Thursday, September 18

കരിപ്പൂര്‍ വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണവും വിദേശ കറന്‍സിയും ഇ-സിഗരറ്റുകളും ഐ ഫോണുകളും പിടികൂടി ; മലപ്പുറം സ്വദേശികളടക്കം 5 പേര്‍ പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണവും വിദേശ കറന്‍സിയും ഇ-സിഗരറ്റുകളും ഐ ഫോണുകളും എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. സംഭവത്തില്‍ രണ്ട് മലപ്പുറം സ്വദേശികളും മൂന്ന് കാസര്‍കോട് സ്വദേശികളെയും കസ്റ്റംസ് പിടികൂടി.

ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയായ യാത്രക്കാരനില്‍ നിന്നാണ് 1079 ഗ്രാം തൂക്കം വരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. 76.30 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

മറ്റൊരു കേസില്‍ 500 രൂപയുടെ 120 സൗദി റിയാലുകള്‍ എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സിഐഎസ്എഫിന്റെ സഹായത്തോടെ പിടികൂടി. 12.60 ലക്ഷം രൂപ വിലമതിക്കുന്ന 60,000 സൗദി റിയാലുകളാണ് സൗദി അറേബ്യയിലേക്ക് പറക്കാനായി നിന്ന കാസര്‍കോട് സ്വദേശിയായ യാത്രക്കാരനില്‍ നിന്നും പിടിച്ചെടുത്തത്.

ദുബായില്‍ നിന്ന് എത്തിയ കാസര്‍കോട് സ്വദേശികളായ രണ്ട് യാത്രക്കാരില്‍ നിന്ന് 1.1 ലക്ഷം രൂപ വിലമതിക്കുന്ന 9780 ഗോള്‍ഡ് ഫ്‌ലേക്ക് ബ്രാന്‍ഡ് സിഗരറ്റുകളും ദുബായില്‍ നിന്ന് കോഴിക്കോട് എത്തിയ എടച്ചേരി സ്വദേശിയായ ഒരു യാത്രക്കാരന്‍ കടത്താന്‍ ശ്രമിച്ച 8000 ഡേവിഡ് ഓഫ് വൈറ്റ് സ്ലിം ബ്രാന്‍ഡ് സിഗരറ്റുകളും 15 ഇ-സിഗരറ്റുകളും പിടിച്ചെടുത്തു. ഇതിന് 3.45 ലക്ഷം രൂപ വിലമതിക്കും. പരിശോധനയില്‍ പിടിച്ചെടുത്ത സാധനങ്ങള്‍, സിഗരറ്റ് വസ്തുക്കള്‍ എന്നിവ പൂര്‍ണമായും കണ്ടുകെട്ടി.

മറ്റൊരു കേസില്‍ അബുദാബിയില്‍ നിന്ന് എത്തിയ മലപ്പുറത്ത് നിന്നുള്ള യാത്രക്കാരനില്‍ നിന്നും 4 ഐഫോണ്‍ 15 പ്രോ മാക്സ് (256 ജിബി) പിടികൂടി. വിപണിയില്‍ ഇതിന് ആകെ 6 ലക്ഷം രൂപ വിലമതിക്കും

error: Content is protected !!