
നിര്‍ണായക തീരുമാനവുമായി സര്‍ക്കാര്‍; പിഎസ്സി അപേക്ഷിക്കാനുള്ള പ്രായപരിധി 40 വയസാക്കി.
സംസ്ഥാനത്ത് പിഎസ് സി പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 4 വര്‍ഷം കൂട്ടി. ജനറല്‍ വിഭാഗത്തിലുള്ളവര്‍ക്ക് 40 വയസ്സു വരെ അപേക്ഷിക്കാം .
വയസ്സ് ഇളവുള്ള മറ്റു വിഭാഗങ്ങള്‍ക്കും തുല്യമായി പ്രായപരിധി കൂടും. നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് മന്ത്രിസഭയുടെ സുപ്രധാന തീരുമാനം.
എല്‍ഡി ക്ലര്‍ക്ക് പോലുള്ള തസ്തികകളില്‍ പിഎസ് സി പരീക്ഷക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി നാലു വര്‍ഷം കൂട്ടി. നിലവില്‍ ജനറല്‍ വിഭാഗത്തിന് 36 വയസ്സാണ്. ഇനി നാല്പതു വയസ്സു വരെ അപേക്ഷിക്കാം. ഈഴവ ,മുസ്ലീം ഉള്‍പ്പെടുന്ന ഒബിസിക്ക് ഇപ്പോള്‍ 39 വയസ്സു വരെയാണുള്ളത്. അത് 43 ആകും. പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് 45 വയസ്സു വരെ അപേക്ഷിക്കാം. നിലവില്‍ ഇത് 41 ആണ്.
പിഎസ് സി ഏജ് ഓവര്‍ കൂട്ടായ്മ ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഉദ്യോഗാര്‍ഥികള്‍ സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു. അഡിമിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെയും സമീപിച്ചിരുന്നു. പങ്കാളിത്ത പെന്ഷൻ പദ്ധതി 2013 ല്‍ നിലവില്‍ വന്നപ്പോള്‍ വിരമിക്കല്‍ പ്രായം 60 ആക്കിയത് ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം ഉന്നയിച്ചത്. സ്റ്റാറ്റ്യൂട്ടറി പെന്ഷൻ വാങ്ങുന്നവരുടെ വിരമിക്കല്‍ പ്രായം 56 ആക്കിയപ്പോഴാണ് ജനറല്‍ വിഭാഗത്തിന് അപേക്ഷിക്കാനുള്ള പ്രായ പരിധി 35 ല്‍ നിന്ന് 36 ആക്കിയത്. തൊഴിലില്ലായ്മയും സാമ്ബത്തിക സാഹചര്യങ്ങളും ചൂണ്ടിക്കാട്ടി മറ്റു സംസ്ഥാനങ്ങള്‍ അപേക്ഷിക്കാനുള്ള പ്രായ പരിധി കൂട്ടിയിരുന്നു.
തെലങ്കാനയില്‍ 46 ഉം ആന്ധ്രയില്‍ 42 ഉം ആണ് സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി. റിക്രൂട്ട്മെന്റ് വൈകുന്നതിനാല്‍ കര്‍ണാടകയിലും അടുത്തിടെ അപേക്ഷിക്കാനുള്ള പ്രായപരിധി 40 വയസ്സ് അക്കിയിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രായപരിധി കടന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഒരു അവസരം കൂടി നല്കുന്നു. ഒരു തസ്തികയിലേയ്ക്ക് കൂടുതല്‍ പേര് പരീക്ഷയ്ക്കെത്തും.