Thursday, July 31

ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവം ; ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍, ബജ്‌റംഗ്ദള്‍ വാദത്തെ അനുകൂലിച്ച് പ്രോസിക്യൂഷന്‍

റായ്പുര്‍: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഛത്തീസ്ഗഡ് സര്‍ക്കാര്‍. ജാമ്യാപേക്ഷ സെഷന്‍സ് കോടതിയുടെ പരിഗണനയിലെത്തിയപ്പോള്‍ ജാമ്യം നല്‍കരുതെന്ന ബജ്‌റംഗ്ദള്‍ അഭിഭാഷകന്റെ വാദത്തെ പബ്ലിക് പ്രോസിക്യൂഷന്‍ അനുകൂലിച്ചു. കേസ് സെഷന്‍സ് കോടതി അല്ല പരിഗണിക്കേണ്ടത് എന്നാണ് ഇരുവരും നിലപാട് അറിയിച്ചത്. ജാമ്യം നല്‍കരുതെന്ന് പൊലീസും വാദിച്ചു.

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ തയ്യാറാകാതെ ബിലാസ്പുര്‍ എന്‍ഐഎ കോടതിയിലേക്ക് മാറ്റികൊണ്ടുള്ള ഛത്തീസ്ഗഡ് സെഷന്‍സ് കോടതിയുടെ ഉത്തരവിന്റെ പകര്‍പ്പ് പുറത്ത് വന്നു. കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കിയാല്‍ ഇനിയും മത പരിവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കുമെന്നും നാട്ടില്‍ കലാപം ഉണ്ടാകുമെന്നും ബജ്‌റംഗ്ദള്‍ അഭിഭാഷകന്‍ വാദിച്ചു. കേസില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്നും ആവശ്യപ്പെട്ടു.

ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവകാംഗമായ സിസ്റ്റര്‍ പ്രീതി മേരി എന്നിവരു ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം മജിസ്‌ട്രേട്ട് കോടതി തള്ളിയിരുന്നു. കേസില്‍ ആരോപിച്ചിരിക്കുന്ന മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നീ കുറ്റങ്ങള്‍ അധികാരപരിധിയിലല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിനെ തുടര്‍ന്നാണ് സെഷന്‍സ് കോടതി കേസ് പരിഗണിച്ചത്. 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ഈ കോടതിയിലാണ് പരിഗണിക്കുക. മതപരിവര്‍ത്തനമോ മനുഷ്യക്കടത്തോ നടന്നിട്ടില്ലെന്നും, ജോലി ചെയ്തു ജീവിക്കാനായി ഭരണഘടന നല്‍കുന്ന അവകാശമാണു യുവതികള്‍ ഉപയോഗിച്ചതെന്നും ജാമ്യാപേക്ഷയില്‍ ഉന്നയിച്ചിരുന്നു.

error: Content is protected !!