ബിരുദ പരീക്ഷകള്‍ യഥാസമയം നടത്താന്‍ വി.സിക്ക് ചുമതല നല്‍കി കാലിക്കറ്റ് സെനറ്റ് യോഗം

അക്കാദമിക മൂല്യത്തിന് കോട്ടമില്ലാതെയും നടപടിക്രമങ്ങള്‍ ലഘൂകരിച്ചും ബിരുദ പരീക്ഷകള്‍ നടത്തി സമയത്തിന് ഫലം പ്രസിദ്ധീകരിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് യോഗം വൈസ് ചാന്‍സലറെയും പരീക്ഷാ കണ്‍ട്രോളറെയും ചുമതലപ്പെടുത്തി.

2019-ല്‍ പ്രവേശനം നേടിയവരുടെ മൂന്ന് മുതല്‍ ആറു വരെ സെമസ്റ്റര്‍ പരീക്ഷകളാണ് ഇനി നടക്കാനുള്ളത്. മെയ് അവസാനത്തോടെയെങ്കിലും ഫലം പ്രസിദ്ധീകരിക്കുകയാണ് ലക്ഷ്യം. ഇത്രയധികം പരീക്ഷകള്‍ ഒരുമിച്ച് നടത്തുന്നത് പരീക്ഷാഭവന്‍ ജീവനക്കാര്‍ക്കും മൂല്യനിര്‍ണയം നടത്തുന്ന അധ്യാപകര്‍ക്കും പ്രയാസമാകും. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ അടിയന്തര പ്രമേയത്തിലാണ്  തീരുമാനം.

വിനോദ് എന്‍. നീക്കാംപുറത്ത്, ഡോ. ടി. മുഹമ്മദലി എന്നിവര്‍ നല്‍കിയ പ്രമേയം സംയുക്തമായി ചര്‍ച്ചയ്ക്കെടുക്കുകയായിരുന്നു. പരീക്ഷകള്‍ ഒഴിവാക്കുകയോ മുന്‍ പരീക്ഷകളുടെ ശരാശരി പരിഗണിച്ച് മാര്‍ക്ക് നല്‍കുകയോ ചെയ്യുന്നത് അക്കാദമിക് മൂല്യത്തില്‍ വെള്ളം ചേര്‍ക്കലാകുമെന്ന് അംഗങ്ങളില്‍ ഭൂരിഭാഗവും അഭിപ്രായപ്പെട്ടു. വിദ്യാര്‍ഥികളുടെ ഭാവിക്ക് ദോഷമാകുന്നതാകും ഇതെന്നും യോഗം വിലയിരുത്തി. പരീക്ഷാജോലികള്‍, മൂല്യനിര്‍ണയം തുടങ്ങിയ നടപടിക്രമങ്ങള്‍ എങ്ങനെയെല്ലാം ലഘൂകരിച്ച് സമയത്തിന് തന്നെ ഫലം പ്രഖ്യാപിക്കാനാകുമെന്ന കാര്യം വൈസ് ചാന്‍സലര്‍ തീരുമാനിക്കും. ഇക്കാര്യത്തില്‍ അധ്യാപകരുടെയും ജീവനക്കാരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി വി.സി. ഡോ. എം.കെ. ജയരാജ് പറഞ്ഞു.

കെ.കെ. ഹനീഫ, ഡോ. ജി. റിജുലാല്‍, അഡ്വ. ടോം കെ. തോമസ്, ഡോ. കെ.പി. വിനോദ് കുമാര്‍, ഡോ. എം. മനോഹരന്‍, ഡോ. പി. റഷീദ് അഹമ്മദ്, സോണിയ ഇ.പ., ഡോ. കെ. അലി നൗഫല്‍, ഡോ. അരുണ്‍ കരിപ്പാല്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

‘നാക്’ അംഗീകാരത്തിനായി നടത്തിയ തയ്യാറെടുപ്പുകള്‍ സിന്‍ഡിക്കേറ്റംഗം കെ.കെ. ഹനീഫ വിവരിച്ചു. നാക്  അംഗീകാരവും ഭൗതിക സാഹചര്യങ്ങളും ചര്‍ച്ച ചെയ്യാന്‍ നവംബര്‍ എട്ടിന് പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം ചേരുമെന്നും വി.സി. അറിയിച്ചു.

42 ഡിപ്ലോമ, 73390 ബിരുദം, 4000 പി.ജി., മൂന്ന് എം.ഫില്‍., 52 പി.എച്ച്.ഡി. എന്നിവ ഉള്‍പ്പെടെ 77467 ബിരുദങ്ങള്‍ സെനറ്റ് അംഗീകരിച്ചു.

സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് സര്‍വകലാശാലയുടെ നീക്കിയിരിപ്പ് തുകകള്‍ക്ക് കൂടുതല്‍ പലിശ ലഭിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കും.

2018-19 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് അംഗീകരിച്ചു.

കോവിഡ് പ്രതികൂല സാഹചര്യത്തിലും 2018 പ്രവേശനം ബിരുദവിദ്യാര്‍ഥികളുടെ പരീക്ഷാഫലം സമയത്തിന് പ്രസിദ്ധീകരിച്ചതിലും പത്ത് ദിവസത്തിനകം ബി.എഡ്. ഫലം നല്‍കിയതിലും പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സി.സി. ബാബു, ജീവനക്കാര്‍, അധ്യാപകര്‍ എന്നിവരെ യോഗം അഭിനന്ദിച്ചു.

കഴിഞ്ഞ അക്കാദമിക് കൗണ്‍സില്‍ യോഗം അംഗീകരിച്ച വിവിധ കോഴ്‌സുകളുടെ റഗുലേഷനുകള്‍ക്ക് അംഗീകാരം നല്‍കി.

പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു

error: Content is protected !!