
യുക്രൈനിലേക്കു പറന്നിറങ്ങി നാലു മണിക്കൂറിനകം യുദ്ധഭീതി എന്താണെന്ന് അറിഞ്ഞിരിക്കുകയാണ് മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശിനി ആയിഷ ജിനാൻ. സപ്രോസിയ സ്റ്റേറ്റ് മെഡിക്കൽ സർവകലാശാലയിൽ ഒന്നാംവർഷ മെഡിസിനു ചേരാനാണ് ആയിഷ യുക്രൈനിലേക്ക് വിമാനം കയറിയത്.
പ്രശ്‌നങ്ങളൊന്നും ഇല്ല, എല്ലാം സമാധാനപരമായി നീങ്ങുകയാണെന്ന് സർവകലാശാല അറിയിച്ച ധൈര്യത്തിലാണ് യാത്ര തിരിച്ചത്. കീവ് വിമാനത്താവളത്തിൽ കാലുകുത്തിയപ്പോഴും പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. നാലു മണിക്കൂർ കഴിഞ്ഞപ്പോൾ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു. കീവിൽനിന്ന് സർവകലാശാലയിലേക്ക് ഒൻപതു മണിക്കൂറാണ് യാത്ര. ഈ സമയത്താണ് യുദ്ധം തുടങ്ങിയത് അറിഞ്ഞത്.
22-ന് കോഴിക്കോട് വിമാനത്താവളം വഴിയാണ് യുക്രൈനിലെത്തിയത്. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ യാത്ര പോകുന്നതിലെ ബുദ്ധിമുട്ട് ആയിഷയെയും കൂടെയുള്ളവരെയും അറിയിച്ചിരുന്നു. എന്നാൽ യാത്ര അനിവാര്യമായിരുന്നു.
ഫെബ്രുവരിയിൽത്തന്നെ പ്രവേശനം നേടണമെന്ന് സർവകലാശാല വിദ്യാർഥികളെ അറിയിച്ചിരുന്നു. രാജ്യം യുദ്ധത്തിലായെങ്കിലും ഒന്നാംവർഷ വിദേശവിദ്യാർഥികളുടെ പ്രവേശന നടപടികൾ സർവകലാശാല തുടങ്ങിയിട്ടുണ്ട്. സാധാരണ ഈ നടപടികൾ ഒരുമാസത്തോളം നീളുമായിരുന്നു. ഇനി നാട്ടിലേക്കു വന്നാലും ആയിഷയ്ക്കും സുഹൃത്തുക്കൾക്കും ഓൺലൈൻ ക്ലാസുകൾ ലഭിക്കും.
നിലവിൽ സുരക്ഷിതരാണ്
സർവകലാശാല ഹോസ്റ്റലിലാണ് താമസം. അപകടങ്ങൾ ഉണ്ടായാൽ ശ്രദ്ധിക്കേണ്ടതിനെക്കുറിച്ച് മോക്ഡ്രിൽ നടത്തി അധികൃതർ വിവരിച്ചു നൽകിയിട്ടുണ്ട്. അപായമണി മുഴങ്ങിയാൽ ഭൂഗർഭ (ബേസ്‌മെന്റ്) അറയിലേക്ക് എത്താനുള്ള സൗകര്യം സർവകലാശാലയിലുണ്ട്. തെക്ക് -കിഴക്ക് ഭാഗത്താണ് സർവകലാശാല. തെക്ക്-വടക്ക് ഭാഗത്താണ് കൂടുതൽ പ്രശ്‌നം. എംബസിയും നോർക്കയും നൽകിയ ഫോം പൂരിപ്പിച്ചു കൊടുത്തിട്ടുണ്ട്. ഉടനെ നാട്ടിലെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ -ആയിഷ പറഞ്ഞു. മൂന്നിയൂർ പി.പി. സുബൈറിെന്റയും -റുബീനയുടെയും മകളാണ്. ഭർത്താവ്: ഹിഷാം അബ്ദുള്ള.