വ്യവസായ സ്ഥാപനങ്ങളുമായി സഹകരണത്തിനുള്ള (ഇന്‍ഡസ്ട്രിയല്‍ ലിങ്കേജ്) പദ്ധതിയുടെ കരട് രൂപത്തിന് കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് അംഗീകാരം നല്‍കി. പഠിച്ചിറങ്ങുന്നവര്‍ക്ക് മികച്ച തൊഴിലസരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള അക്കാദമിക് സഹകരണമാണ് ലക്ഷ്യം. സര്‍വകലാശാലയുടെ കണ്‍സള്‍ട്ടന്‍സി നയവും അംഗീകരിച്ചു. സര്‍വകലാശാലാ അധ്യാപകരെ കണ്‍സള്‍ട്ടന്റായി ലഭിക്കാന്‍ വിവിധ ഏജന്‍സികള്‍ സമീപിക്കുന്നുണ്ട്. കണ്‍സള്‍ട്ടന്‍സി വിഹിതത്തില്‍ 70 ശതമാനം അധ്യാപകര്‍ക്കും 30 ശതമാനം സര്‍വകലാശാലക്കുമായിരിക്കും. യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനായി.
പ്രധാന തീരുമാനങ്ങള്‍
ഹോമി ഭാഭ നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ഗവേഷണ സഹകരണത്തിനുള്ള ധാരണാപത്രം അംഗീകരിച്ചു.
സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് കെമിക്കല്‍ ആന്‍ഡ് ഫിസിക്കല്‍ സയന്‍സിന് കീഴില്‍ സെന്റര്‍ ഫോര്‍ ഫോട്ടോണിക്‌സ് തുടങ്ങും.
ഇ.എം.എം.ആര്‍.സിക്ക് കീഴില്‍ മള്‍ട്ടിമീഡിയ പരിശീലന കോഴ്സുകള്‍ തുടങ്ങും.
അച്യുതമേനോന്‍ ഫൗണ്ടേഷന്റെ അപേക്ഷ പ്രകാരം ചെയര്‍ തുടങ്ങുന്നതിനുള്ള അപേക്ഷ നിയമാനുസൃതമായി പരിഗണിക്കും. സി. അച്യുതമേനോന്‍ ചെയര്‍ ഫോര്‍ സയിന്റിഫിക് സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് ഇന്‍ ഹ്യൂമാനിറ്റീസ് ആന്‍ഡ് അലൈഡ് സബ്ജക്ട് എന്ന പേരില്‍ ചെയര്‍ തുടങ്ങാനാണ് അപേക്ഷ നല്‍കിയിരിക്കുന്നത്.
രണ്ടാം സെമസ്റ്റര്‍ ബിരുദത്തിന്റെ ജേണലിസം കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പില്‍ പങ്കെടുക്കാതിരുന്ന അധ്യാപകരില്‍ നിന്നും ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍മാരില്‍ നിന്നും വാദം കേള്‍ക്കും.
16-ന് തുടങ്ങുന്ന അഞ്ചാം സെമസ്റ്റര്‍ ബിരുദ മൂല്യനിര്‍ണയ ക്യാമ്പില്‍ അധ്യാപകരെ പങ്കെടുപ്പിക്കാത്ത കോളേജുകളുടെ അഫിലിയേഷന്‍ പുതുക്കി നല്‍കില്ല.
വിദേശ പൗരത്വം സംബന്ധിച്ച പരാതിയില്‍ ലൈഫ് സയന്‍സ് പഠനവിഭാഗം അധ്യാപകന്‍ ഡോ. ജി. രാധാകൃഷ്ണ പിള്ളയെ സര്‍വീസില്‍ നിന്നു നീക്കം ചെയ്യാനുള്ള സിന്‍ഡിക്കേറ്റ് സമിതി ശുപാര്‍ശ അംഗീകരിച്ചു.
ദ്വീപ് ഭരണകൂടം ഇടക്ക് വെച്ച് കോഴ്സുകള്‍ നിര്‍ത്തിലാക്കിയതു വഴി ദുരിതത്തിലായ ലക്ഷദ്വീപ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ നടത്തുന്നതിനായി ലക്ഷദ്വീപ് മോണിറ്ററിങ് സമിതിയും പരീക്ഷാ സ്ഥിരസമിതിയും ചേര്‍ന്ന് ദ്വീപ് ഭരണകൂടവുമായി ചര്‍ച്ച നടത്തും.