
തിരൂരങ്ങാടി: കേരളത്തിലെ ചെറുതും വലുതുമായ ഓഡിറ്റോറിങ്ങൾ,കൺവെൺഷൻ സെന്ററുകൾ, ഹോട്ടലുകൾ, കോൺഫ്രൻസ് ഹാളുകൾ എന്നിവ ഭിന്നശേഷി സൗഹൃദമാക്കണമെന്ന് സിഗ്നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദി പ്രസിഡണ്ട് അഷ്റഫ് കളത്തിങ്ങൽ പാറ ആവശ്യപ്പെട്ടു. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട വലിയൊരു വിഭാഗം ഫിസിക്കലായി പ്രയാസങ്ങൾ കൊണ്ട് വീൽചെയറുകളും വാക്കറുകളും വാക്കിംഗ് സ്റ്റി ക്കുകളും ഉപയോഗിക്കുന്നവരാണ്. ചെറുതും വലുതുമായ ഓഡിറ്റോറിയങ്ങളിലും ഹോട്ടലുകളിലും ഇവർക്ക് സഞ്ചരിക്കാൻ ഉപയുക്തമായ രീതിയിൽ റാമ്പുകളോ മറ്റോ ഇല്ലാത്തത് ഈ വിഭാഗത്തിൽപ്പെട്ടവർക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഈ വിഭാഗത്തിൽപ്പെട്ട ഭിന്നശേഷിക്കാരായ പലരും ഓഡിറ്റോറിയങ്ങളിലും ഹോട്ടലുകളിലും പോയി കഴിഞ്ഞാൽ റാമ്പ് സൗകര്യം ഇല്ലാത്തതിനാൽ അകത്തേക്ക് പ്രവേശിക്കാൻ കഴിയാതെ പുറത്തിരിക്കുകയോ തിരിച്ച് പോവുകയോ ചെയ്ത അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. പല ഓഡിറ്റോറിയത്തിലും ഡൈനിംഗ് ഹാളും ടോയ്ലറ്റും താഴെ നിലയിലോ അല്ലെങ്കിൽ മുകൾ നിലയിലോ ആയിരിക്കും. ഇവിടങ്ങളിലേക്ക് റാമ്പോ ലിഫ്റ്റോ ഉണ്ടാവില്ല. അതുപോലെ പല ഓഡിറ്റോറിയങ്ങളിലും ഹാളുകളിലും സ്റ്റേജിലേക്കും റാമ്പ് സൗകര്യമുണ്ടാവാറില്ല. ഈ അടുത്ത് ഓഡിറ്റോറിയങ്ങളിൽ നടന്ന പല ഭിന്നശേഷി കലോൽസവങ്ങളിലും പങ്കെടുത്തവർക്ക് റാമ്പ് സൗകര്യങ്ങൾ ഇല്ലാത്തത് കൊണ്ട് പല പ്രയാസങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടായിരുന്നു. പല ഭിന്നശേഷി കലോൽസവങ്ങളും നടത്തിയിട്ടുള്ളത് ഒരു ചടങ്ങ് കഴിക്കൽ പോലെയായിരുന്നു.
കേരളത്തിലെ മുഴുവൻ ഓഡിറ്റോറിയങ്ങളും കൺവെൺഷൻ സെന്ററുകളും ഹോട്ടലുകളും ഭിന്നശേഷിക്കാർക്ക് കൂടി കയറി ചെല്ലാൻ പറ്റുന്ന രീതിയിൽ റാമ്പുകളും മറ്റും സ്ഥാപിച്ച് ഭിന്നശേഷി സൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി, തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി, സാമൂഹ്യ നീതി വകുപ്പ് മന്ത്രി, കേരള മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ, ഭിന്നശേഷി വകുപ്പ് ഡയറക്ടർ, തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എന്നിവർക്കയച്ച നിവേദനത്തിൽ അഷ്റഫ് കളത്തിങ്ങൽ പാറ ആവശ്യപ്പെട്ടു.