സകാത്ത് നൽകാനെന്ന് പറഞ്ഞു സ്വർണം വാങ്ങാനെത്തി, 6 ലക്ഷം രൂപയുടെ സ്വർണം വാങ്ങി പറ്റിച്ച യുവാവ് പിടിയിൽ

തിരൂരങ്ങാടി : ജ്വല്ലറികളിൽ നിന്ന് സ്വർണാഭരണങ്ങൾ വാങ്ങിയ ശേഷം പണം ട്രാൻസ്ഫർ ചെയ്ത വ്യാജ രേഖ കാണിച്ച് കബളിപ്പിച്ചു മുങ്ങുന്ന വിരുതൻ പൊലീസ് പിടിയിൽ. അരീക്കോട് കുഴിമണ്ണ സ്വദേശി പാലക്കപ്പറമ്പിൽ ഷബീറലിയെയാണ്(30) പൊലീസ് അറസ്റ്റ് ചെയ്തത്. ചെമ്മാട്ടെ ജ്വല്ലറിയിലും കോഴിക്കോട്ടെ ജ്വല്ലറിയിലുമാണ് തട്ടിപ്പ് നടത്തിയത്. തിങ്കളാഴ്ച വൈകുന്നേരമാണ് ചെമ്മാട് പരപ്പനങ്ങാടി റോഡിലെ എ കെ സി ജ്വല്ലറിയിൽ ഇയാൾ തട്ടിപ്പ് നടത്തിയത്. പതിനൊന്നര പവൻ സ്വർണം വാങ്ങിയ ശേഷം 6 ലക്ഷത്തോളം രൂപ എൻഇഎഫ്ടി ചെയ്തതായി ഉടമയെ അറിയിച്ചു. ഇതിന്റെ ഫോട്ടോ ഫോണിൽ കാണിച്ചു നൽകുകയും ചെയ്തു. ഇദ്ദേഹം പോയ ശേഷം നടത്തിയ പരിശോധനയിൽ അക്കൗണ്ടിൽ എത്തിയിട്ടില്ലെന്ന് മനസ്സിലായി.

ഇതേ തുടർന്ന് ഇയാളെ ഫോണിൽ വിളിച്ചപ്പോൾ തിരിച്ചു വരാമെന്നും പണം കയറിയ ശേഷം ആഭരണം തന്നാൽ മതിയെന്ന് പറഞ്ഞെങ്കിലും ഇയാൾ തിരിച്ചു വന്നില്ല. ഇയാളുടെ ഫോൺ ഓഫാക്കിയ നിലയിലായിരുന്നു. ഇതേതുടർന്ന് പൊലീസിൽ പരാതി നൽകി. ഇദ്ദേഹം വന്ന കാറിന്റെ നമ്പർ സിസിടിവിയിൽ നിന്നെടുത്ത് പൊലീസിന് നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ വാടകക്ക് എടുത്ത കാറാണിതെന്നും ഒരാൾ എടുത്തത് മറ്റൊരാൾ മുഖേന ഇയാളുടെ കൈവശം എത്തിയതെന്നും മനസ്സിലായി. ഇയാളെ കോഴിക്കോട് നിന്നും പിടികൂടി. ഇയാൾ

4 ദിവസം മുൻപ് കോഴിക്കോട്ടെ മലബാർ ഗോൾഡിലും ഇത്തരത്തിൽ തട്ടിപ്പ് നടത്തിയത്തിയതായി ജീവനക്കാർ പറഞ്ഞു. ഇവിടെ നിന്ന് 3 ലക്ഷത്തിലേറെ രൂപയുടെ ആഭരണം വാങ്ങി സമാന രീതിയിൽ തട്ടിപ്പ് നടത്തിയതായി വ്യക്തമായത്.

സകാത്ത് നൽകാനാണ് സ്വർണം എന്നാണ് ചെമ്മാട്ടെ ജ്വല്ലറിക്കാരോട് പറഞ്ഞിരുന്നത്. ഇതിനായി സ്വർണം നൽകുന്ന 14 പെട്ടികളും അധികമായി ചോദിച്ചു വാങ്ങിയതായി ജീവനക്കാർ പറഞ്ഞു.

ഇതിന് മുൻപ് വേങ്ങരയിലെ ജ്വല്ലറിയിലും തട്ടിപ്പ് നടത്തിയതായി പൊലീസ് പറഞ്ഞു. ഇദ്ദേഹത്തിന്റെ ഫോണിലെ ആപ്പ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്. അടുത്ത ദിവസത്തേക്ക് അക്കൗണ്ടിൽ നിന്ന് പണം ട്രാൻസ്ഫറാകുന്ന രീതിയിൽ ഷെഡ്യൂൾ ചെയ്ത് അത് ‘സക്സസ്ഫുൾ’ എന്നത് ഉടമകളെ കാണിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഇതിന് ശേഷം ഇയാൾ അത് കാൻസൽ ചെയ്യുകയും ചെയ്യും. ഇതാണ് തട്ടിപ്പ് രീതി. ഇത്തരത്തിൽ മറ്റു ജ്വല്ലറികളിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പോലീസ്.

error: Content is protected !!