ചോദ്യത്തിന് കോഴ ആരോപണം ; മെഹുവാ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കി : നടന്നത് വസ്ത്രക്ഷേപം ഇനി കാണാന്‍ ഇരിക്കുന്നത് മഹാഭാരത യുദ്ധമെന്ന് എംപി

ന്യൂഡല്‍ഹി: ചോദ്യത്തിന് കോഴ ആരോപണത്തില്‍ തൃണമൂല്‍ എംപി മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കി. എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേല്‍ ശബ്ദവോട്ടോടെയാണ് മഹുവ മൊയ്ത്രയെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്. ചോദ്യത്തിന് പണം വാങ്ങിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ മഹുവയെ പാര്‍ലമെന്റില്‍ നിന്ന് നീക്കണമെന്നാണ് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നത്. മഹുവ മൊയ്ത്രയെ പുറത്താക്കുന്നതിനുള്ള വോട്ടെടുപ്പില്‍ പ്രതിപക്ഷം പങ്കെടുത്തില്ല. 2005ല്‍ ഇത്തരത്തില്‍ 11 ലോക്‌സഭാ അംഗങ്ങളെ പുറത്താക്കിയിരുന്നു.

നേരത്തെ എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് ലോക്സഭയില്‍ വച്ചു. പന്ത്രണ്ടു മണിക്ക് സഭ പുനരാരംഭിച്ചപ്പോഴാണ് എത്തിക്‌സ് കമ്മിറ്റി അധ്യക്ഷന്‍ വിജയ് സോങ്കര്‍ റിപ്പോര്‍ട്ട് സഭയില്‍ വച്ചത്. എന്നാല്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ രണ്ടു മണിവരെ നിര്‍ത്തി വച്ചതിനാല്‍ റിപ്പോര്‍ട്ടിന്മേല്‍ മറ്റു നടപടികളിലേക്ക് നടന്നില്ല. വസ്ത്രക്ഷേപമാണ് ഇപ്പോള്‍ നടക്കുന്നതെന്നും മഹാഭാരത യുദ്ധമാണ് ഇനി കാണാന്‍ ഇരിക്കുന്നതെന്നും മഹുവ മൊയ്ത്ര പ്രതികരിച്ചു.

മഹുവ മൊയ്ത്രയെ പുറത്താക്കിയതോടെ പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. നേരത്തെ ബിജെപി അംഗങ്ങള്‍ക്ക് പാര്‍ട്ടി വിപ്പ് നല്‍കിയിരുന്നു.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 15നാണ് ലോക്‌സഭയില്‍ ചോദ്യം ചോദിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് പണംവാങ്ങിയെന്ന ആരോപണം ബിജെപി പാര്‍ലമെന്റില്‍ ഉന്നയിച്ചത്. ഇതിന് പിന്നാലെ പാര്‍ലമെന്റിലെ ഔദ്യോഗിക ഇ-മെയില്‍ പാസ്‌വേഡ് മഹുവ തനിക്കു പങ്കുവച്ചിരുന്നുവെന്ന വെളിപ്പെടുത്തല്‍ ദര്‍ശന്‍ ലോക്‌സഭ എത്തിക്‌സ് കമ്മിറ്റിക്ക് സത്യവാങ്മൂലം നല്‍കി.

എന്നാല്‍ പാര്‍ലമെന്റ് ലോഗിന്‍ വ്യവസായിക്കു കൈമാറിയിരുന്നെന്നും പക്ഷെ ഇതിനായി പണം കൈപ്പറ്റിയിട്ടില്ലെന്നും മഹുവ വ്യക്താക്കി. നവംബര്‍ രണ്ടിന് മഹുവ എത്തിക്‌സ് കമ്മിറ്റിക്കു മുന്നില്‍ ഹാജരായി. അതിരുവിട്ട ചോദ്യങ്ങള്‍ ചോദിച്ചുവെന്നാരോപിച്ച് കമ്മിറ്റിയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.

അതേസമയം, അദാനിക്കെതിരായ പോരാട്ടം തുടരുമെന്ന് മഹുവ മൊയ്ത്ര പ്രതികരിച്ചു. തെളിവില്ലാതെയാണ് തനിക്കെതിരായ നടപടിയെന്നും മഹുവ ആരോപിച്ചു. അദാനിക്കെതിരെ സംസാരിച്ചതിനാണ് തന്നെ പുറത്താക്കിയത്. അടുത്ത 30 വര്‍ഷം പാര്‍ലമെന്റിന് അകത്തും പുറത്തും പോരാട്ടം തുടരുമെന്ന് മഹുവ മൊയ്ത്ര പറഞ്ഞു.

error: Content is protected !!