എല്‍പിജിയില്‍ വെള്ളവും മായവും കലര്‍ത്തി ഉപഭോക്താക്കളെ കബളിപ്പിക്കുന്ന മാഫിയക്കെതിരെ അന്വേഷണം നടത്തണം : ധര്‍ണ്ണാസമരവുമായി കേരള സ്‌റ്റേറ്റ് ടാങ്ക് ലോറി വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു

തിരൂരങ്ങാടി : ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ചേളാരിയിലെ ബോട്ട്‌ലിങ് പ്ലാന്റില്‍ നിന്ന് ഏജന്‍സികളിലേക്ക് കൊണ്ട് പോകുന്ന പാചക വാതക സിലിണ്ടറുകളില്‍ ദ്രവ വസ്തുക്കള്‍ കലര്‍ത്തി ഉപഭോക്താക്കളെ കബളിപ്പിക്കുന്ന മാഫിയക്കെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കേരള സ്‌റ്റേറ്റ് ടാങ്ക് ലോറി വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു ഐഒസി ചേളാരി ബോട് ലിംഗ് പ്ലാന്റ് കമ്പനിക്കുമുന്‍പില്‍ വ്യാഴാഴ്ച ധര്‍ണ്ണാസമരം നടത്തുന്നു. രാവിലെ 7 മുതല്‍ 9 വരെയാണ് സമരം.

സിലിണ്ടറുകളില്‍ നിന്ന് പാചക വാതകം ചോര്‍ത്തി ബാക്കി വെള്ളമോ മറ്റ് മായങ്ങളോ ചേര്‍ത്ത് ഏജന്‍സികളില്‍ എത്തിക്കുന്ന സംഭവങ്ങളെ കുറിച്ച് നിരവധി പരാതികള്‍ നല്കിയിരുന്നെങ്കിലും ഇതുവരെ അന്വേഷണം നടത്തി കുറ്റക്കാരെകണ്ടെത്താത്തതിനാലും നിരപരാധികളായ ലോറി ഡ്രൈവര്‍മാരെ ബലിയാടാക്കി യഥാര്‍ത്ഥകുറ്റവാളികളെ സംരക്ഷിക്കാന്‍ നീക്കം നടത്തുന്നതിലും പ്രതിഷേധിച്ചു കൊണ്ട് അടിയന്തിര അന്വേഷണം ആവശ്യപ്പെട്ടാണ് സമരമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ഈ മാഫിയ പൊതുജനസുരക്ഷക്കെതിരെ പ്രവര്‍ത്തിക്കുന്നതിനാലും ഏജന്‍സികളുടെയും കമ്പനിയുടെയും സത്‌പേരിന് കളങ്കം വരുത്തുന്നതിനാലും സത്യസന്ധരായ തൊഴിലാളികളെ സംശയത്തിന്റ നിഴലിലിക്കുന്നതിനാലും ഇത്തരക്കാരുടെ പ്രവര്‍ത്തനം നിയമത്തിന്റെ അന്വേഷണപരിധിയില്‍ കൊണ്ടുവരേണ്ടതുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. ഇതുമായി ബന്ധമില്ലാത്ത മുഴുവന്‍ തൊഴിലാളികളും ധര്‍ണ്ണാസമരത്തില്‍പങ്കെടുക്കുന്നതിനാല്‍ രണ്ടുമണിക്കൂര്‍ ലോഡുമായി പോകുന്നതല്ലെന്ന് ഭാരവാഹികള്‍ കമ്പനിയെ അറിയിച്ചു.

error: Content is protected !!