Monday, July 14

കോട്ടക്കൽ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ വീണ്ടും ട്വിസ്റ്റ്, ഇത്തവണ സിപിഎം വോട്ട് ലീഗിന്

കോട്ടയ്ക്കൽ : കോട്ടയ്ക്കൽ നഗരസഭാ ഭരണം വീണ്ടും മുസ് ലിം ലീഗിന്. സിപിഎം അംഗം ലീഗിന് വോട്ട് ചെയ്തു, ഒരാൾ വിട്ടു നിന്നു.

നഗരസഭാധ്യക്ഷയായി മുസ്ലിം ലീഗിലെ ഡോ.കെ.ഹനീഷയെ തിരഞ്ഞെടുത്തു. 19 അംഗങ്ങളുള്ള ലീഗിന് 20 വോട്ട് ലഭിച്ചു. ഒരു സിപിഎം അംഗം ലീഗിന് വോട്ട് ചെയ്തു. മറ്റൊരു അംഗം വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു.

സിപിഎമ്മിന് 9 കൗൺസിലർമാരുണ്ടെങ്കിലും സ്ഥാനാർഥി സനില പ്രവീണിന് 7 വോട്ട് മാത്രമാണ് ലഭിച്ചത്. ഒരംഗം ലീഗ് സ്ഥാനാർഥിക്കു വോട്ട് ചെയ്തപ്പോൾ മറ്റൊരംഗം വോട്ടെടുപ്പിന് എത്തിയില്ല. 2 ബിജെ പി അംഗങ്ങൾ വിട്ടുനിന്നു. ഉപാധ്യക്ഷന്റെ തിരഞ്ഞെടുപ്പ് ഉച്ചയ്ക്കുശേഷം നടക്കും.
ലീഗിലെ വിഭാഗീയതയെത്തുടർന്ന് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടതുപ്രകാരം, നഗരസഭാധ്യക്ഷയായിരുന്ന യു. ബുഷ്റ ഷബീറും ഉപാധ്യക്ഷൻ പി.പി.ഉമ്മറും നവംബറിൽ രാജിവച്ചിരുന്നു. തുടർന്നു കഴിഞ്ഞമാസം നടന്ന തിരഞ്ഞെടുപ്പിൽ ഔദ്യോഗിക വിഭാഗത്തെ തോൽപിച്ച്
സിപിഎം പിന്തുണയോടെ ലീഗ് വിമതരായ മുഹ്സിന പൂവൻമഠത്തിലും പി.പി.ഉമ്മറും അധ്യക്ഷയും ഉപാധ്യക്ഷനുമായി. എന്നാൽ, സംസ്ഥാന നേതൃത്വവുമായി നടത്തിയ ചർച്ചയെത്തുടർന്ന് ഇവർ ഒരാഴ്ചയ്ക്കകം രാജിവച്ചതോടെയാണ് വീണ്ടും തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

error: Content is protected !!