മൂന്നിയൂരിൽ കഴിഞ്ഞ തവണത്തെക്കാൾ പോളിംഗ് കുറവ്
ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ നഗരസഭ വാർഡുകളിൽ മാത്രമാണ് ഉയർന്ന പോളിങ് ശതമാനം ഉള്ളത്. മറ്റിടങ്ങളിൽ തണുത്ത പ്രതികരണം ആയിരുന്നു. മലപ്പുറം ജില്ലാ പഞ്ചായത്ത് ആതവനാട് ഡിവിഷന്‍ : 47.13 ശതമാനം. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവ് : 52.23 ശതമാനം, മലപ്പുറം നഗരസഭയിലെ മൂന്നാംപടി : 73.71 ശതമാനം. മഞ്ചേരി നഗരസഭയിലെ കിഴക്കേത്തല : 83.52 ശതമാനം, കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെ എടച്ചലം 75.98 ശതമാനം.
മൂന്നിയൂർ പഞ്ചായത്തിലെ 8,9,10,11,12 വാർഡുകൾ ഉൾക്കൊള്ളുന്നതാണ് പാറക്കടവ് ഡിവിഷൻ. എസ് സി സംവരണ വാർഡിലേക്ക് ത്രികോണ മത്സരമായിരുന്നു. ലീഗിലെ സി.ടി.അയ്യപ്പൻ, എൽ ഡി എഫ് സ്വതന്ത്രൻ കെ.ഭാസ്കരൻ, ബിജെപിയുടെ പ്രേമദാസൻ എന്നിവരാണ് സ്ഥാനാർഥികൾ.10953 വോട്ടര്മാരിൽ 5721 പേർ മാത്രമാണ് വോട്ട് ചെയ്തത്. കഴിഞ്ഞ തവണ ലീഗിലെ കെ പി രമേശ് 2524 വോട്ടുകൾക്കാണ് വിജയിച്ചത്. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിൽ 15 വാർഡിൽ വള്ളിക്കുന്നിൽ നിന്നുള്ള 3 പേർ മാത്രമാണ് എൽ ഡി എഫിനുള്ളത്.
വോട്ടെണ്ണെല്‍ ഇന്ന്
ജില്ലാ പഞ്ചായത്ത് ആതവനാട് ഡിവിഷന്‍ അടക്കം വിവിധ തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് (ജൂലൈ 22) രാവിലെ 10ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് ഡിവിഷനിലേയും കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലേയും വോട്ടെണ്ണല്‍ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും മലപ്പുറം, മഞ്ചേരി നഗരസഭകളിലേത് അതത് നഗരസഭകളിലും തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലേത് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും നടക്കും.