കണ്ണൂര്‍ : കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കുന്നിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നവീനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് സംഭവം.
കണ്ണൂരില്‍ നിന്നും സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാന്‍സ്ഫര്‍ ലഭിച്ച നവീന്‍ ബാബു ഇന്ന് പത്തനംതിട്ടയിലേക്ക് ട്രെയിനില്‍ ജോലിക്ക് പോകേണ്ടതായിരുന്നു. എന്നാല്‍ ഇന്ന് രാവിലത്തെ ട്രെയിനില്‍ കയറിയില്ലെന്ന് കണ്ട് ബന്ധുക്കള്‍ കണ്ണൂരില്‍ വിവരമറിയിക്കുകയായിരുന്നു. താമസ സ്ഥലത്ത് പരിശോധിച്ചപ്പോഴാണ് വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഇന്നലെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ക്ഷണിക്കാതിരുന്നിട്ടും അവിടേക്ക് നാടകീയമായി കടന്നുവന്നാണ് അവര്‍ ജില്ലാ കലക്ടറുള്‍പ്പെടെ ഉണ്ടായിരുന്ന വേദിയില്‍വച്ച് നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. ചെങ്ങളയിലുള്ള പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയതില്‍ അഴിമതി നടത്തിയെന്നായിരുന്നു പ്രസിഡന്റ് യാത്രയയപ്പ് യോഗത്തില്‍ ആരോപിച്ചത്.
സ്ഥലം മാറ്റം വന്നതിന് ശേഷം രണ്ട് ദിവസം മുന്‍പ് ചെങ്ങളായിയില്‍ പെട്രോള്‍ പമ്പിന് അനുമതി നല്‍കിയെന്നും അത് എങ്ങനെയെന്ന് തനിക്കറിയാമെന്നും പറഞ്ഞ ദിവ്യ, രണ്ട് ദിവസത്തിനുള്ളില്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും പറഞ്ഞു. ഇതില്‍ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് വിവരം.