തിരൂരങ്ങാടി : 2019 ലെ പ്രളയത്തില്‍ ലഭിച്ച ദുരിതാശ്വാസത്തില്‍ സാങ്കേതിക പിഴവ് മൂലം അധികമായി ലഭിച്ച 10000 രൂപ സര്‍ക്കാര്‍ തിരികെ ചോദിച്ച പക്ഷാഘാതം വന്ന് നടക്കാനോ സംസാരിക്കാനോ കഴിയാത്ത മാറാരോഗിയായ നന്നമ്പ്ര വില്ലേജ് പരിധിയിലുള്ള കൊടിഞ്ഞി സ്വദേശി കാടംകുന്നിലെ കോട്ടപറമ്പില്‍ ബഷീര്‍ (53) എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കൂടിയായ തഹസില്‍ദാര്‍ സാദിഖ് പി. ഒ യെ കണ്ടു തന്റെ പ്രാരാബ്ധങ്ങളുടെയും സങ്കടങ്ങളുടെയും കെട്ടഴിച്ചു. തുക തിരിച്ചടക്കാന്‍ സാധിക്കാതെ ഓടും ഷീറ്റും മേഞ്ഞ വീട്ടില്‍ ആശങ്കയില്‍ കഴിയുന്ന ബഷീറിന്റെ ദുരിതാവസ്ഥ നേരത്തെ തിരൂരങ്ങാടി ടുഡേ അടക്കം വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഭാര്യ ഒന്നര വര്‍ഷം മുന്‍പ് രോഗം വന്നു മരിച്ചു ഒറ്റക്കു താമസിക്കുന്ന ബഷീറിന് വീട്ടിലേക്ക് വൈഴി സൗകര്യമില്ലാത്തതും പ്രളയ ഫണ്ടായി ലഭിച്ച തുക തിരിച്ചടക്കാന്‍ ആവശ്യപ്പെട്ടതുമാണ് ബഷീറിനെ കുഴക്കിയത്. പത്രമാധ്യമ വാര്‍ത്തയെ തുടര്‍ന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍സ് റൈറ്റ്‌സ് ഭാരവാഹികള്‍ ബഷീറിന്റെ വീട് സന്ദര്‍ശിച്ചപ്പോഴാണ് ദാരുണമായ കാഴ്ചകള്‍ കാണുന്നത് അതേതുടര്‍ന്ന് എന്‍ എഫ് പി ആര്‍ ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ റഹീം പൂക്കത്തിന്റെ നേതൃത്വത്തില്‍ ബഷീറിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും മറ്റുമായി നേരിട്ട് വന്ന് തഹസില്‍ദാരെ കാണുകയും സങ്കടങ്ങളുടെയും പ്രാരാബ്ദങ്ങളുടെയും കെട്ടഴിക്കുകയായിരുന്നു.
പ്രളയഫണ്ട് എഴുതി തള്ളുന്നതിന് മെഡിക്കല്‍ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാറിലേക്ക് ശിപാര്‍ശ ചെയ്യാമെന്നും നന്നമ്പ്ര വില്ലേജ് ഓഫീസറില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി വഴി പ്രശ്‌നത്തില്‍ വേണ്ട നടപടികള്‍ക്കായി ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് അയക്കുമെന്നും തഹസില്‍ദാര്‍ പി ഓ സാദിഖ് പറഞ്ഞു