കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കാലിക്കറ്റ് സർവ്വകലാശാല ബാർ കോഡെഡ് പി ജി പരീക്ഷയുടെ നാലാം സെമെസ്റ്ററിന്റെ ഫലം പ്രസിദ്ധപ്പെടുത്തി

കാലിക്കറ്റ് സർവ്വകലാശാല ആധുനിക രീതിയിൽ ബാർ കോഡ് സംവിധാനം ഉപയോഗിച്ച് നടത്തിയ CBCSS 2021 അഡ്മിഷൻ നാലാം സെമെസ്റ്ററിന്റെ പി ജി പരീക്ഷയുടെ ഫലം ഇന്നേ ദിവസം കാലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസിലർ ഡോ.എം.കെ.ജയരാജ്, നിർവ്വഹിച്ചു. തദവസരത്തിൽ പരീക്ഷ കൺട്രോളർ ഡോ.ഗോഡ്വിന് സാമ്രാജ്,ഡി പി.  അധ്യക്ഷത വഹിച്ചു. 217 കോളേജികളിൽ നിന്നും 48 പി ജി പ്രോഗ്രാമിൽ 9141 കുട്ടികൾ പരീക്ഷ എഴുതുകയും അതിൽ 7831 കുട്ടികൾ വിജയിക്കുകയും (85.67 %) ചെയ്തിട്ടുണ്ട്. എഴുത്തു പരീക്ഷക്ക് ശേഷം 18 പ്രവർത്തി ദിവസം കൊണ്ടാണ് പ്രസ്തുത പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കുവാനായത്.

ഡോ. ടി.പി. സുകുമാരന്‍ സ്മാരക പുരസ്‌കാരം
സി. രാധാകൃഷ്ണന് സമ്മാനിച്ചു

ഡോ. ടി.പി. സുകുമാരന്റെ സ്മരണയ്ക്കായി സ്മാരക സമിതി ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരം കാലിക്കറ്റ് സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരന്‍ സി. രാധാകൃഷ്ണന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് സമ്മാനിച്ചു. ആസ്ഥാന ജീവിതങ്ങളായി എഴുത്തുകാര്‍ മാറിപ്പോകുന്നതു കൊണ്ട് അസ്തിത്വത്തിന് അര്‍ഥമില്ലാത്ത അവസ്ഥയിലേക്ക് അവര്‍ ശോഷിച്ചു പോകുന്ന ദുരന്തമാണുള്ളതെന്ന് പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ടുള്ള പ്രസംഗത്തില്‍ സി. രാധാകൃഷ്ണന്‍ പറഞ്ഞു. ജീവിതത്തിന്റെ ഏറ്റവും വലിയ അര്‍ഥം തിരുത്തല്‍ ആണ്. ഓരോ കാര്യവും ചെയ്യുമ്പോഴുണ്ടാകുന്ന തെറ്റുകളില്‍ നിന്നും നിലപാടുകളില്‍ തിരുത്തല്‍ വരുത്താനാകണം. പുതിയ തലമുറയിലെ എഴുത്തുകാരെ കണ്ടെത്തി അവാര്‍ഡുകള്‍ സമ്മാനിക്കുന്നതാണ് ഉചിതമെന്നും അതിലൂടെ അവര്‍ക്ക് കൂടുതല്‍ ഊര്‍ജം പകരാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സര്‍വകലാശാലാ മലയാള-കേരള പഠനവിഭാഗവും കണ്ണൂര്‍ ഡോ. ടി.പി. സുകുമാരന്‍ സ്മാരക സമിതിയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. പഠനവകുപ്പ് മേധാവി ഡോ. പി. സോമനാഥന്‍ അധ്യക്ഷനായി. പി.കെ. ഗോപി, ആലങ്കോട് ലീലാകൃഷ്ണന്‍, അറബിക് പഠനവിഭാഗം മേധാവി ഡോ. എ.ബി. മൊയ്തീന്‍കുട്ടി, ഉര്‍ദു വിഭാഗം മേധാവി ഡോ. കെ.വി. നകുലന്‍, ബാലകൃഷ്ണന്‍ കൊയ്യാല്‍, സ്മാരക സമിതി ഭാരവാഹികളായ സി.എച്ച്. വത്സലന്‍, ഡോ. എം.ബി. മനോജ്, അഡ്വ. രവീന്ദ്രന്‍ കണ്ടോത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

ഫോട്ടോ- ഡോ. ടി.പി. സുകുമാരന്‍ സ്മാരക സമിതിയുടെ പ്രഥമ പുരസ്‌കാരം സി. രാധാകൃഷ്ണന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് സമ്മാനിക്കുന്നു. ആലങ്കോട് ലീലാകൃഷ്ണന്‍, പി.കെ. ഗോപി തുടങ്ങിയവര്‍ സമീപം.      പി.ആര്‍. 1085/2023

പ്രഥമ കേരള കോളേജ് ഗെയിംസിന്
കാലിക്കറ്റ് വേദിയാകും

2023-ലെ കേരള കോളേജ് ഗെയിംസിന് കാലിക്കറ്റ് സര്‍വകലാശാലാ വേദിയാകും. കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നടന്ന സര്‍വകലാശാലാ കായിക ഡയറക്ടര്‍മാരുടെയും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഉന്നതാധികാരികളുടെയും യോഗത്തിലാണ് തീരുമാനം. 3 ദിവസങ്ങളിലായി 3000-ത്തോളം കായികതാരങ്ങള്‍ പങ്കെടുക്കുന്ന മത്സരങ്ങള്‍ ഡിസംബര്‍ മൂന്നാം വാരത്തിലാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്. അത്‌ലറ്റിക്‌സ്, വോളിബോള്‍, ഫുട്‌ബോള്‍, ബാസ്‌കറ്റ് ബോള്‍, ഷട്ടില്‍ ബാഡ്മിന്റണ്‍, ഖോ-ഖോ, ബോക്‌സിംഗ്, ജൂഡോ, നീന്തല്‍ തുടങ്ങിയ ഇനങ്ങളില്‍ പുരുഷ-വനിതാ മത്സരങ്ങള്‍ നടക്കും. അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസിന്റെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചായിരിക്കും മത്സരങ്ങള്‍ നടത്തുക. ഗെയിംസിന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സംഘാടകസമിതി സപ്തംബര്‍ മാസത്തില്‍ രൂപീകരിക്കും. ഒരു കാമ്പസില്‍ ഇത്രയധികം മത്സരങ്ങള്‍ നടത്തുന്നത് കേരളത്തിന്റെ കായിക ചരിത്രത്തില്‍ ആദ്യമായിരിക്കും.      പി.ആര്‍. 1086/2023

‘കാഫില’ നാടകം – സ്‌കൂള്‍ ഓഫ് ഡ്രാമയില്‍

പ്രശസ്ത നാടക സംവിധായകന്‍ സുനില്‍ ഷാന്‍ബാഗ് സംവിധാനം ചെയ്ത നാടകം ‘കാഫില’ – യുടെ പ്രദര്‍ശനം സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നടക്കുന്നു. എം.ടി.എ. വിദ്യാര്‍ത്ഥികള്‍ക്കായാണ് സുനില്‍ ഷാന്‍ബാഗ് നാടകം സംവിധാനം ചെയ്തിരിക്കുന്നത്. 24, 25 തീയതികളില്‍ രാത്രി 7 മണിക്ക് സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ രാമാനുജന്‍ സ്റ്റുഡിയോയിലാണ് നാടകാവതരണം. ഈജിപ്ഷ്യന്‍ നാടകകൃത്തായ ആല്‍ഫ്രഡ് ഫരാഗ് എഴുതിയ ‘അലി ജന അല്‍ തമ്പ്രിസിയും തന്റെ ജോലിക്കാരനുമായ ക്യുഫ’ എന്ന നാടകത്തിന്റെ മലയാള പരിഭാഷയാണ് ‘കാഫില’. പ്രശസ്ത കവി അന്‍വര്‍ അലിയാണ് നാടകത്തിന്റെ മലയാള മൊഴിമാറ്റം നിര്‍വഹിച്ചത്.    പി.ആര്‍. 1087/2023

ഫിസിക്കല്‍ എഡ്യുക്കേഷന്‍ അസി. പ്രൊഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ കോഴിക്കോട് കല്ലായിയിലുള്ള ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ അസി. പ്രൊഫസറുടെ ഒരു ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി സപ്തംബര്‍ 4-ന് രാവിലെ 11 മണിക്ക് സെന്ററില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ 9447234113, 9447849621.      പി.ആര്‍. 1088/2023

എം.ബി.എ. സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാല നേരിട്ടു നടത്തുന്ന കോഴിക്കോട് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ എം.ബി.എ. കോഴ്‌സിന് ജനറല്‍, സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. കെ-മാറ്റ് യോഗ്യതയില്ലാത്തവരെയും പ്രവേശനത്തിന് പരിഗണിക്കുന്നതാണ്. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രക്ഷിതാവിനോടൊപ്പം സപ്തംബര്‍ 4-ന് വൈകീട്ട് 3 മണിക്ക് മുമ്പായി സെന്ററില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ 9496289480 / 7594006138.      പി.ആര്‍. 1089/2023

കോണ്‍ടാക്ട് ക്ലാസ്

കാലിക്കറ്റ് സര്‍വകലാശലാ എസ്.ഡി.ഇ. 2021 പ്രവേശനം പി.ജി. വിദ്യാര്‍ത്ഥികള്‍ക്ക് ആഗസ്ത് 6-ന് നടത്താന്‍ നിശ്ചയിച്ച് മാറ്റിവെച്ച നാലാം സെമസ്റ്റര്‍ കോണ്‍ടാക്ട് ക്ലാസ്സുകള്‍ സപ്തംബര്‍ 9-ന് നടക്കും. വിദ്യാര്‍ത്ഥികള്‍ ഐ.ഡി. കാര്‍ഡ് സഹിതം ഹാജരാകണം.      പി.ആര്‍. 1090/2023

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റര്‍ എം.എ., എം.എസ് സി., എം.എസ്.ഡബ്ല്യു., എം.ടി.ടി.എം., എം.ബി.ഇ., എം.കോം. ഏപ്രില്‍ 2023  പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 11 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ എം.സി.എ. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 11 വരെ അപേക്ഷിക്കാം.      പി.ആര്‍. 1091/2023

error: Content is protected !!