
തിരൂരങ്ങാടി: ഏറെ നാളത്തെ ഇടവേളക്ക് ശേഷം തിരൂരങ്ങാടി ഗവ: താലൂക്ക് ആശുപത്രിയിൽ ത്വക്ക് രോഗ വിഭാഗത്തിൽ ഡോക്ടർ എത്തി. കഴിഞ്ഞ എട്ട് മാസമായി താലൂക്ക് ആശുപത്രി ത്വക്ക് രോഗ വിഭാഗത്തിൽ ഡോക്ടർ ഇല്ലാത്തതിനാൽ ഇവിടെയെത്തുന്ന രോഗികൾ പ്രയാസത്തിലായിരുന്നു. തിരുവനന്തപുരത്ത് നിന്നുമുള്ള ഡോ: അപർണയാണ് ഇപ്പോൾ താലൂക്ക് ആശുപത്രിയിൽ ത്വക്ക് രോഗ വിഭാഗത്തിൽ ചാർജ്ജെടുത്തിരിക്കുന്നത്.
തിരൂരങ്ങാടി ഗവ: താലൂക്ക് ആശുപത്രിയിൽ ഉണ്ടായിരുന്ന ത്വക്ക് രോഗ ഡോക്ടർ ഒഴിഞ്ഞ് പോയതിന്റെ ശേഷം പകരം ഡോക്ടറെ നിയമിച്ചിട്ടില്ലായിരുന്നു. ദിനം പ്രതി രണ്ടായിരത്തിലേറെ രോഗികൾ ആശുപത്രിയിൽ ചികിൽസക്കായി എത്തുന്നുണ്ട്. ത്വക്ക് രോഗ വിഭാഗത്തിൽ ഡോക്ടർ ഇല്ലാത്തതിനാൽ സാധാരണക്കാരായവരടക്കം ഇവിടെ എത്തുന്ന രോഗികൾക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിലായിരുന്നു.
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഒഴിവുകൾ വന്ന ത്വക്ക് രോഗ വിഭാഗത്തിലേക്കും ആശുപത്രി സുപ്രണ്ട് സ്ഥാനത്തേക്കും അടിയന്തിരമായി ആളെ നിയമിക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തകനായ അഷ്റഫ് കളത്തിങ്ങൽ പാറ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: ആർ.രേണുക മുഖേന ആരോഗ്യ വകുപ്പ് മന്ത്രിക്കും ആരോഗ്യ വകുപ്പ് ഡയറക്ടർക്കും കഴിഞ്ഞ ദിവസം നിവേദനം നൽകിയിരുന്നു. ഇതിനെ തുടർന്ന് ആരോഗ്യ വകുപ്പ് മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നൽകിയ നിർദേശത്തെ തുടർന്നാണ് ത്വക്ക് രോഗ വിഭാഗത്തിലേക്ക് ഡോക്ടറെ നിയമിച്ചിട്ടുള്ളത്.
ഒഴിവ് വന്ന സുപ്രണ്ട് പദവിയിലേക്ക് ഉടനെ നിയമനം ഉണ്ടാവുമെന്നും ആവശ്യമായ നിർദേശം ആരോഗ്യ വകുപ്പ് ഡയക്ടർക്ക് നൽകിയിട്ടുണ്ടെന്നും മന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിച്ചിട്ടുണ്ടെന്നും അഷ്റഫ് കളത്തിങ്ങൽ പാറ പറഞ്ഞു.