ ആശുപത്രി കെട്ടിടത്തിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി

കോട്ടക്കൽ: ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയുടെ ആറു നില കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത് മണിക്കൂറുകളോളം പരിഭ്രാന്തി പടർത്തി. ഒടുവിൽ യുവാവിനെ മലപ്പുറം അഗ്നിരക്ഷാ സേന അനുനയിപ്പിച്ചു താഴെ ഇറക്കി. ഇന്നലെ വൈകീട്ടോടെയാണ് മാനസികാസ്വസ്ഥതയുള്ള യുവാവ് വിഷം കഴിച്ചതിനാൽ ഭാര്യയോടൊപ്പം ചികിത്സക്ക് വേണ്ടി ആശുപത്രിയിൽ എത്തിയത്. രാത്രി 11 മണിയോടെ ആണ് ICU വിൽ നിന്ന് യുവാവ് ഓടിപ്പോയി ആശുപത്രിയുടെ മുകളിൽ കയറിയത്. കെട്ടിടത്തിന്റെ ഷീറ്റ് മേഞ്ഞ മുകൾ നിലയിലെ സീലിംഗ് പൊളിച്ചു അകത്തു കയറി അതിനുള്ളിലൂടെ പുറത്തെ അപകടകരമായ ചെരിഞ്ഞ സൺഷൈഡിലേക്ക് ഇറങ്ങിയാണ് യുവാവ് ആത്മഹത്യാഭീഷണി മുഴക്കിയത്. നാട്ടുകാരും ആശുപത്രി അധികൃതരും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മലപ്പുറം അഗ്നിരക്ഷാനിലയത്തിൽ നിന്ന് സേന എത്തി നാട്ടുകാരുടെ സഹായത്തോടെ താഴെ വല വിരിക്കുകയും ചെയ്തു. കെട്ടിടത്തിന് മുകൾ നിലയിൽ കയറി സേനാഗംങ്ങൾ ഒന്നര മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ ശാന്തനായ ഇയാളെ കയറിന്റെയും സുരക്ഷ ബെൽറ്റിന്റെയും സഹായത്തോടെ ഉള്ളിലേക്ക് കയറ്റാൻ ശ്രമം നടത്തിയെങ്കിലും കാൽ തെറ്റിയാൽ താഴേക്ക് പതിക്കുന്ന രീതിയിലുള്ള ചെരിഞ്ഞ സൺ ഷൈഡിൽ ഒരാൾക്ക് കൂടി നിൽക്കാൻ ഉള്ള സ്ഥലം ഇല്ലാത്തനിനാൽ വെന്റിലേഷനിലൂടെ കൈ പിടിച്ചു അകത്തു കടത്തുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ എം അബ്ദുൽഗഫൂറിന്റെ നേതൃത്വത്തിൽ സേനാഗംങ്ങൾ ആയ കെ പ്രതീഷ്, എൻ.ജംഷാദ് , കെ. മുഹമ്മദ്‌ ഷഫീക്, കെ. സി.മുഹമ്മദ്‌ ഫാരിസ്, പി. അഭിലാഷ്, ഹോം ഗാർഡ് എൻ. സനു എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

error: Content is protected !!