കാലിക്കറ്റിലെ ഹെര്‍ബേറിയത്തിന് ദേശീയാംഗീകാരം ; ഇന്ത്യയിലെ സര്‍വകലാശാലകളില്‍ ആദ്യം

കാലിക്കറ്റ് സര്‍വകലാശാലാ ബോട്ടണി പഠനവകുപ്പിലെ ഹെര്‍ബേറിയത്തിന് ദേശീയ ജൈവ വൈവിധ്യ അതോറിറ്റിയുടെ അംഗീകാരം. ഈ പദവി ലഭിക്കുന്ന ഇന്ത്യയിലെ 18-ാമതും സര്‍വകലാശാലകളിലെ ആദ്യത്തേതുമാണ് കാലിക്കറ്റിലേത്. ‘ CALI ‘ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഹെര്‍ബേറിയം 1968-ലാണ് ആദ്യപഠനവകുപ്പുകളില്‍ ഒന്നായി ബോട്ടണിയില്‍ സ്ഥാപിച്ചത്. 1979-ല്‍ തന്നെ അന്താരാഷ്ട്ര അംഗീകാരവും ലഭിച്ചു. ഒരു ലക്ഷത്തിലധികം സസ്യ സ്‌പെസിമനുകള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ഹോര്‍ത്തൂസ് മലബാറിക്കസില്‍ പ്രതിപാദിച്ച എല്ലാ സസ്യങ്ങളുടെയും അസല്‍ മാതൃകകളും ഇതില്‍ ഉള്‍പ്പെടും.

ദേശീയ അംഗീകാരം ലഭിക്കുന്നതോടെ സംസ്ഥാന-ദേശീയ ജൈവ വൈവിധ്യ ബോര്‍ഡുകളില്‍ നിന്നുള്ള ധനസഹായത്തിനും മറ്റ് ഹെര്‍ബേറിയങ്ങളുമായുള്ള സഹകരണത്തിനും സാധ്യതയേറും. രണ്ട് പതിറ്റാണ്ടിലേറെയായി ഹെര്‍ബേറിയം ക്യൂറേറ്ററുടെ ചുമതലകൂടി വഹിച്ചു വരുന്ന അസി. പ്രൊഫസര്‍ ഡോ. എ.കെ. പ്രദീപിന്റെ വിരമിക്കലിനോടനുബന്ധിച്ച് സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാറിലായിരുന്നു ദേശീയ അംഗീകാര പ്രഖ്യാപനം. ദേശീയ ജൈവ വൈവിധ്യ അതോറിറ്റി മുന്‍ സെക്രട്ടറി ജസ്റ്റിന്‍ മോഹന്‍ പ്രഖ്യാപനം നടത്തി.

രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അധ്യക്ഷത വഹിച്ചു. പഠനവകുപ്പ് മേധാവി ഡോ. സി.സി. ഹരിലാല്‍, ഡോ. സന്തോഷ് നമ്പി, ഡോ. എ.കെ. പ്രദീപ് എന്നിവര്‍ സംസാരിച്ചു. സെമിനാറിന്റെ സമാപനം സമ്മേളനത്തിൽ ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി ന്യൂഡൽഹിയിലെ സയൻ്റിസ്റ്റ് ഡോ. അരിന്ദം ഭട്ടാചാര്യ വിശിഷ്ടാഥിതിയായിരുന്നു. ഡോ. മഞ്ജു സി. നായർ നന്ദി പറഞ്ഞു. 

ഹെര്‍ബേറിയം

സസ്യ വര്‍ഗീകരണ ശാസ്ത്രത്തില്‍ ഒഴിച്ചുകൂടാനാവാത്തതാണ് ഹെര്‍ബേറിയം. ഇലയും പൂവും കായും ഉള്‍പ്പെടെയുള്ള സസ്യഭാഗങ്ങള്‍ ഉണക്കിയെടുത്ത് ശാസ്ത്രീയമായി സംരക്ഷിച്ച് സൂക്ഷിക്കുന്ന സ്ഥലമാണ് ഹെര്‍ബേറിയം. സസ്യശാസ്ത്ര പഠനത്തില്‍ പുതിയ ചെടികളുടെ ആധികാരികത ഉറപ്പാക്കുന്നതിനും താരതമ്യത്തിനും വിശദപഠനത്തിനുമെല്ലാം ഇവ പ്രയോജനപ്പെടുത്തുന്നു. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സസ്യശാസ്ത്രജ്ഞര്‍ കാലിക്കറ്റിലെ ‘ കാലി ‘ ഹെര്‍ബേറിയത്തെ ആശ്രയിക്കാറുണ്ട്.

error: Content is protected !!