Thursday, September 18

മോതിരം വാങ്ങാനെന്ന വ്യാജേന എത്തി സ്വർണ മാല കവർന്ന യുവതി പിടിയിൽ

കോഴിക്കോട് : മോതിരം വാങ്ങാനെന്ന വ്യാജേന എത്തി സ്വർണ മാല കവർന്ന യുവതി പിടിയിൽ.

ജീവനക്കാരെ സമർത്ഥമായി കബളിപ്പിച്ച്‌ സ്വർണം മോഷ്ടിച്ച യുവതിയെ പൊലീസ് അറസ്റ്റുചെയ്തു. കണ്ണൂർ ധർമ്മടം നടുവിലത്തറ സ്വദേശിനി ആയിഷ എന്ന നാല്‍പ്പത്തൊന്നുകാരിയാണ് പിടിയിലായത്.

വടകര മാഹി ബസലിക്കയ്ക്ക് സമീപത്തെ ശ്രീലക്ഷ്മി ജ്വല്ലറിയില്‍ കഴിഞ്ഞ 12-ാം തീയതിയാണ് സംഭവം. സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ യുവതി മൂന്ന് ഗ്രാം തൂക്കമുള്ള സ്വർണ മാല ജീവനക്കാരന്റെ കണ്ണുവെട്ടിച്ച്‌ കൈവശപ്പെടുത്തി കടന്നു കളയുകയായിരുന്നു.

മാഹി ബലസിക്കയ്ക്ക് സമീപത്തെ ജുവലറിയില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആയിഷ മാല അടിച്ചുമാറ്റിയത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.

സ്വർണമോതിരം വേണമെന്ന ആവശ്യവുമായാണ് ആയിഷ ജുവലറിയിലെത്തിയത്. ഈ സമയം മറ്റുജീവനക്കാരും സ്വർണം വാങ്ങാൻ ആളുകളും ഉണ്ടായിരുന്നു. ജീവനക്കാരൻ സ്വർണമോതിരങ്ങള്‍ കാണിക്കുന്നതിനിടെ മാലകളും വേണമെന്ന് ആയിഷ ആവശ്യപ്പെട്ടു. ഉടൻതന്നെ ജീവനക്കാരൻ മാലകള്‍ അടങ്ങിയ പെട്ടി ആയിഷയ്ക്ക് മുന്നില്‍ വച്ചു. മോതിരങ്ങളും മാലകളും പരിശോധിച്ചെങ്കിലും ഇഷ്ടപ്പെട്ട മോഡല്‍ കിട്ടിയില്ലെന്ന് ആയിഷ ജീവനക്കാരിയോട് പറഞ്ഞു.തുടർന്ന് ആഭരണങ്ങള്‍ ഷോക്കേസില്‍ വയ്ക്കുന്നതിനായി ജീവനക്കാരി തിരിയുന്നതിനിടെയാണ് ആരുടെയും കണ്ണില്‍പ്പെടാതെ മാല മോഷ്ടിച്ചത്. മറ്റാരും കണ്ടില്ലെങ്കിലും ആയിഷയുടെ തലയ്ക്കുമുകളില്‍ സ്ഥാപിച്ചിരുന്ന സിസിടിവി എല്ലാം കാണുന്നുണ്ടായിരുന്നു. ഇത് അവർ ശ്രദ്ധിച്ചുമില്ല. മോഷണം നടത്തിയശേഷം തൊട്ടടുത്തുള്ള ജുവലറികളില്‍ കൂടുതല്‍ മോഡല്‍ ഉണ്ടാവുമോ എന്ന് ജീവനക്കാരിയോടെ കുശലാന്വേഷണവും നടത്തിയാണ് ആയിഷ മടങ്ങിയത്.

കണക്ക് പരിശോധിക്കുന്നതിനിടെയാണ് മാല നഷ്ടമായ വിവരം ജുവലറി ഉടമയും ജീവനക്കാരും അറിയുന്നത്. തുടർന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷ്ടാവിനെ കണ്ടെത്തിയത്.

ജ്വല്ലറി ഉടമ പിലാക്കണ്ടി ശൈലേഷിന്റെ പരാതിയില്‍ സി.സി.ക്യാമറ പരിശോധിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് അഴിയൂരിലെ ക്വാട്ടേഴ്‌സില്‍ നിന്നു യുവതിയെ പിടികൂടിയത്.

കുഞ്ഞിപ്പള്ളി ജ്വല്ലറിയില്‍ വിറ്റ സ്വർണവും പോലീസ് കണ്ടെടുത്തു. മാഹി സിഐ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐ ജയശങ്കർ ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്‌ഐ വളവില്‍ സുരേഷ്, എഎസ്‌ഐ സി. വി. ശ്രീജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. മാഹി കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

error: Content is protected !!