ദേശീയതാരങ്ങളെ വളര്‍ത്താന്‍ പദ്ധതിയുമായി കാലിക്കറ്റ് സര്‍വകലാശാലാ സ്വിമ്മിങ് അക്കാദമി

അടുത്ത വര്‍ഷം കൂടുതല്‍ ദേശീയ താരങ്ങളെ വാര്‍ത്തെടുക്കാന്‍ പദ്ധതിയുമായി കാലിക്കറ്റ് സര്‍വകലാശാലാ സ്വിമ്മിങ് അക്കാദമി. സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ മികച്ച നേട്ടത്തിന് പിന്നാലെയാണ് സ്‌പോര്‍ട്‌സ് സ്വിമ്മിങ് ഫെസ്റ്റിവല്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ ആവിഷ്‌കരിക്കുന്നതെന്ന് കായിക വിഭാഗം മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍ പറഞ്ഞു.

സംസ്ഥാന സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ അക്കാദമിയിലെ ടി. ഹര്‍ഷ് വിവിധ ഇനങ്ങളില്‍ സ്വര്‍ണം, വെള്ളി, വെങ്കല മെഡലുകള്‍ നേടി ദേശീയ ചാമ്പ്യന്‍ ഷിപ്പിന് അര്‍ഹത നേടി. സംസ്ഥാന തലത്തില്‍ പങ്കെടുത്ത ഹന്ന മറിയം ബേബി, അമേയ കെ. പ്രദീപ്, അനുഷ് പ്രഭ്, കെ.പി. ലക്ഷ്മി, സി. സ്വാതി കൃഷ്ണ, എന്‍. അനുഷ്‌ക, എന്‍.പി. ആരാധ്യ എന്നിവര്‍ ആദ്യ എട്ടില്‍ ഇടം നേടി. അന്താരാഷ്ട്ര നിലവാരമുള്ള സര്‍വകലാശാലയിലെ സ്വിമ്മിങ് പൂളില്‍ കോച്ച് ജെ.സി മധുകുമാറിന്റെ നേതൃത്വത്തില്‍ ഷെനിന്‍, സൂര്യ, ബിജു എന്നിവരാണ് പരിശീലനം നല്‍കുന്നത്.  

കായികപഠനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര നിലവാരമുള്ള കായിക താരങ്ങളെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ രണ്ട് വര്‍ഷം മുമ്പ് സര്‍വകലാശാലയില്‍ ആരംഭിച്ച അക്കാദമികളിലൊന്നാണിത്. ഇക്കഴിഞ്ഞ സംസ്ഥാന  സ്‌കൂള്‍ കായികമേളയില്‍ കിരീടം ചൂടിയ മലപ്പുറം ജില്ലയുടെ മുന്നേറ്റത്തില്‍ കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയങ്ങളും  ആധുനിക സൗകര്യങ്ങളും വലിയ പങ്കാണ് നിര്‍വഹിച്ചിട്ടുള്ളത്.

2022-ല്‍ സര്‍വകലാശാല സമ്മര്‍ കോച്ചിങ്ങ് ക്യാമ്പില്‍ നിന്ന് തിരഞ്ഞെടുത്ത 10 കുട്ടികള്‍ക്ക് ഒരു വര്‍ഷം സൗജന്യ പരിശീലനം നല്‍കിയിരുന്നു. ഇതിലുള്‍പ്പെട്ടവരാണ് സംസ്ഥാന തലത്തില്‍  മികച്ച  പ്രകടനം നടത്തിയ മിക്ക താരങ്ങളും.

error: Content is protected !!