കാലിക്കറ്റില്‍ ബിരുദ-പി.ജി. കോഴ്സുകളില്‍ സീറ്റ് വര്‍ധിക്കും

തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ ബിരുദ-പി.ജി. പ്രവേശനത്തിന് ഈ അധ്യയനവര്‍ഷം നിയമപരിധിയിലെ പരമാവധി സീറ്റുകളില്‍ പ്രവേശനം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം സിന്‍ഡിക്കേറ്റ് തീരുമാനം. അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണെന്ന് കാണിച്ച് കത്ത് നല്‍കിയ കോളേജുകളില്‍ ആനുപാതിക സീറ്റ് വര്‍ധന സയന്‍സ് വിഷയങ്ങളില്‍ 20 ശതമാനവും ഹ്യൂമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങളില്‍ 30 ശതമാനവുമായിരിക്കും.

തീരുമാനങ്ങള്‍

നാലുവര്‍ഷ ബിരുദ കോഴ്സുകള്‍ തുടങ്ങുന്നതും പുതിയ പാഠ്യപദ്ധതി വികസനവുമായും ബന്ധപ്പെട്ട് ജൂലായ് നാലിന് സര്‍വകലാശാലയില്‍ നടക്കുന്ന സെമിനാര്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും.
സര്‍വകലാശാലാ സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി ജൂലായ് 22-ന് കാമ്പസില്‍ നടക്കുന്ന ചടങ്ങ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. പുതിയ ഇന്‍ക്യുബേഷന്‍ സെന്ററിന്റെയും മറ്റ് പദ്ധതികളുടെയും ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കും.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സര്‍വകലാശാലാ ജേണലിസം പഠനവകുപ്പില്‍ ഡോ. കെ.പി. അനുപമക്ക് അസി. പ്രൊഫസറായി നിയമനം നല്‍കും.

നാമനിര്‍ദേശിത സിന്‍ഡിക്കേറ്റിന്റെ ആദ്യയോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനായി. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, അഡ്വ. പി.കെ. ഖലീമുദ്ധീന്‍, അഡ്വ. എല്‍.ജി. ലിജീഷ്, ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, ഡോ. ടി. വസുമതി, ഡോ. പി.പി. പ്രദ്യുമ്നന്‍, ഡോ. റിച്ചാര്‍ഡ് സ്‌കറിയ, ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറി വി.എസ്. അനില്‍ കുമാര്‍, ഐ.ടി. വകുപ്പ് അഡീഷണല്‍ സെക്രട്ടറി എം. രാജേഷ് കുമാര്‍, സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ഇ.കെ.സതീഷ് എന്നിവര്‍ പങ്കെടുത്തു.

ബിരുദ പ്രവേശനം ട്രയല്‍ അലോട്ട്‌മെന്റ് 21-ന്

കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ കോളേജുകളില്‍ ബിരുദ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ്
21-ന് പ്രസിദ്ധീകരിക്കും. പ്രവേശനവിഭാഗത്തിന്റെ വെബ്‌സൈറ്റില്‍ സ്റ്റുഡന്റ് ലോഗിന്‍ എന്ന ലിങ്കിലൂടെ 22ന് വൈകീട്ട് 5 മണിവരെ അപേക്ഷകര്‍ക്ക് അലോട്ട്‌മെന്റ് പരിശോധിക്കാം. https://admission.uoc.ac.in/ admission?pages=ug
നേരത്തെ സമര്‍പ്പിച്ച അപേക്ഷയില്‍ എല്ലാവിധ തിരുത്തലുകള്‍ക്കും (പേര്, മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി എന്നിവ ഒഴികെ) 22-ന് വൈകീട്ട് 3 മണിവരെ അവസരമുണ്ടാകും. ഇതിനായി വിദ്യാര്‍ഥിയുടെ ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യേണ്ടതും Edit/Unlock എന്ന ലിങ്കിലൂടെ ആവശ്യമുള്ള തിരുത്തലുകള്‍ വരുത്തേണ്ടതുമാണ്. തിരുത്തലുകള്‍ക്ക് ശേഷം പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം. Edit/Unlock ബട്ടണ്‍ ഉപയോഗിച്ച് എഡിറ്റ് ചെയ്യാന്‍ ശ്രമിച്ച വിദ്യാര്‍ഥികള്‍ അപേക്ഷ പൂര്‍ത്തീകരിച്ച് പ്രിന്റൗട്ട് എടുത്തിട്ടില്ലെങ്കില്‍ അലോട്ട്‌മെന്റ് പ്രക്രിയകളില്‍ നിന്ന് പുറത്താക്കപ്പെടും. പ്രസ്തുത അപേക്ഷകള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള അവസരം റഗുലര്‍ അലോട്ട്‌മെന്റുകള്‍ക്ക് ശേഷം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.
തെറ്റായ വിവരങ്ങള്‍ നല്‍കി ലഭിക്കുന്ന അലോട്ട്‌മെന്റ് റദ്ദാക്കപ്പെടുന്നതായിരിക്കും. അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള അവസാന അവസരമായതിനാല്‍ അപേക്ഷകര്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കുന്ന മാര്‍ക്ക് കൃത്യമാണെന്നും, NSS, NCC, SPC, Arts, Scouts & Guides തുടങ്ങിയ വെയിറ്റേജ് സര്‍ട്ടിഫിക്കറ്റുകള്‍ +2 തലത്തിലുള്ളതാണെന്നും നോണ്‍-ക്രീമിലെയര്‍, EWS സംവരണ വിവരങ്ങള്‍ എന്നിവ കൃത്യമാണെന്നും ഉറപ്പുവരുത്തേണ്ടതാണ്. 2022, 2023 വര്‍ഷങ്ങളില്‍ VHSE- NSQF സ്‌കീമില്‍ +2 പാസായ വിദ്യാര്‍ത്ഥികള്‍ NSQF ബോര്‍ഡാണ് അപേക്ഷയില്‍ രേഖപ്പെടുത്തിയത് എന്ന് ഉറപ്പുവരുത്തണം.

പരീക്ഷാ രജിസ്‌ട്രേഷന്‍

ലക്കിടി ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റിലെ വിദ്യാര്‍ഥികള്‍ക്കുള്ള മൂന്നാം വര്‍ഷ ബി.എച്ച്.എം. ഏപ്രില്‍ 2023 സപ്ലിമെന്ററി പരീക്ഷക്ക് പിഴയില്ലാതെ ജൂലായ് മൂന്ന് വരെ രജിസ്റ്റര്‍ ചെയ്യാം.

പുനര്‍മൂല്യനിര്‍ണയഫലം

വിദൂരവിഭാഗം അവസാന സെമസ്റ്റര്‍ എം.എസ് സി. മാത്സ് ഏപ്രില്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ഫിസ്‌ക്‌സ്, അക്വാകള്‍ച്ചര്‍ ആന്‍ഡ് ഫിഷറി മൈക്രോ ബയോളജി, എം.കോം. ഏപ്രില്‍ 2022 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.

നവകേരള സ്‌കോളര്‍ഷിപ്പ്

മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പിന് (മോഡ്-1) അപേക്ഷിക്കാനുള്ള സമയം ജൂലായ് അഞ്ച് വരേക്ക് നീട്ടി. തപാലിലും ഇ-മെയിലിലും അപേക്ഷ സമര്‍പ്പിക്കാം. വിശദമായ വിജ്ഞാപനം സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

ഇന്റഗ്രേറ്റഡ് എം.എസ് സി. കോഴ്‌സുകളായ കോഴ്‌സുകളായ ബോട്ടണി വിത് കമ്പ്യൂട്ടേഷണല്‍ ടെക്‌നോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, സൈക്കോളജി, ഇന്റഗ്രേറ്റഡ് എം.എ. കോഴ്‌സുകളായ ഇംഗ്ലീഷ് ആന്‍ഡ് മീഡിയ സ്റ്റഡീസ്, മലയാളം, പൊളിറ്റിക്‌സ് ആന്‍ഡ് ഇന്റര്‍നാഷ്ണല്‍ റിലേഷന്‍സ്, സോഷ്യോളജി എന്നിവയുടെ റഗുലര്‍, ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2020, 2021, രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2021, 2022 പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റര്‍ എം.കോം. (സി.സി.എസ്.എസ്.) നവംബര്‍ 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പി.എച്ച്.ഡി. ഒഴിവുകള്‍
റിപ്പോര്‍ട്ട് ചെയ്യണം

കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളിലെയും മറ്റ് അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലെയും റിസര്‍ച്ച് ഗൈഡുമാര്‍ 2023 പി.എച്ച്.ഡി. എന്‍ട്രന്‍സ് വിഭാഗത്തില്‍പ്പെടുന്ന അപേക്ഷകരുടെ പ്രവേശനത്തിനായി റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകള്‍, അതത് വകുപ്പ് മേധാവികള്‍/ കോളേജ് പ്രിന്‍സിപ്പല്‍മാര്‍ കോളേജ്/ ഡിപ്പാര്‍ട്ട്‌മെന്റ് പോര്‍ട്ടലിലെ ലിങ്കില്‍ 25-നകം സമര്‍പ്പിക്കണം.

error: Content is protected !!