വൈദ്യുതി മേഖലയെ സ്വകാര്യവത്കരിക്കാനുള്ള നടപടി : ഒരു മണിക്കൂര്‍ പണിമുടക്കി ജീവനക്കാര്‍

തിരൂരങ്ങാടി : ജനുവരി 1 മുതല്‍ ചണ്ഡിഗഡ് വൈദ്യുതി വകുപ്പിനെ സ്വകാര്യ കമ്പനിയാക്കാനുള്ള തീരുമാനത്തിനെതിരെയും തെലുങ്കാന, യു പി സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന സ്വകാര്യവത്കരണ നടപടികള്‍ക്കെതിരെയും തൊഴിലാളികള്‍ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി വൈദ്യുതി ജീവനക്കാരും പെന്‍ഷന്‍കാരും കരാര്‍ ജീവനക്കാരും നാഷണല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്‍ഡ് എഞ്ചിനീയര്‍സ് ( എന്‍ സി സി ഒ ഇ ഇ ഇ ) നേതൃത്വത്തില്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ 1 മണി വരെ പണിമുടക്കം നടത്തി. പണിമുടക്കം നടത്തിയ ജീവനക്കാര്‍ തിരൂരങ്ങാടി ഡിവിഷന്‍ ഓഫീസിനു മുന്നില്‍ ഒത്തുകൂടി പ്രതിഷേധ യോഗം ചേര്‍ന്നു.

പ്രതിഷേധ യോഗം കെ എസ് ഇ ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ( സി ഐ ടി യു ) സംസ്ഥാന ജോയിന്റ് സെക്രട്ടറി രമേഷ് വി ഉദ്ഘാടനം ചെയ്തു. കേരള ഇലക്ട്രിസിറ്റി ഓഫീസഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന നേതാവ് മധുസൂദനന്‍ കെ അധ്യക്ഷത വഹിച്ചു.

ഓഫീസഴ്‌സ് അസോസിയേഷന്‍ ജില്ല കമ്മിറ്റി അംഗം ഇ പി പ്രമോദ്, എസ് ടി യു ജില്ല പ്രസിഡന്റ് ജലീല്‍ പി ടി, വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എ ഐ ടി യു സി ) നേതാവ് അബ്ദുല്‍ അസിസ്, തുടങ്ങിയവര്‍ സംസാരിച്ചു. വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഡിവിഷന്‍ സെക്രട്ടറി ജയരാജ് എം പി സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം അനില്‍കുമാര്‍ വി നന്ദിയും പറഞ്ഞു.

error: Content is protected !!