AIYF നന്നമ്പ്ര വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തി

തിരൂരങ്ങാടി: പൊതു ജന സൗകര്യാർത്ഥം വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുക, സർക്കാർ ഭൂമി അളന്ന് തിട്ടപ്പെടുത്തി അതിർത്തി നിർണയിക്കുക, വില്ലേജ് ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കുക, അശാസ്ത്രീയ കെട്ടിട നിർമ്മാണത്തിന് കൂട്ട് നിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക, വില്ലേജിലെ ഏജന്റ് വൽക്കരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് എ.ഐ.വൈ.എഫ് നന്നമ്പ്ര മേഖലാ കമ്മിറ്റി വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. തിരൂരങ്ങാടി തഹസിൽദാർക്ക് ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് നൽകിയ പരാതിയിൽ നടപടി സ്വീകരിക്കാതിരുന്നതിനാലാണ് പ്രതിഷേധങ്ങൾക്ക് വഴിവെച്ചതെന്ന് എ.ഐ.വൈ.എഫ് നേതാക്കൾ പറഞ്ഞു

തെയ്യാല പെട്രോൾ പമ്പ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് വില്ലേജ് ഓഫീസ് കോംബൗണ്ടിൽ പോലീസ് തടഞ്ഞു.

വില്ലേജ് ജീവനക്കാർക്ക് താമസ സൗകര്യം ഒരുക്കുന്നതിന് വേണ്ടി റവന്യൂ വകുപ്പ് അനുവദിച്ച 25 ലക്ഷം രൂപക്കയാണ് കഴിഞ്ഞ മെയ് മാസം കെട്ടിട നിർമാണം പൂർത്തീകരിച്ചത്. വില്ലേജിലേക്കുള്ള പ്രധാന വഴി അടച്ച് അശാസ്ത്രീയമായിട്ടാണ് കെട്ടിട നിർമാണം പൂർത്തീകരിച്ചിട്ടുള്ളത്. വില്ലേജിലേക്കുള്ള പ്രധാന വഴി അടഞ്ഞതോടെ ആളുകൾ ചുറ്റി തിരിഞ്ഞ് എത്തേണ്ട സാഹചര്യമാണ് നില നിൽക്കുന്നത്. ഇത്തരത്തിലുള്ള നിർമിതി മൂലം ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധി മുട്ടിന് പരിഹാരമെന്നോണം വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കണമെന്നും. വില്ലേജിലെ പാസ് വേർഡ് ഏജന്റുമാർ കൈകാര്യം ചെയ്യുന്നത് ഗൗരവത്തോടെ കാണണമെന്നും എ.ഐ.വൈ.എഫ് ആവശ്യപ്പെട്ടു.

എ.ഐ.വൈ.എഫ് ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ എം.പി സ്വാലിഹ് തങ്ങൾ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി എ.മണി അധ്യക്ഷം വഹിച്ചു. സി.പി.ഐ തിരൂരങ്ങാടി മണ്ഡലം അസി: സെക്രട്ടറി മോഹനൻ നന്നമ്പ്ര, എ.ഐ.ടി.യു.സി നേതാവ് എസ്.ആർ റെജിനോൾഡ്, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി വിവേക് എം, ബാബു.സി, ബൈജു പി.കെ, കബീർ കഴിങ്ങിലപ്പടി തുടങ്ങിയവർ സംസാരിച്ചു. മേഖല പ്രസിഡന്റ് സഭിലാഷ്‌ കെ.പി സ്വാഗതവും കെ.അജയ് വിഷ്ണു നന്ദിയും പറഞ്ഞു.

യൂനസ് കൊടിഞ്ഞി,അജയകുമാർ.ടി, മുസ്തഫ.മാളിയേക്കൽ,ശഫീഖ് മദാരി,ജിനീഷ്.പി തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

error: Content is protected !!