കൈക്കൂലി: കാലിക്കറ്റ് സർവകലാശാല പരീക്ഷാഭവൻ ജീവനക്കാരന് സസ്‌പെൻഷൻ

Copy LinkWhatsAppFacebookTelegramMessengerShare

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ കൈക്കൂലി വാങ്ങിയയെന്ന പരാതിയിൽ പരീക്ഷാഭവൻ ജീവനക്കാരനു സസ്പെൻഷൻ. പരീക്ഷാഭവനിലെ പ്രീഡിഗ്രി വിഭാഗം അസിസ്റ്റന്റായ എം.കെ. മൻസൂറിനെയാണ് സസ്പെൻഡ് ചെയ്തത്.

മറ്റൊരു പരാതിയിൽ ജീവനക്കാരനെതിരേ അന്വേഷണം തുടരുകയാണെന്നും രജിസ്ട്രാർ അറിയിച്ചു.

എം ജി സർവകലാശാലക്ക് പിന്നാലെ കാലിക്കറ്റ് സർവകലാശാലയിലും കൈക്കൂലി പരാതി ഉയർന്നത് സർക്കാരിനെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സർവകലാശാല വിഷയവുമായി ബന്ധപ്പെട്ട് വിവാദങ്ങൾക്കിടെയാണ് കൈക്കൂലി പ്രശ്നവും ഉയർന്നു വന്നത്.

മലപ്പുറം സ്വദേശിനി നൽകിയ പരാതിയിലാണ് നടപടി. അപേക്ഷകയിൽനിന്ന് ഗൂഗിൾപേ വഴി 5000 രൂപയാണ് കൈപ്പറ്റിയത്. അപേക്ഷ നൽകി മടങ്ങിയ ഇവർക്കു ദിവസങ്ങൾക്കകം സർവകലാശാലയിൽനിന്ന് മെമ്മോ ലഭിച്ചു. മതിയായ ഫീസ് അടച്ചില്ലെന്നായിരുന്നു അറിയിപ്പ്. ഇതോടെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് അറിയുന്നത്.

അപേക്ഷക നേരത്തേ തപാൽ ഇനത്തിൽ അടച്ച 50 രൂപയുടെ ചലാൻ ഉദ്യോഗസ്ഥൻ 1350 ആക്കി തിരുത്തുകയായിരുന്നു. ജീവനക്കാരന്റെ തട്ടിപ്പിൽ വെട്ടിലാകുമെന്ന് അറിഞ്ഞതോടെയാണ് അപേക്ഷക സർവകലാശാലയ്ക്ക് പരാതിനൽകിയത്. ഗൂഗിൾപേ വഴി പണം അയച്ചതിന്റെ പകർപ്പ് സർവകലാശാലയ്ക്കു നൽകിയിട്ടുണ്ട്. കൈക്കൂലി വാങ്ങിയതിനു പുറമെ ചലാനിൽ തിരുത്തൽ നടത്തി സർവകലാശാലയെയും ജീവനക്കാരൻ കബളിപ്പിച്ചതായാണു തെളിയുന്നത്. ബിരുദ സർട്ടിഫിക്കറ്റിലെ പേരിലുണ്ടായ പിശക് തിരുത്താനായിരുന്നു അപേക്ഷ.

പരാതി പുറത്തുവന്നതോടെ കുറ്റക്കാർക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. നടപടിയാവശ്യപ്പെട്ട് സർവകലാശാലാ ജീവനക്കാരുടെ സംഘടനകളും വിവിധ രാഷ്ട്രീയനേതൃത്വങ്ങളും രംഗത്തെത്തി.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!