ആത്മീയ സാമീപ്യം തേടി വിശ്വാസികൾ ഒഴുകിയെത്തി; മമ്പുറം ആണ്ടുനേർച്ചക്ക് ഭക്തിനിർഭരമായ സമാപനം

തിരൂരങ്ങാടി : ഖുഥ്ബുസ്സമാന്‍ മമ്പുറം സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ ആത്മീയ സാമീപ്യവും പുണ്യവും തേടി മമ്പുറത്തേക്കൊഴുകിയ വിശ്വാസി സഞ്ചയത്താല്‍ മഖാമും പരിസരവും തീര്‍ത്ഥാടക നിബിഡമായി. ആയിരങ്ങള്‍ക്ക് ആത്മീയാനുഭൂതി പകര്‍ന്ന് ഇന്നലെ ഉച്ചക്ക് നടന്ന ഭക്തിസാന്ദ്രമായ പ്രാര്‍ഥനാ സദസ്സോടെ 185-ാമത് ആണ്ടുനേര്‍ച്ചയ്ക്ക് കൊടിയിറങ്ങി.

ജാതി മത ഭേദമന്യേ സര്‍വജനങ്ങള്‍ക്കും ആദരണീയനായ നേതാവും സ്വാതന്ത്ര്യ സമര നായകനുമായിരുന്ന മമ്പുറം സയ്യിദ് അലവി തങ്ങളുടെ വേര്‍പാടിന്റെ 185 വര്‍ഷം പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ ആത്മീയ സാമീപ്യം തേടി മമ്പുറം മഖാമിലെത്തിയത് നിരവധി തീര്‍ത്ഥാടകരാണ്.

നേര്‍ച്ചയുടെ ശ്രദ്ധേയ ചടങ്ങുകളിലൊന്നായ അന്നദാനം സ്വീകരിക്കാന്‍ സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളില്‍നിന്നുള്ള തീര്‍ത്ഥാടകര്‍ പുലര്‍ച്ചെ തൊട്ടെ മമ്പുറത്തേക്കൊഴുകി. വിതരണത്തിനായി തയ്യാറാക്കിയ നെയ്‌ച്ചോര്‍ പാക്കറ്റുകള്‍ വാങ്ങാന്‍ തീര്‍ത്ഥാടകര്‍ക്ക് ദീര്‍ഘദൂരം വരിനില്‍ക്കേണ്ടി വന്നു. പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീനിവാസന്റെ നേതൃത്വത്തില്‍ തിരൂരങ്ങാടിയിലെയും സമീപ സ്റ്റേഷനുകളിലേയും ഇരുനൂറോളം നിയമപാലകരും വിഖായ വളണ്ടിയര്‍മാരും പ്രദേശവാസികളും ദാറുല്‍ഹുദാ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നാണ് തിരക്ക് നിയന്ത്രണവിധേയമാക്കിയത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം സജ്ജീകരിച്ച കൗണ്ടറുകളില്‍ ഒരു ലക്ഷത്തിലധികം നെയ്ച്ചോര്‍ പൊതികള്‍ വിതരണം ചെയ്തു.

രാവിലെ എട്ട് മണിക്ക് ആരംഭിച്ച അന്നദാനം ഉച്ചക്ക് ശേഷവും തുടര്‍ന്നു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ എപി ഉണ്ണികൃഷ്ണന് ആദ്യ പാക്കറ്റ് നല്‍കി അന്നദാനം ഉദ്ഘാടനം ചെയ്തു. സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍ എം. എല്‍.എ അധ്യക്ഷനായി. ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, പി കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ, യു. ശാഫി ഹാജി ചെമ്മാട്, പി. ഇസ്ഹാഖ് ബാഖവി ചെമ്മാട്, ടി കെ ആശിഫ് ഹുദവി, ഹംസ ഹാജി മൂന്നിയൂര്‍, സി.കെ മുഹമ്മദ് ഹാജി, കെ പി ശംസുദ്ദീന്‍ ഹാജി, കബീര്‍ ഹാജി ഓമച്ചപ്പുഴ, ഇബ്രാഹിം ഹാജി തയ്യിലക്കടവ്,ചാലില്‍ കെ എം ബശീര്‍, വി പി കോയക്കുട്ടി തങ്ങള്‍ മമ്പുറം, കെ സലീം, പി ടി അഹ്‌മദ്, എ.കെ മൊയ്തീന്‍ കുട്ടി, ചാലില്‍ സിദ്ദീഖ്, കെ.എം മശ്ഹൂദ്, കെ എം അബ്ദുഹാജി തുടങ്ങിയവര്‍ പങ്കെടുത്തു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ ഇന്നലെ ഉച്ചക്ക് മഖാമില്‍ നടന്ന ഖത്മുല്‍ ഖുര്‍ആന്‍ സദസ്സോടെയാണ് നേര്‍ച്ച ഔദ്യോഗികമായി സമാപിച്ചത്.
സയ്യിദ് അഹ്‌മദ് ജിഫ്രി തങ്ങള്‍ മമ്പുറം, കെ എം സൈദലവി ഹാജി പുലിക്കോട്, സി യൂസുഫ് ഫൈസി മേല്‍മുറി, ഇ കെ ഹസ്സന്‍ കുട്ടി ബാഖവി കിഴിശ്ശേരി, അബ്ദുല്‍ ഖാദിര്‍ ഫൈസി അരിപ്ര, ഇബ്‌റാഹിം ഫൈസി തരിശ്, കെ സി മുഹമ്മദ് ബാഖവി കിഴിശ്ശേരി തുടങ്ങിയവര്‍ സംബന്ധിച്ചു.

ജൂലൈ 19 ന് സയ്യിദ് അഹ്‌മദ് ജിഫ്രി മമ്പുറം കൊടികയറ്റം നടത്തിയതോടെ ആരംഭിച്ച നേര്‍ച്ചയുടെ ഭാഗമായി മജ്‌ലിസുന്നൂര്‍, സ്വലാത്ത് മജ്ലിസ്, ഇശ്ഖ് മജ്‌ലിസ്, മതപ്രഭാഷണങ്ങള്‍, സെമിനാര്‍, അനുസ്മരണ ദിക്‌റ് ദുആ സദസ്സ് തുടങ്ങിയ വിവിധയിനം പരിപാടികളാണ് ഒരാഴ്ചക്കാലം മമ്പുറം മഖാമില്‍ നടന്നത്.

മമ്പുറം തങ്ങളുടെ പൈതൃകം മാതൃകയാക്കണം:
സാദിഖലി ശിഹാബ് തങ്ങള്‍

വിവിധ ജാതി മതസ്ഥര്‍ക്ക് സര്‍വസ്വവുമായി വര്‍ത്തിച്ച മമ്പുറം തങ്ങളുടെ പൈതൃകമാണ് സമകാലിക സാഹചര്യത്തില്‍ മതേതര ഇന്ത്യ മാതൃകയാക്കേണ്ടതെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. 185-ാമത് മമ്പുറം ആണ്ടുനേര്‍ച്ചയുടെ അന്നദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മതസൗഹാര്‍ദ്ദവും ആത്മീയതയും മുദ്രയാക്കിയ അദ്ദേഹം മലബാറിലെങ്ങും ജ്വലിച്ചുനിന്ന ആത്മീയനേതാവും സാമൂഹിക പരിഷ്‌കര്‍ത്താവുമാണ്. വിഭജിച്ച് ഭരിക്കുന്ന ഇക്കാലത്ത് എല്ലാവരെയും ഉള്‍ക്കൊണ്ട് സമൂഹത്തെ വഴിനടത്തിയ മമ്പുറം തങ്ങളുടെ നേതൃപാടവം പഠിക്കാന്‍ ശ്രമിക്കണമെന്നും തങ്ങള്‍ പറഞ്ഞു.

മമ്പുറം തങ്ങള്‍ സാംസ്‌കാരിക പഠനകേന്ദ്രം കാലത്തിന്റെ ആവശ്യം : പി.കെ കുഞ്ഞാലിക്കുട്ടി

മമ്പുറം തങ്ങളുടെ നാമധേയത്തില്‍ നിലവില്‍ വരുന്ന മമ്പുറം തങ്ങള്‍ സാംസ്‌കാരിക പഠനകേന്ദ്രം കാലത്തിന്റെ ആവശ്യമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ പറഞ്ഞു. മമ്പുറം ആണ്ടുനേര്‍ച്ചയുടെ അന്നദാന ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന്റെ നാനോന്മുഖ മേഖലകളില്‍ പ്രവര്‍ത്തിച്ച മമ്പുറം തങ്ങളുടെ സന്ദേശങ്ങള്‍ ദേശവ്യാപകമാക്കാന്‍ ഇത്തരം പദ്ധതികളിലൂടെ കഴിയുമെന്നും പുതിയകാലത്ത് മമ്പുറം തങ്ങളുടെ ജീവിതപാഠം തലമുറകളിലേക്ക് കൈമാറാന്‍ പഠനകേന്ദ്രം വഴി സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

പ്രവര്‍ത്തന ഗോദയില്‍ സജീവ സാന്നിധ്യമായി ദാറുല്‍ഹുദാ കുടുംബം

185-ാമത് മമ്പുറം ആണ്ടുനേര്‍ച്ച വിജയകരമായി സമാപിച്ചതില്‍ സന്തുഷ്ടരായി മഖാം നടത്തിപ്പുകാരായ ദാറുല്‍ഹുദാ മാനേജിംഗ് കമ്മിറ്റി.
ഒരാഴ്ചകാലം നീണ്ടുനിന്ന മമ്പുറം ആണ്ടുനേര്‍ച്ചയില്‍ പങ്കെടുക്കാന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങളും സജ്ജീകരണങ്ങളും ഒരുക്കുന്നതില്‍ ദാറുല്‍ഹുദാ കുടുംബം സജീവ സാന്നിധ്യമായി.

ജിഫ്രി കുടുംബം മഖാം ചുമതല ദാറുല്‍ഹുദാ മാനേജിംഗ് കമ്മിറ്റിക്ക് ഏല്‍പിച്ചതിന് ശേഷം വിപുലമായ നിരവധി സേവന പ്രവര്‍ത്തനങ്ങളാണ് ചെയ്തുവരുന്നത്. മമ്പുറത്തെയും സമീപ പ്രദേശങ്ങളിലേയും നിരവധി പള്ളികളും മദ്രസകളും നടത്തുന്നതിനു വേണ്ട സാമ്പത്തിക സഹായം നല്‍കുന്നത് മഖാമില്‍ നിന്നാണ്.
കൂടാതെ പ്രദേശത്തെ നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടികളുടെ വിവാഹത്തിനുള്ള ധനസഹായം, വിധവകള്‍ക്കും രോഗികള്‍ക്കുമുള്ള സഹായം, വീടു നിര്‍മ്മാണത്തിനുള്ള ധനസഹായം എന്നിവയും മഖാം കമ്മിറ്റിക്കു കീഴില്‍ സജീവമായി നടന്നു വരുന്നുണ്ട്.

നേര്‍ച്ചയുടെ പ്രധാന ചടങ്ങായ അന്നദാനത്തിനുള്ള പാചകം മുതല്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നത് വരെയുള്ള സര്‍വ ഒരുക്കങ്ങളും തീര്‍ത്തത് ദാറുല്‍ഹുദാ അധ്യാപകരും വിദ്യാര്‍ഥികളുമാണ്.185ാമത് നേര്‍ച്ച സമാപിച്ചപ്പോള്‍ പ്രശംസയര്‍ഹിക്കുന്നത് രാപകല്‍ ഭേദമന്യേ പ്രവര്‍ത്തന സജ്ജരായിരുന്ന ദാറുല്‍ഹുദാ അധികൃതരും അധ്യാപകരും വിദ്യാര്‍ത്ഥികളും കൂടിയാണ്.

കര്‍മനിരതരായി നിയമപാലകരും ഉദ്യോഗസ്ഥരും

തിരൂരങ്ങാടി: മമ്പുറം ആണ്ടുനേര്‍ച്ചയുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ മുഴുവന്‍ സഹായങ്ങളുമായി കര്‍മ നിരതായി നിയമപാലകരും ഉദ്യോഗസ്ഥരും. ഒരാഴ്ച നീണ്ടുനിന്ന നേര്‍ച്ചയുടെ മുഴുവന്‍ ദിവസങ്ങളിലും പോലീസ് ഇടപെടലുകളും നിയന്ത്രണങ്ങളുമുണ്ടായിരുന്നു.
അവസാന ദിവസം നടന്ന അന്നദാന ചടങ്ങിന് ഗതാഗതം നിയന്ത്രിക്കുന്നതിനും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും പൂര്‍ണ ഉത്തരവാദിത്വം പോലീസിനായിരുന്നു.
തിരൂരങ്ങാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീനിവാസന്റെ നേതൃത്വത്തില്‍ തിരുരങ്ങാടിയിലെയും പരിസര സ്റ്റേഷനുകളിലെയും ഇരുന്നൂറോളം പേര്‍ ഇന്നലെ മമ്പുറത്ത് സേവനനിരതരായുണ്ടായിരുന്നു.
കൂടാതെ, നേര്‍ച്ചയുടെ വിജയത്തിനായി ഫയര്‍ഫോഴ്‌സ്, വിഖായ വളണ്ടിയര്‍മാര്‍, ദാറുല്‍ഹുദാ വിദ്യാര്‍ഥികള്‍. ചെമ്മാട് എന്‍ എം സി ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവരും മമ്പുറത്ത് സജീവമായിരുന്നു.

error: Content is protected !!