‘ അമ്മ ‘ പിരിച്ചു വിട്ടു ; മോഹന്‍ലാല്‍ അടക്കമുള്ള മുഴുവന്‍ ഭാരവാഹികളും രാജിവച്ചു

Copy LinkWhatsAppFacebookTelegramMessengerShare

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനും താരങ്ങള്‍ക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങള്‍ക്കും പിന്നാലെ താരസംഘടനയായ ‘അമ്മ’ പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കമുള്ള മുഴുവന്‍ ഭാരവാഹികളും രാജിവച്ചു. 17 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും പിരിച്ചുവിട്ടു. ഇന്നു ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം.

നേരത്തെ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ധീഖ് രാജിവച്ചിരുന്നു. അതിനു പിന്നാലെ ഭാരവാഹികളായ ബാബുരാജ്, സുരാജ് വെഞ്ഞാറമൂട് അടക്കമുള്ള നിരവധി താരങ്ങള്‍ക്ക് നേരെ ആരോപണം ഉയര്‍ന്നിരുന്നു. പിന്നാലെ അമ്മ സംഘടനയില്‍ തന്നെ ഭിന്നിപ്പുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതിനു പിന്നാലെ ഒരു വിഭാഗം അംഗങ്ങള്‍ രാജി സന്നദ്ധത അറിയിച്ച് രംഗത്തെത്തി. നിലവിലെ വിവാദങ്ങള്‍ കടുക്കുന്നതിനിടെയാണ് അംഗങ്ങളുടെ ഈ നീക്കം.

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് ‘അമ്മ’ സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്വം മുന്‍നിര്‍ത്തി രാജി വെയ്ക്കുന്നുവെന്നാണ് മോഹന്‍ലാല്‍ പുറത്ത് വിട്ട വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചത്.

രണ്ട് മാസത്തിനുള്ളില്‍ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കും. ‘അമ്മ’ ഒന്നാം തീയതി നല്‍കുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നല്‍കിപ്പോരുന്ന സഹായവും ‘അമ്മ’യുടെ സമാദരണീയരായ അംഗങ്ങള്‍ക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും. ‘അമ്മ’യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങള്‍. എല്ലാവര്‍ക്കും നന്ദി, വിമര്‍ശിച്ചതിനും തിരുത്തിയതിനും’. രാജിവെച്ചുകൊണ്ടുള്ള മോഹന്‍ലാലിന്റെ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!