താനൂര്‍ കസ്റ്റഡി കൊലപാതകം ; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ശരിവച്ച് എയിംസ്

താനൂര്‍ : താനൂര്‍ കസ്റ്റഡി മരണക്കേസില്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ തയാറാക്കിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സിബിഐയുടെ മെഡിക്കല്‍ ബോര്‍ഡ് അംഗീകരിച്ചതായി സൂചന. താമിര്‍ ജിഫ്രി ക്രൂരമര്‍ദനത്തിന് ഇരയായെന്നും പോലിസുകാരുടെ മര്‍ദ്ദനമാണ് മരണത്തിലേക്ക് നയിച്ചതെന്നുമുള്ള പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടത്തലുകള്‍ ശരിവച്ച് എയിംസ് റിപോര്‍ട്ട്. ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) വിദഗ്ധരാണ് പരിശോധിച്ചതെന്നാണു വിവരം. സിബിഐ സംഘമാണ് ഡല്‍ഹി എയിംസിന്റെ സഹായം തേടിയത്. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടും മറ്റ് പരിശോധന ഫലങ്ങളുമാണ് സിബിഐ സംഘം വിദഗ്ധ പരിശോധനയ്ക്ക് അയച്ചത്. താമിര്‍ ജിഫ്രിയുടെ മരണത്തിന് മര്‍ദനവും കാരണമായെന്നാണ് മഞ്ചേരി മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് വിഭാഗം മേധാവി തയാറാക്കിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സ്വീകരിക്കുന്നതിനു മുന്നോടിയായുള്ള സിബിഐ അന്വേഷണ സംഘത്തിന്റെ നടപടിക്രമമാണിത്. ഇതിന്റെ ഭാഗമായി പോസ്റ്റ്‌മോര്‍ട്ടം സമയത്ത് എടുത്ത ഫോട്ടോകള്‍, ഫൊറന്‍സിക് സര്‍ജന്റെ കുറിപ്പുകള്‍, ഡിജിറ്റല്‍ രേഖകള്‍ തുടങ്ങിയവ വിദഗ്ധ സംഘത്തിന് അയച്ചുകൊടുത്തതായി വിവരമുണ്ട്. ഇതുള്‍പ്പെടെ പരിശോധിച്ചാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തലുകള്‍ മെഡിക്കല്‍ ബോര്‍ഡ് ശരിവച്ചതെന്നറിയുന്നു.

ലഹരിവസ്തുക്കളുമായി പിടിയിലായ മമ്പുറം സ്വദേശിയായ താമിര്‍ ജിഫ്രി താനൂര്‍ പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കെയാണ് കുഴഞ്ഞുവീണു മരിച്ചത്. ഡാന്‍സാഫ് സംഘമാണ് താമിറടക്കമുള്ളവരെ പിടികൂടിയത്. സംഘം താമിറിനെ പൊലീസ് ക്വാര്‍ട്ടേഴ്‌സിലും മറ്റുമായി മര്‍ദിച്ചതായാണു കണ്ടെത്തല്‍. പോസ്റ്റ്‌മോര്‍ട്ടത്തിനിടെ താമിറിന്റെ വയറ്റിനുള്ളില്‍നിന്ന് കവറിലാക്കിയതും പൊട്ടിയ നിലയിലുള്ളതുമായ രാസലഹരി കണ്ടെത്തിയിരുന്നു. ഇതടക്കം ശരീരത്തില്‍ അമിതമായി ലഹരിവസ്തു കലര്‍ന്നതും മര്‍ദനവും മരണകാരണമായെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

നേരത്തേ, താമിര്‍ ജിഫ്രിയുടെ കസ്റ്റഡി കൊലപാതകം അന്വേഷിക്കുന്ന സിബിഐ നാല് പോലിസുകാരെ അറസ്റ്റ് ചെയ്ിരുന്നു. പ്രതികളുടെ മര്‍ദനത്തിലാണ് താമിര്‍ ജിഫ്രി കൊല്ലപ്പെട്ടതെന്ന് സിബിഐ റിമാന്റ് റിപോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. താമിറിന്റെ ആന്തരികായവയവങ്ങളില്‍ ലഹരി മരുന്നിന്റെ അംശങ്ങള്‍ കണ്ടെത്തിയെങ്കിലും അത് മരണകാരണമായിട്ടില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നുണ്ട്. കേസില്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ പങ്കും സിബിഐ അന്വേഷിക്കുന്നുണ്ട്. പോലിസ് ഉന്നതരുടെ ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെ പരിശോധിച്ചായിരിക്കും സിബിഐ അന്വേഷണം. മറ്റൊരു സബ് ഡിവിഷനല്‍ പരിധിയില്‍ നിന്നാണ് ഡാന്‍സാഫ് സംഘം താമിര്‍ ജിഫ്രിയെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്തത് എസ്പി സുജിത് ദാസ്, ഡിവൈഎസ്പി വി വി ബെന്നി എന്നിവരുടെ അനുമതിയില്ലാതെ കഴിയില്ലെന്നാണ് സിബിഐയുടെ നിഗമനം.

2023 ആഗസ്ത്ത് ഒന്നിനാണ് പോലിസ് കസ്റ്റഡിയിലിരിക്കെ താമിര്‍ ജിഫ്രി കൊല്ലപ്പെട്ടത്. കുടുംബം നടത്തിയ നിയമ പോരാട്ടത്തിന് ഒടുവിലാണ് കേസ് സിബിഐ അന്വേഷിക്കുന്നത്.

error: Content is protected !!