
മലപ്പുറം : നിലമ്പൂരിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പാണക്കാട് എത്തി മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളെ കണ്ട് നിയുക്ത എംഎല്‍എ ആര്യാടന്‍ ഷൗക്കത്ത്. ഇരുവരും മധുരം കൈമാറി. വലിയ വിജയത്തിന്റെ ആഹ്ലാദം പങ്കിടുന്നതിനു വേണ്ടിയാണ് ഷൗക്കത്ത് എത്തിയതെന്നും വളരെ സന്തോഷമുണ്ടെന്നും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ വിജയമാണിതെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ജനങ്ങള്‍ അവരുടെ അഭിപ്രായങ്ങള്‍ ഭയപ്പാട് കൂടാതെ രേഖപ്പെടുത്തി. ഭയപ്പാടിനെതിരെ കേരളത്തിന്റെ ജനവികാരം ആണ് നിലമ്പൂരില്‍ കണ്ടത്. കേരളത്തിന്റെ രാഷ്ട്രീയത്തില്‍ ഇത് വളരെ ഏറെ ആത്മവിശ്വാസം പകരുന്ന കാര്യമാണ്. ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും കേരളത്തെ വീണ്ടെടുക്കുന്നതിനുള്ള യജ്ഞത്തിന്റെ പ്രയാണമാണ് നടത്തുവാന്‍ കഴിഞ്ഞതെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു. ഇതിന് നിയോഗമാകാന്‍ ഷൗക്കത്തിന് സാധിച്ചു. ഷൗക്കത്തിനെ എല്ലാവിധ ആശംസകളും വിജയങ്ങളും നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലമ്പൂരില്‍ തനിക്കും കോണ്‍ഗ്രസിനും മുന്നേ പ്രവര്‍ത്തനം തുടങ്ങിയത് ലീഗാണെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. താഴെത്തട്ടിലുള്ള അണികളെ സജ്ജീകരിക്കാന്‍ മുസ്ലിം ലീഗിനായി. കോണ്‍ഗ്രസിനെക്കാള്‍ മുന്നേ മണ്ഡലത്തില്‍ പ്രചരണം ആരംഭിച്ചത് മുസ്ലിം ലീഗ് ആയിരുന്നുവെന്നും ആര്യാടന്‍ ഷൗക്കത്ത് വ്യക്തമാക്കി.
സാദിഖലി തങ്ങള്‍ തന്നെ അനുഗ്രഹിച്ചിരുന്നു. തന്റെ തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയത് കൊടപ്പനക്കല്‍ തറവാട്ടിലെത്തിയാണ്. ഹജ്ജ് കഴിഞ്ഞ് നേരെ തങ്ങള്‍ എത്തിയത് നിലമ്പൂരിലേക്കാണ്. യുഡിഎഫില്‍ എല്ലാവരെയും ഒരുമിപ്പിക്കുന്നത് കുഞ്ഞാലിക്കുട്ടിയാണെന്നും നിലമ്പൂരില്‍ ആ ചുമതല കുഞ്ഞാലികുട്ടി ഭംഗിയായി നിര്‍വഹിച്ചു. മലപ്പുറത്തെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ കുഞ്ഞാക്കയും കുഞ്ഞാപ്പയും ഒരുമിച്ചിരുന്ന കാലമുണ്ടായിരുന്നു. കുഞ്ഞാക്ക ഇപ്പോള്‍ ഇല്ല ആ ഉത്തരവാദിത്വം താന്‍ നിറവേറ്റാന്‍ പോകുന്നത്. മുസ്ലിംലീഗിനോട് ഏറെ നന്ദിയുണ്ടെന്നും ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു.
അതേസമയം, ഇന്ന് ഉച്ചയ്ക്ക് ശേഷം വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞുള്ള യുഡിഎഫ് പര്യടനം മണ്ഡലത്തില്‍ നടക്കും. ചന്തക്കുന്ന്, ചുങ്കത്തറ, പോത്തുകല്‍, നാരോക്കാവ്, വഴിക്കടവ്, എടക്കര, മുത്തേടം, കരുളായി, അമരമ്പലം എന്നിവിടങ്ങളിലാണ് ആര്യാടന്‍ ഷൗക്കത്ത് പര്യടനം നടത്തുക.