കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

വിദ്യാര്‍ഥികള്‍ ഭാവനകളിലൂടെ പുതുലോകം സൃഷ്ടിക്കണം
ഡോ. എം.കെ. ജയരാജ്

അതിരില്ലാത്ത ഭാവനകളിലൂടെ പുത്തന്‍ ആശയങ്ങള്‍ തേടാനും ശാസ്ത്രക്കുതിപ്പിലൂടെ പുതിയ ലോകം സൃഷ്ടിക്കാനും വിദ്യാര്‍ഥികള്‍ തയ്യാറാകണമെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു. സര്‍വകലാശാലാ ഫിസിക്സ് പഠനവിഭാഗവും ഊരാളുങ്കല്‍ സ്പേസ് ക്ലബ്ബും ചേര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച സ്പേസ് ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിന്റെ വളര്‍ച്ചക്ക് ശാസ്ത്രപുരോഗതി അനിവാര്യമാണ്. ശാസ്ത്ര ബോധവും ശാസ്ത്രജ്ഞാനവും രണ്ടാണെന്നും ശാസ്ത്രാവബോധം ശാസ്ത്രജ്ഞര്‍ക്ക് മാത്രമല്ല എല്ലാ പൗരന്മാര്‍ക്കും അനിവാര്യമാണെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. വിദ്യാര്‍ഥികളില്‍ ശാസ്ത്രാവബോധം നല്‍കുന്നതിനായി സംഘടിപ്പിച്ച പരിപാടിയില്‍ ഫിസിക്സ് വിഭാഗം മേധാവി ഡോ. സി.ടി. രവികുമാര്‍ അധ്യക്ഷനായി. തിരുവനന്തപുരം ഐ.ഐ.എസ്.ടി.  രജിസ്ട്രാര്‍ ഡോ. വൈ.വി.എന്‍. കൃഷ്ണ മൂര്‍ത്തി മുഖ്യതിഥിയായിരുന്നു. ഐ.എസ്.ആര്‍.ഒ. മുന്‍ ഡയറക്ടര്‍ ഇ.കെ. കുട്ടി, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. എം. ഷാഹിന്‍ തയ്യില്‍, കോഴിക്കോട് എന്‍.ഐ.ടി. അസോ. പ്രൊഫസര്‍ ഡോ. ബിജു ജി. നായര്‍, കേരള സ്റ്റാര്‍ട്ടപ് മിഷന്‍ പ്രതിനിധി അജയന്‍ കാവുങ്ങല്‍, യു.എല്‍. എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. ഇ.പി.എ. സന്ദേശ് എന്നിവര്‍ സംസാരിച്ചു. വിവിധ സ്‌കൂളുകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട നൂറോളം കുട്ടികള്‍ പങ്കെടുക്കുന്ന സ്പേസ് ക്യാമ്പ് ബുധനാഴ്ച അവസാനിക്കും.

ഫോട്ടോ- കാലിക്കറ്റ് സര്‍വകലാശാലാ ഫിസിക്സ് പഠനവിഭാഗവും ഊരാളുങ്കല്‍ സ്പേസ് ക്ലബ്ബും ചേര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച സ്പേസ് ക്യാമ്പ് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു.    പി.ആര്‍. 542/2023

ബി.ടെക്. പ്രവേശനം 2023

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ടെക്‌നോളജിയില്‍ 2023-24 വര്‍ഷത്തെ  അഡ്മിഷനുമായി ബന്ധപ്പെട്ട് ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, പ്രിന്റിംഗ് ടെക്‌നോളജി എന്നീ ബ്രാഞ്ചുകളിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ടാണ് ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങിയിരിക്കുന്നത്. കീം എക്‌സാമിനു അപേക്ഷിക്കാത്തവര്‍ക്കും പ്രവേശനം നേടാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. ഫോണ്‍ – 9567172591,9188400223    പി.ആര്‍. 543/2023

പി.ജി. പ്രവേശന പരീക്ഷാ ഹാള്‍ടിക്കറ്റ്

കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ വിവിധ പഠനവകുപ്പുകളിലെ പി.ജി., ഇന്റഗ്രേറ്റഡ് പി.ജി. സര്‍വകലാശാലാ സെന്ററുകളിലെ എം.സി.എ., എം.എസ്.ഡബ്ല്യു., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍, എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി, എം.എസ് സി. ഫോറന്‍സിക് സയന്‍സ് കോഴ്‌സുകളുടെ പ്രവേശനത്തിനായി നടത്തുന്ന പ്രവേശന പരീക്ഷയുടെ (സി.യു. ക്യാറ്റ് 2023) ടൈംടേബിളും ഹാള്‍ടിക്കറ്റും വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഹാള്‍ടിക്കറ്റില്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ പരിശോധിച്ച് ശരിയാണെന്ന് ഉറപ്പു വരുത്തേണ്ടതാണ്. തിരുത്തലുകള്‍ ഉണ്ടെങ്കില്‍ തെളിവ് സഹിതം പ്രവേശന വിഭാഗത്തെ അറിയിക്കണം. ഫോണ്‍ – 0494 2407017, 7016. ഇ-മെയില്‍  doaentrance@uoc.ac.in    പി.ആര്‍. 544/2023

ഓഡിറ്റ് കോഴ്‌സ് പരീക്ഷയില്‍ മാറ്റം

15-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റര്‍ ബി.ബി.എ. യു.ജി. ഓഡിറ്റ് കോഴ്‌സ് ഓണ്‍ലൈന്‍ പരീക്ഷ പ്രസ്തുത ദിവസം നാലാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷ നടക്കുന്നതിനാല്‍ 12-ന് ബി.കോം ബാച്ച് 4-നോടൊപ്പം വൈകീട്ട് 3 മുതല്‍ 4 വരെ നടത്താന്‍ തീരുമാനിച്ചു.  നാലാം സെമസ്റ്റര്‍ ബി.എ. എക്കണോമിക്‌സ് യു.ജി.ഓഡിറ്റ് കോഴ്‌സ് പരീക്ഷയില്‍ മാറ്റമില്ല. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.     പി.ആര്‍. 545/2023

കോണ്‍ടാക്ട് ക്ലാസ്സ്

എസ്.ഡി.ഇ. 2022 പ്രവേശനം യു.ജി. രണ്ടാം സെമസ്റ്റര്‍ കോണ്‍ടാക്ട് ക്ലാസുകള്‍ 13 മുതല്‍ 25 വരെ നടക്കും. വിദ്യാര്‍ത്ഥികള്‍ ഐ.ഡി. കാര്‍ഡ് സഹിതം ഹാജരാകണം. വിശദവിവരങ്ങള്‍ എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2400288, 2407356.    പി.ആര്‍. 546/2023

error: Content is protected !!