
തേഞ്ഞിപ്പലം : 2025-26 അധ്യയന വര്‍ഷത്തെ കാലിക്കറ്റ് സര്‍വ്വകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെ പി.ജി./ഇന്റഗ്രേറ്റഡ് പി.ജി., സര്‍വകലാശാല സെന്ററുകളിലെ എം.സി.എ., എം.എസ്.ഡബ്ല്യു., ബി.പി.എഡ്., ബി.പി.ഇ.എസ്. ഇന്റഗ്രേറ്റഡ്, അഫിലിയേറ്റഡ് കോളേജുകളിലെ എം.പി.എഡ്., ബി.പി.എഡ്., ബി.പി.ഇ.എസ്. ഇന്റഗ്രേറ്റഡ്, എം.എസ്.ഡബ്ല്യു., എം.എസ്.ഡബ്ല്യു(Disaster Management) എം.എ. ജേര്‍ണലിസം & മാസ് കമ്യൂണിക്കേഷന്‍, എം.എസ്.സി. ഹെല്‍ത്ത് & യോഗ തെറാപ്പി, എം.എസ്.സി ഫോറന്‍സിക് സയന്‍സ് എന്നീ പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന പൊതു പ്രവേശന പരീക്ഷയ്ക്കായി (CU-CET) ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 2025 ഏപ്രില്‍ 15ന് അവസാനിക്കും. പരീക്ഷയ്ക്കായി തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും. .ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍/ബി.പി.എഡ്.എന്നിവയ്ക് അവസാന സെമസ്റ്റര്‍/വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍ക്ക് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാവു ന്നതാണ്. പ്രവേശന സമയത്ത് നിശ്ചിത അടിസ്ഥാന യോഗ്യത നേടിയിരിക്കണം. മൊത്തം പ്രോഗ്രാമുകള 6 സെഷനുകളായി തിരിച്ചാണ് പരീക്ഷ നടത്തുക. അപേക്ഷകരുടെ യോഗ്യത അനുസരിച്ച് ഒരേ അപേക്ഷയില്‍ തന്നെ ഒരു സെഷനില്‍ നിന്നും ഒരു പ്രോഗ്രാം എന്ന നിലയ്ക്ക് പരമാവധി 6 പ്രോഗ്രാമുകള്‍ വരെ തിരഞ്ഞെടുക്കാവുന്നതാണ്. ഓരോ പ്രോഗ്രാമിനും ജനറല്‍ വിഭാഗത്തിന് 610/- രൂപയും എസ്.സി./എസ്.ടി. വിഭാഗത്തിന് 270/- രൂപയുമാണ് (എല്‍.എല്‍.എം. പ്രോഗ്രാമിന് ജനറല്‍ വിഭാഗത്തിന് 830/- രൂപയും എസ്.സി./എസ്.ടി. വിഭാഗത്തിന് 390/- രൂപയുമാണ്) അപേക്ഷാ ഫീസ്. ഓരോ അധിക പ്രോഗ്രാമിനും 90 രൂപ അടക്കേണ്ടതാണ്. വിജ്ഞാപനം ചെയ്തിരിക്കുന്ന പ്രോഗ്രാമിന് അഫിലിയേറ്റഡ് കോളേജുകളിലെ മാനേജ്‍മെന്റ് സീറ്റുകള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം സീറ്റുകളിലേക്കുമുള്ള പ്രവേശനം പ്രവേശന പരീക്ഷ റാങ്ക‍് ലിസ്റ്റില്‍ നിന്ന് മാത്രമായിരിക്കും നടത്തുക. ആയതിനാല്‍ പ്രവേശന പരീക്ഷ റാങ്ക‍് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമേ പൊതു പ്രവേശന പരീക്ഷ മുഖാന്തരമുള്ള പ്രോഗ്രാമുകളില്‍ പ്രവേശനം ലഭിക്കുകയുള്ളൂ. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിന്റെ ആദ്യ ഘട്ടത്തില്‍ CAP IDയും പാസ്‍വേഡും മൊബൈലില്‍ ലഭ്യമാകുന്നതിനുവേണ്ടി അപേക്ഷകര്‍ http://admission.uoc.ac.in -> CU-CET എന്ന ലിങ്കില്‍ അവരുടെ അടിസ്ഥാന വിവരങ്ങള്‍ നല്‍കേണ്ടതാണ്. ഓൺലൈൻ രജിസ്‌ട്രേഷന്റെ തുടക്കത്തിൽ മൊബൈൽ നമ്പർ ഓ.ടി.പി (One Time Password) വെരിഫിക്കേഷൻ നടപ്പിലാക്കിയിട്ടുണ്ട്. ആയതിനാല്‍ രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ അവരുടെതോ, അല്ലെങ്കില്‍ രക്ഷിതാവിന്റെയോ ഫോണ്‍ നമ്പര്‍ മാത്രമേ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സമയത്ത് നല്‍കാവൂ. തുടർന്ന് മൊബൈലില്‍ ലഭിച്ച CAP ID യും പാസ്‍വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷ പൂര്‍ത്തീകരിക്കേണ്ടതാണ്. അപേക്ഷയുടെ അവസാനമാണ് രജിസ്‌ട്രേഷൻ ഫീസ് അടയ്‌ക്കേണ്ടത്. Final Submit & Pay എന്ന ബട്ടൺ ക്ലിക് ചെയ്യുന്നതിന് മുൻപേ അപേക്ഷയിൽ നൽകിയ വിവരങ്ങൾ ശരിയാണെന്ന് പരിശോധിച്ച് ഉറപ്പാക്കേണ്ടതാണ്. അപേക്ഷാ ഫീസ് അടച്ചതിനുശേഷം അപേക്ഷകര്‍ അവരുടെ ജില്ല, പരീക്ഷാ കേന്ദ്രം എന്നിവ തിരഞ്ഞെടുത്ത് അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുക്കേണ്ടതാണ്. പ്രന്റ്ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂര്‍ണ്ണമാകുകയുള്ളൂ. പ്രിന്റ് ഔട്ടില്‍ രേഖപ്പെടുത്തിയ കോളേജ്, പ്രോഗ്രാം, റിസര്‍വേഷന്‍ തുടങ്ങിയ വിവരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്.
പ്രവേശന പരീക്ഷ തിയ്യതി, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തിയ്യതി, പ്രവേശനം ആരംഭിക്കുന്ന തിയ്യതി തുടങ്ങിയ വിശദാംശങ്ങള്‍ സര്‍വ്വകലാശാല വെബ്സൈറ്റില്‍ പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്. പ്രവേശന വിജ്ഞാപനത്തിനും പ്രോസ്പെക്ടസിനും മറ്റ് വിശദവിവരങ്ങള്‍ക്കും വെബ്‍സൈറ്റ് (admission.uoc.ac.in) സന്ദര്‍ശിക്കുക.