
തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരി സാറാ തോമസ് അന്തരിച്ചു. 88 വയസായിരുന്നു. പുലര്‍ച്ചെ നന്ദാവനം പൊലീസ് ക്യാംപിനു സമീപത്തെ മകളുടെ വസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖമാണ് മരണത്തിലേക്കു നയിച്ചതെന്നാണ് വിവരം. 17 നോവലുകളും നൂറിലേറെ ചെറുകഥകളും എഴുതിയ സാറാ തോമസ് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. നാര്‍മടിപ്പുടവ എന്ന നോവലാണ് ഏറ്റവും ശ്രദ്ധേയമായ കൃതി. സംസ്‌കാരം നാളെ ഉച്ചക്ക് 2 മണിക്ക് പാറ്റൂര്‍ മാര്‍ത്തോമാ പള്ളി സെമിതേരിയില്‍ നടക്കും
ചെറുകഥാകൃത്ത്, നോവലിസ്റ്റ്, എന്നീ നിലകളില്‍ ശ്രദ്ധേയയായ സാറാ തോമസിന്റെ ആദ്യ നോവല്‍ ‘ജീവിതം എന്ന നദി’ യാണ്. ദൈവമക്കള്‍, മുറിപ്പാടുകള്‍, വേലക്കാര്‍ തുടങ്ങി വായനക്കാര്‍ ഓര്‍ത്തുവയ്ക്കുന്ന കുറെ കൃതികള്‍ പിന്നീട് അവരുടേതായി ഉണ്ടായി. മുറിപ്പാടുകളും (മണിമുഴക്കം) അസ്തമയവും പവിഴമുത്തുമൊക്കെ ചലച്ചിത്രങ്ങളുമായി.