Wednesday, July 16

ഊരകം നെല്ലിപ്പറമ്പ് വളവില്‍ റോഡ് ഇടിഞ്ഞ ഭാഗം കെട്ടി പൊക്കുന്നതിന് 98.5 ലക്ഷം രൂപയുടെ ഭരണാനുമതി

വേങ്ങര : ഊരകം കുറ്റാളൂര്‍ – കാരാത്തോട് എം എല്‍ എ റോഡില്‍ ഊരകം നെല്ലിപ്പറമ്പ് വളവില്‍ റോഡ് ഇടിഞ്ഞ ഭാഗം കെട്ടി പൊക്കുന്നതിന് പൊതുമരാമത്ത് വകുപ്പില്‍ നിന്ന് 98.5 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി കെ കുഞ്ഞാലിക്കുട്ടി എം എല്‍ എ അറിയിച്ചു. കഴിഞ്ഞ വര്‍ഷമുണ്ടായ ഇടമഴയെ തുടര്‍ന്നാണ് യുടേണ്‍ വളവും ഇറക്കവുമുള്ള ഈ ഭാഗത്ത് റോഡിന്റെ ഒരു ഭാഗം താഴ്ചയിലേക്ക് അടര്‍ന്ന് വീണത്. തുടര്‍ന്ന് ഒരു ഭാഗത്ത് ടാര്‍ വീപ്പകള്‍വച്ച് ഗതാഗതം നിയന്ത്രിച്ചുവിടുകയായിരുന്നു. അതിനിടെ കഴിഞ്ഞ ആഴ്ചയിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് താഴ്ചയില്‍ നിന്ന് കെട്ടി പൊക്കിയ റോഡിന്റെ കൂടുതല്‍ ഭാഗങ്ങള്‍ കൂടി അടര്‍ന്ന് വീഴുകയായിരുന്നു.

എം എല്‍ എ യുടെ ഇടപെടലിനെ തുടര്‍ന്ന് അടിയന്തിര പരിഹാരം എന്ന നിലയില്‍ പൊതുമരാമത്ത് വകുപ്പ് ചാക്കില്‍ മണ്ണ് നിറച്ച് താല്‍ക്കാലിക സംരക്ഷണ ഭിത്തി നിര്‍മ്മിച്ചാണ് ഗതാഗതം ഭാഗികമായി പുനരാരംഭിച്ചത്. ടെണ്ടര്‍ നടപടികള്‍ വേഗത്തിലാക്കി പൂര്‍ത്തീകരിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ ഓവുചാല്‍ , സംരക്ഷണ ഭിത്തി എന്നിവ പൂര്‍ത്തിയാക്കി ഗതാഗതം പൂര്‍ണമായി പുനഃസ്ഥാപിക്കാനും യാത്രക്കാരുടെ ആശങ്ക പരിഹരിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എല്‍ എ പറഞ്ഞു.

error: Content is protected !!