കാലിക്കറ്റ് സര്‍വകലാശാലയുടെ പ്രഥമ പി.ജി. ഗ്രാജ്വേഷന്‍ സെറിമണിയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങിയത് 999 പേര്‍. ചൊവ്വാഴ്ച പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ചടങ്ങില്‍ 254 പേരും സര്‍വകലാശാലാ പഠനവകുപ്പുകളില്‍ നിന്ന് 149 പേരും വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രനില്‍ നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങി.
തിങ്കളാഴ്ച മലപ്പുറം ജില്ലയില്‍ നിന്ന് 326 പേരും കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്നായി 270 പേരും സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിയിരുന്നു. പഠിച്ച് നേടിയ മാര്‍ക്കിനേക്കാള്‍ സമൂഹത്തിനുതകുന്ന തരത്തില്‍ ജീവിതത്തെ രൂപപ്പെടുത്തുന്നതാണ് യഥാര്‍ഥ വിജയമെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. ഓരോരുത്തരും അവരവരുടെ മേഖലയില്‍ പ്രാവീണ്യം തെളിയിക്കുന്നതിനുള്ള മത്സരക്ഷമത നേടിയെടുക്കണമെന്നും വി.സി. അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ സിന്‍ഡിക്കേറ്റിന്റെ പരീക്ഷാ സ്ഥിരംസമിതി കണ്‍വീനര്‍ ഡോ. ടി. വസുമതി അധ്യക്ഷത വഹിച്ചു. പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്‌വിൻ സാംരാജ്, സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. എല്‍.ജി. ലിജീഷ്, അഡ്വ. എം.ബി. ഫൈസല്‍, ഡോ. കെ. പ്രദീപ് കുമാര്‍, ഇ. അബ്ദുറഹീം, ഡോ. കെ. മുഹമ്മദ് ഹനീഫ, എ.കെ. അനുരാജ്, പി. മധു, സി.സി.എസ്.എസ്. കണ്‍വീനര്‍ ഡോ. സാബു കെ. തോമസ്, ഡെപ്യൂട്ടി രജിസ്ട്രാര്‍ വി.വി. സാബു തുടങ്ങിയവര്‍ സംസാരിച്ചു.