വയനാട്ടിൽ വീണ്ടും വാഹനാപകടം; കൊണ്ടോട്ടി സ്വദേശികളായ ഉമ്മയും 2 മക്കളും മരിച്ചു

കൽപ്പറ്റ : വയനാട് വീണ്ടും അപകടം, മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ സ്വദേശികളായ 3 പേർ മരിച്ചു. വൈത്തിരിയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഉമ്മയും 2 ആണ്മക്കളും മരിച്ചു. കാർ യാത്രികരായ കൊണ്ടോട്ടി കുഴിമണ്ണ സ്വദേശികളായ ആമിന, മക്കളായ ആദിൽ, അബ്ദുല്ല എന്നിവരാണ് മരിച്ചത്. ഒരു കുടുംബത്തിലെ ആറു പേരാണ് കാറിലുണ്ടായിരുന്നതെന്നാണ് വിവരം. ആമിനയുടെ ഭർത്താവ് ഉമ്മറാണ് കാർ ഓടിച്ചിരുന്നത്.

ഇന്ന്‌ രാവിലെ ആറരയോടെയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് അറിയുന്നത്. അപകടത്തിനു തൊട്ടുപിന്നാലെ കാറിലുണ്ടായിരുന്ന ആറു പേരെയും ഗുരുതര പരുക്കുകളോടെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മൂന്നു പേർ മരണത്തിനു കീഴടങ്ങി.

കോഴിക്കോടു ഭാഗത്തേക്കു പോവുകയായിരുന്ന കാർ, തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്കു പോവുകയായിരുന്ന കെഎസ്ആർടിസിയുടെ സ്കാനിയ ബസുമായാണ് കൂട്ടിയിടിച്ചത്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് നിയന്ത്രണം നഷ്ടമായി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് സൂചന. രണ്ടു പേരുടെ മൃതദേഹം കൈനാട്ടി ജനറൽ ആശുപത്രിയിലും ഒരാളുടെ മൃതദേഹം വൈത്തിരി ആശുപത്രിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്.

ഇന്നലെ തിരൂരങ്ങാടിയിൽ നിന്ന് കുടുംബസമേതം വയനാട്ടിലേക്ക് പോയവർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് യുവപണ്ഡിതനായ അധ്യാപകൻ മരിച്ചിരുന്നു. കൊളപ്പുറം ഗവ.ഹൈസ്കൂളിലെ അധ്യാപകനും തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയുമായ കെ.ടി. ഗുൽസാർ ആണ് മരിച്ചത്. ഗുൽസാറിന്റെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം തിരൂരങ്ങാടി വലിയ പള്ളിയിൽ ഖബറടക്കും. മൃതദേഹം ഉച്ചയ്ക്ക് 3 ന് കൊളപ്പുറം സ്കൂളിലും തിരൂരങ്ങാടി യതീംഖാന യിലും പൊതു ദർശനത്തിന് വെക്കും.

error: Content is protected !!