
തിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭ 2025-26 സാമ്പത്തിക വര്‍ഷത്തേക്ക് അവതരിപ്പിച്ച ബജറ്റ് നിരാശാജനകമാണെന്നും, തിരൂരങ്ങാടിയുടെ വളര്‍ച്ചയ്ക്കാവശ്യമുള്ള യാതൊരു നിര്‍ദ്ദേശങ്ങളുമില്ലാത്തതാണെന്നും ആം ആദ്മി പാര്‍ട്ടി മണ്ഡലം കമ്മിറ്റി ആരോപിച്ചു.
കൂടുതല്‍ പദ്ധതികളും കഴിഞ്ഞ വര്‍ഷത്തേ പദ്ധതികള്‍ കേരി ഫോര്‍വേഡ്ഡ് പദ്ധതികളാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനിവാര്യ ചുമതലകളില്‍പ്പെട്ട മൈലിക്കല്‍ പൊതു ശ്മശാനം നവീകരണം നടത്തുമെന്ന് പ്രഖ്യാപനം വെറും കടലാസില്‍ ഒതുങ്ങി. നഗരസഭയിലെ 90% റോഡുകളുടെയും അവസ്ഥ വളരെയധികം ശോചനീയാവസ്ഥയിലാണ്. നഗരസഭ സ്ഥിതി ചെയ്യുന്ന ചെമ്മാട്ടാങ്ങാടിയിലെ ഗതാഗതക്കുരുക്കിന്ന് അറുതി വരുത്താന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുകയോ നടപടികള്‍ എടുക്കുകയോ ചെയ്തിട്ടില്ല. ഗതാഗതക്കുരുക്ക് കാരണം ബസ് സര്‍വീസുകള്‍ അനുവദിക്കാത്ത റൂട്ടുകളിലൂടെയാണ് ബസുകള്‍ ഓടിക്കുന്നത് ഇത് അപകടസാധ്യത വര്‍ദ്ധിപ്പിക്കുകയും പൊതുജനങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നുവെന്നും ഭാരവാഹികള്‍ പറഞ്ഞു.
തിരൂരങ്ങാടിയിലെ വെള്ളക്കെട്ട് അനുഭവിക്കുന്ന വില്ലേജിലെ 5 ല്‍ അധികം വാര്‍ഡുകളില്‍ താമസിക്കുന്ന 4000 ത്തോളം കുടുംബങ്ങള്‍ മഴക്കാലത്ത് അനുഭവിക്കുന്ന വെള്ളക്കെട്ട് പരിഹരിക്കാന്‍ യാതൊരു നടപടിയും ഈ ബജറ്റിലുമില്ല. സ്ഥലപരിമിതി മൂലം കഷ്ടപ്പെടുന്ന നഗരസഭയിലെ ഗവ:ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് ക്ലാസ് റൂമുകളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി ഒന്നും ചെയ്തിട്ടില്ല. പുതിയ അധ്യായന വര്‍ഷത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ കുട്ടികള്‍ ക്ലാസ് റൂമുകളുടെ അഭാവം മൂലം മുറ്റത്തിരുന്നു പഠിക്കേണ്ട അവസ്ഥയാണുള്ളത്. നഗരസഭയില്‍ ഒരു സ്റ്റേഡിയം എന്നതിന് യാതൊരു പ്രാധാന്യവും കല്‍പ്പിച്ചിട്ടില്ല എന്നും ഭാരവാഹികളായ മണ്ഡലം പ്രസിഡന്റ് മൂസാ ജാറത്തിങ്ങല്‍, സെക്രട്ടറി അബ്ദുല്‍ റഹിം പൂക്കത്ത് ഫൈസല്‍ ചെമ്മാട് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു