അറബി ഭാഷക്കും സാഹിത്യത്തിനും മികച്ച സംഭാവനകൾ നൽകി ; അറബി ഗ്രന്ഥകാരൻ അബൂ ആയിശ മുഹമ്മദ് ബാഖവിയെ ആദരിച്ചു

കോഴിക്കോട്: അറബി ഗ്രന്ഥകാരനും പ്രഗൽഭ പണ്ഡിതനുമായ എം കെ അബൂ ആഇശ മുഹമ്മദ് ബാഖവിയെ ആദരിച്ചു. ‘അറബി വ്യാകരണശാസ്ത്രത്തിന്റെ ചരിത്രപരിണാമ ഘട്ടങ്ങൾ’ എന്ന പ്രമേയത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി അറബിക് ഡിപ്പാർട്മെന്റും ജാമിഅ മദീനതുന്നൂർ അറബിക് ഡിപ്പാർട്മെന്റും സംയുക്തമായി സംഘടിപ്പിച്ച ദേശീയ സെമിനാറിൽ വെച്ചായിരുന്നു ആദരവ്.

അറബി ഭാഷക്കും സാഹിത്യത്തിനും മികച്ച സംഭാവനകൾ നൽകി കേരളത്തിൽ നിന്നും അറബി ഭാഷ രചനയിൽ മികവ് തെളിയിച്ചതിനാണ് ഈ അംഗീകാരം. മലപ്പുറം ജില്ലയിലെ കിഴിശ്ശേരി മുണ്ടംപറമ്പ് നിവാസിയായ എം കെ അബൂ ആഇശ മുഹമ്മദ് ബാഖവി നഹ്‌വ്, സ്വർഫ്, തജ്‌വീദ്, മആനി, മൻത്വിഖ്, ഫലഖ്, വാസ്തു, മൗലിദ്, ഫിഖ്ഹ്, താരീഖ്, തസ്വവ്വുഫ്‌ തുടങ്ങിയ മേഖലകളിലായി നാൽപ്പതിലധികം അറബി ഗ്രന്ഥങ്ങളുടെ രചന നിർവഹിച്ചിട്ടുണ്ട്.

ഉപ്പയായ കുഞ്ഞഹമ്മദ് മുസ്‌ലിയാർ, വിളയൂർ മുഹമ്മദ് കുട്ടി ബാഖവി, കിടങ്ങഴി അബ്ദു റഹ്മാൻ മുസ്‌ലിയാർ തുടങ്ങിയ പ്രഗത്ഭ പണ്ഡിതരുടെ ശിഷ്യണത്തിലാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ഉപരിപഠനത്തിനായി വെല്ലൂർ ബാഖിയാത്തിൽ എത്തിയ ശേഷം, ശൈഖ് ഹസൻ ഹസ്രത്, അബ്ദു റഹ്‌മാൻ കുട്ടി മുസ്‌ലിയാർ ഫള്ഫരി, തുടങ്ങിയ ഉസ്താദുമാരെയും അദ്ദേഹത്തിന് ലഭിച്ചു.

അർഹമായ അംഗീകാരം ലഭിക്കാതെ പോയ അതിസമർത്ഥരായ നിപുണർ നമുക്കിടയിൽ ധാരാളമുണ്ടെന്നും അവരെ കണ്ടെത്തലും അവർക്ക് ദൃശ്യത നൽകലും അവരുടെ അറിവിനെയും കഴിവിനെയും ബഹുമാനിക്കുന്നതിന്റെ ഭാഗം കൂടെയാണ് എന്ന് ജാമിഅ മദീനത്തുന്നൂർ ഫൗണ്ടർ കം റെക്ടർ ഡോ. എ പി മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി പങ്കുവെച്ചു.

സൂക്ഷ്മതയും വിനയവും ആത്മാർത്ഥതയും കൈമുതലാക്കിയ മുഹമ്മദ് ബാഖവി, ഇന്നും വിജ്ഞാന മേഖലയിൽ സ്ഥിരോത്സാഹിയായി അധ്യാപനവും രചനയും തുടർന്നുകൊണ്ടേയിരിക്കുന്നു. അബൂബക്കർ കാമിൽ സഖാഫി അഗത്തി, അലി ഫൈസി പാവണ്ണ, മുഹമ്മദ് കുട്ടി സഖാഫി ചെറുവാടി തുടങ്ങിയവർ ശിഷ്യരിൽ പ്രമുഖരാണ്.

error: Content is protected !!