Wednesday, April 8

ബിജെപി വോട്ടിന് പണം നൽകുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വിട്ട് കോൺഗ്രസ് പ്രവർത്തകർ

പാലക്കാട് കണ്ണാടി മേഖലയിലെ തരുവാകുറിശ്ശിയില്‍ ബിജെപി പ്രവര്‍ത്തകര്‍ വോട്ടിന് പണം നല്‍കിയതായി ആരോപണം.
പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന് ഒപ്പം ഉണ്ടായിരുന്ന സ്ത്രീയാണ് പണം നല്‍കിയത്. പണം നല്‍കുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തരുവാകുറിശ്ശിയില്‍ ഒരു മരണവീട്ടില്‍ എത്തിയതായിരുന്നു ശോഭാ സുരേന്ദ്രനും പ്രവര്‍ത്തകരും. ശേഷം ശോഭാ സുരേന്ദ്രന്‍ തിരികെ കാറില്‍ കയറി. ഇതിനിടെ ശോഭാ സുരേന്ദ്രനൊപ്പമുണ്ടായിരുന്ന സ്ത്രീ മരണ വീടിന് സമീപമുണ്ടായിരുന്ന വീട്ടിലെ വയോധികയുടെ കയ്യില്‍ പണംവെച്ചു നല്‍കുകയായിരുന്നു. സംശയം തോന്നി വീട്ടില്‍ പോയി പരിശോധിച്ചപ്പോള്‍ വയോധികയുടെ കയ്യില്‍ അയ്യായിരം രൂപ ഉണ്ടായിരുന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.

സ്ഥാനാര്‍ത്ഥിക്ക് ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകയോട് ഇത് ശരിയല്ലെന്നും പണം നല്‍കി വോട്ട് ചോദിക്കരുതെന്നും പറഞ്ഞുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. അത് ശരിവെച്ച്‌ അവര്‍ കാറില്‍ കയറി. ഈ സമയം ശോഭാ സുരേന്ദ്രന്‍ കാറില്‍ ഉണ്ടായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചതോടെ ശോഭ സുരേന്ദ്രന്‍ എതിര്‍ത്തതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. കോണ്‍ഗ്രസ് പകര്‍ത്തിയ ദൃശ്യത്തില്‍ തങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തേണ്ടതില്ലെന്നും അടിച്ച്‌ കരണക്കുറ്റി പൊട്ടിക്കുമെന്നും ശോഭ പറയുന്നത് കേള്‍ക്കാം. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഫോണ്‍ ശോഭ പിടിച്ചുവാങ്ങാനും ശ്രമിച്ചിരുന്നു. ശോഭാ സുരേന്ദ്രനൊപ്പം മുന്‍ പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരനും ഉണ്ടായിരുന്നു.

സംഭവത്തിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥലത്തെത്തി. പണം ലഭിച്ച വയോധികയുടെ മൊഴി രേഖപ്പെടുത്താനാണ് തീരുമാനം. സംഭവത്തില്‍ ഡിജിപി റവാഡ ചന്ദ്രശേഖര്‍ ജില്ലാ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടി. ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഡിജിപി അറിയിച്ചു. വോട്ടിന് പണം ആരോപണത്തില്‍ നിയമ നടപടി സ്വീകരിക്കാനാണ് യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും തീരുമാനം.

എന്നാൽ ശോഭ സുരേന്ദ്രൻ ആരോപണം നിഷേധിച്ചു.

എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ ആരോപണം പൂർണമായും തള്ളി കോണ്‍ഗ്രസ് പ്രവർത്തകർ രംഗത്തെത്തി. ശോഭാ സുരേന്ദ്രനോട് മോശം ആംഗ്യം കാണിച്ചിട്ടില്ലെന്നും വോട്ടറായ വയോധികയ്ക്ക് പണം നല്‍കിയതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നത് കൈയ്യോടെ പിടിക്കപ്പെട്ടതിന്റെ ജാള്യത മറക്കാൻ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും കോണ്‍ഗ്രസ് പ്രവർത്തകർ തിരിച്ചടിച്ചു. അവിചാരിതമായാണ് പണം കൊടുക്കുന്നത് കണ്ടത്. നേരത്തെ ഇവരുടെ വാഹനത്തെ ഫോളോ ചെയ്തിരുന്നുവെന്നത് ആരോപണം മാത്രമാണ്. പണം കൊടുക്കുന്നത് കണ്ടപ്പോള്‍ വീഡിയോ എടുത്തു. ഇത് മനസിലായപ്പോഴാണ് ശോഭ അശ്ലീല ആംഗ്യം കാണിച്ചുവെന്ന ആരോപണം ഉയർത്തുന്നത്. കാറിലുണ്ടായിരുന്നു സ്ത്രീയാണ് പണം ശോഭയ്ക്ക് കൊടുത്തത്. ഈ സ്ത്രീ പാലക്കാടുള്ളതല്ലെന്നും കോണ്‍ഗ്രസ് പ്രവർത്തകർ വ്യക്തമാക്കി. പാലക്കാട് കണ്ണാടിയിലാണ് സംഭവം.

error: Content is protected !!