
കൊച്ചി: ഷവര്‍മ കഴിച്ചതിനു പിന്നാലെ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ട് ഗുരുതരവാസ്ഥയിലായ യുവാവ് മരിച്ചു. കോട്ടയം തീക്കോയി മനക്കാട്ട് രാഹുല്‍ ഡി.നായരാണ് (22) മരിച്ചത്. കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെന്റിലേറ്റര്‍ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു രാഹുല്‍. കെഎസ്ഇബി റിട്ട. ഓവര്‍സിയറും കെടിയുസി (എം) പാലാ ടൗണ്‍ മണ്ഡലം സെക്രട്ടറിയുമായ ചെമ്പിളാവ് ചിറക്കരക്കുഴിയില്‍ കെ.കെ.ദിവാകരന്‍ നായരുടെയും എം.പി.സില്‍വിയുടെയും മകനാണ്.
പാഴ്‌സല്‍ വാങ്ങിയ ഷവര്‍മ കഴിച്ചതിന് ശേഷമാണ് രാഹുലിന്റെ ആരോഗ്യസ്ഥിതി മോശമായതെന്നാണ് സൂചന. 18 ന് മാവേലിപുരത്തെ ഹോട്ടലില്‍നിന്ന് ഓണ്‍ലൈന്‍ ഓര്‍ഡറിലൂടെ വരുത്തിയ ഷവര്‍മ കഴിച്ചതിനു ശേഷമാണു രാഹുല്‍ അവശനിലയിലായതെന്ന് ബന്ധുക്കള്‍ പറഞ്ഞു. 19ന് ചികിത്സ തേടിയ ശേഷം താമസസ്ഥലത്തു മടങ്ങിയെത്തിയ രാഹുല്‍ അവശനിലയിലായതിനെ തുടര്‍ന്ന് 22ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആന്തരികാവയവങ്ങള്‍ക്ക് തകരാറും, രണ്ടുതവണ ഹൃദയാഘാതവും ഉണ്ടായി. രക്ത പരിശോധന ഫലം വന്നാലേ മരണകാരണം വ്യക്തമാകൂ.
പരാതി ഉയര്‍ന്ന ഹോട്ടല്‍ തൃക്കാക്കര നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പൂട്ടിയിരുന്നു. ഇവിടെ നിന്ന് ഭക്ഷണ സാംപിളുകളും അധികൃതര്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ബന്ധുക്കളുടെ പരാതിയില്‍ തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.
സഹോദരങ്ങള്‍: കാര്‍ത്തിക്, ഭവ്യ. സംസ്‌കാരം പിന്നീട്.