Thursday, July 17

സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ വീണ ചെരിപ്പെടുക്കാന്‍ ശ്രമിക്കുന്നതിനിടെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു ; റിപ്പോര്‍ട്ട് തേടി വിദ്യാഭ്യാസ മന്ത്രി : രണ്ടുതലത്തില്‍ അന്വേഷണം നടത്താന്‍ തീരുമാനം

കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുനാണ് (13) മരിച്ചത്. സ്‌കൂള്‍ കെട്ടിടത്തിലെ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരിപ്പെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ വിഭ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അന്വേഷണത്തിന് ഉത്തരവിട്ടു. രണ്ടുതലത്തില്‍ അന്വേഷണം നടത്താന്‍ തീരുമാനം. ചീഫ് ഇക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറും കെഎസ്ഇബിയും സംഭവം അന്വേഷിക്കും. വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം അതീവ ദുഃഖകരമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫീസര്‍മാരോട് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. സ്‌കൂള്‍ കെട്ടിടത്തിനോട് ചേര്‍ന്ന് സൈക്കിള്‍ വെക്കാനായി ഇരുമ്പ് ഷീറ്റ് പാകിയ ഷെഡ് നിര്‍മ്മിച്ചിരുന്നു. ഈ ഷെഡിന്റെ മുകളിലേക്ക് ചെരുപ്പ് വീണു. ഇത് എടുക്കാനായി കയറിയതായിരുന്നു മിഥുന്‍. കാല്‍ തെന്നിപ്പോയപ്പോള്‍ മുകളിലൂടെ പോകുന്ന ത്രീ ഫേസ് വൈദ്യുതി കമ്പിയില്‍ സ്പര്‍ശിക്കുകയും ഷോക്കേല്‍ക്കുകയുമായിരുന്നു. ഇലക്ട്രിക് ലൈന്‍ താഴ്ന്നു കിടക്കുകയായിരുന്നു.

ഉടന്‍ തന്നെ സ്‌കൂള്‍ അധികൃതരും സഹപാഠികളും ചേര്‍ന്ന് മിഥുനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കെഎസ്ഇബിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് പരിശോധിക്കാമെന്നായിരുന്നു വൈദ്യുതി മന്ത്രിയുടെ പ്രതികരണം. വാര്‍ത്തയില്‍ കണ്ടവിവരം മാത്രമേയുള്ളൂവെന്ന് മന്ത്രി പറഞ്ഞു. സ്‌കൂള്‍ മാനേജ്‌മെന്റ് അപേക്ഷ നല്‍കിയിട്ടില്ലെന്നും കെഎസ്ഇബി വ്യക്തമാക്കുന്നുണ്ട്.

error: Content is protected !!