സംസ്ഥാന ഹജ്ജ് ക്യാമ്പിന് കരിപ്പൂരില്‍ തുടക്കം ; ആദ്യ ദിവസം യാത്രയാകുന്നത് മൂന്ന് വിമാനങ്ങളിലായി 498 പേര്‍
കേരളത്തില്‍ നിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പുറപ്പെടുന്ന തീര്‍ത്ഥാടകരുടെ ആദ്യസംഘം ഇന്ന് (തിങ്കള്‍) അര്‍ധരാത്രിക്കു ശേഷം കരിപ്പൂരില്‍ നിന്ന് യാത്രതിരിക്കും. ചൊവ്വാഴ്ച (21.05.2024) പുലര്‍ച്ചെ 12.05 നാണ് കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐ.എക്‌സ് 3011 നമ്പര്‍ വിമാനത്തില്‍ 166 തീര്‍ത്ഥാടകരാണ് പുണ്യഭൂമിയിലേക്ക് യാത്ര തിരിക്കുന്നത്. ആദ്യ വിമാനം പുലര്‍ച്ചെ 3.50 ന് ജിദ്ദയിലെത്തും. ചൊവ്വാഴ്ച രാവിലെ 8 നും വൈകീട്ട് 3 നും രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങള്‍ 166 വീതം യാത്രക്കാരുമായി തിരിക്കും. ആകെ 498 ഹാജിമാരാണ് ആദ്യ ദിവസം കരിപ്പൂരിൽ നിന്ന് യാത്രയാകുന്നത്.
ഈ വര്‍ഷത്തെ സംസ്ഥാന ഹജ്ജ് ക്യാമ്പിന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ തുടക്കമായി. ഇന്നലെ (തിങ്കള്‍) രാവിലെ മുതല്‍ തിര്‍ത്ഥാടകര്‍ ക്യാമ്പിലെത്തി തുടങ്ങി. വിമാനത്താവളത്തിലെ എയര്‍ലൈന...