കൊണ്ടോട്ടി : നഗരസഭയില്‍ നടപ്പിലാക്കുന്ന അമൃത് ശുദ്ധജല വിതരണ പദ്ധതിയുടെ പ്രഖ്യാപനവും ഒന്നാം ഘട്ടം കണക്ഷന്‍ നല്‍കലും മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമി ഹാളില്‍ ടി വി ഇബ്രാഹിം എം എല്‍ എ നിര്‍വഹിച്ചു. ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ ശുദ്ധജല ലഭ്യത നഗരസഭയിലെ മുഴുവന്‍ കുടുംബങ്ങളിലും ഉറപ്പു വരുത്തി വരും നാളുകളില്‍ ജലക്ഷാമം പരിഹരിക്കാന്‍ പദ്ധതി കൊണ്ട് സാധിക്കുമെന്ന് എം എല്‍ എ പറഞ്ഞു.
16.69 കോടി ചെലവില്‍ മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുക. 108 കോടി രൂപ ചെലവഴിച്ച് കിഫ്ബി ശുദ്ധജല വിതരണ ലൈന്‍ പ്രവര്‍ത്തി പൂര്‍ത്തീകരിച്ച് കമ്മീഷന്‍ ചെയ്ത ഇടങ്ങളിലാണ് ആദ്യഘട്ടത്തില്‍ കണക്ഷന്‍ നല്‍കുന്നത്.
നഗര പ്രദേശങ്ങളില്‍ നടപ്പിലാക്കുന്ന അമൃത് 2.0 പദ്ധതിയിലൂടെ നഗരസഭാ പരിധിയിലെ 14000 കുടുംബങ്ങള്‍ക്ക് സൗജന്യ ശുദ്ധജല കണഷനുകള്‍ നല്‍കാന്‍ കഴിയും. 2023 മുതല്‍ 2025 വരെയുള്ള മൂന്നുവര്‍ഷങ്ങളിലായാണ് പദ്ധതി പൂര്‍ത്തീകരിക്കുക. ആദ്യ ഘട്ടമായി നഗരസഭയിലെ ഒന്നു മുതല്‍ പത്ത് വാര്‍ഡുകളിലെ വീടുകളില്‍ ശുദ്ധജലമെത്തിക്കാന്‍ സാധിക്കും. ഇതിനായ് ചീക്കോട് കുടിവെള്ള പദ്ധതിയിലെ ജലമാണ് ഉപയോഗിക്കുക.
പരിപാടിയില്‍ നഗരസഭാധ്യക്ഷ സി ടി ഫാത്തിമത്ത് സുഹറാബി അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷന്‍ സനൂപ് മാസ്റ്റര്‍, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ എ. മുഹിയുദ്ദീന്‍ അലി, അഷ്‌റഫ് മടാന്‍ , സി.മിനിമോള്‍ , അബീന പുതിയറക്കല്‍, റംല കൊട വണ്ടി വാഡ് കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കെ. ഡബ്ല്യൂ എ മലപ്പുറം സൂപ്രണ്ടിങ് എജിനീയര്‍ എ.ആര്‍ ഷീജ, നഗരസഭാ സെക്രട്ടറി എച്ച് സീന, ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.