“സി.ഐ മോശം പെൺകുട്ടിയെന്ന് പറഞ്ഞു, പ്രതിശ്രുത വരനെ ഭീഷണിപ്പെടുത്തി”; പോക്‌സോ ഇരയുടെ ആത്മഹത്യ കുറിപ്പ്

കോഴിക്കോട്: തേഞ്ഞിപ്പലത്ത് കഴിഞ്ഞദിവസം ജീവനൊടുക്കിയ പോക്സോ കേസ് ഇരയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. പെൺകുട്ടി നേരത്തെ ജീവനൊടുക്കാൻ ശ്രമിച്ചപ്പോൾ എഴുതിയ കുറിപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പോക്സോ കേസ് അന്വേഷിച്ച ഫറോക്ക് പോലീസ് സ്റ്റേഷനിലെ സി.ഐ.ക്കെതിരേ ഗുരുതരമായ ആരോപണങ്ങളാണ് കുറിപ്പിലുള്ളത്.

സി.ഐ. തന്നെ മോശം പെൺകുട്ടിയെന്ന് വിളിച്ച് അപമാനിച്ചു, പീഡനവിവരം നാട്ടുകാരോടെല്ലാം പറഞ്ഞു, പ്രതിശ്രുത വരനെ ഭീഷണിപ്പെടുത്തി തുടങ്ങിയ ആരോപണങ്ങളാണ് കുറിപ്പിലുള്ളത് എന്നാണ് അറിയുന്നത്. തന്റെ നിലവിലെ മാനസികാവസ്ഥയ്ക്ക് കാരണം സി.ഐ.യാണെന്നും കുറിപ്പിലുണ്ട്.

വിവാഹാലോചന നടക്കുന്ന സമയത്ത് പെണ്ണുകാണലിനെത്തിയ യുവാവിനോടാണ് ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ പീഡിപ്പിച്ചവിവരം പെൺകുട്ടി തുറന്നുപറയുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകുകയും ബന്ധുക്കളടക്കം ആറുപേർക്കെതിരേ പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. എന്നാൽ പ്രതിശ്രുത വരനെ സി.ഐ. പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയെന്നും താൻ മോശം പെൺകുട്ടിയാണെന്നും വിവാഹം കഴിക്കേണ്ടെന്നും പറഞ്ഞതായാണ് പെൺകുട്ടിയുടെ കുറിപ്പിലുള്ളത്. കേസിന്റെ തെളിവെടുപ്പിന് കൊണ്ടുപോയപ്പോൾ അവിടെയുണ്ടായിരുന്ന നാട്ടുകാരോടെല്ലാം പീഡനവിവരം പറഞ്ഞ് അപമാനിച്ചു. പുറത്തിറങ്ങാൻ പോലും വയ്യാത്ത അവസ്ഥയാണ്. തന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയ്ക്ക് കാരണം കേസിലെ പ്രതികളും കേസ് അന്വേഷിച്ച സി.ഐ.യാണെന്നും കുറിപ്പിൽ ആരോപിക്കുന്നു.

അതേസമയം, പെൺകുട്ടിക്ക് കൗൺസിലിങ് നൽകണമെന്ന് നിരന്തരം പോലീസിനോട് ആവശ്യപ്പെട്ടിട്ടും പോലീസ് അതിന് തയ്യാറായില്ലെന്ന് ഇരയുടെ മാതാവും ആരോപിച്ചു. ‘ഇപ്പോൾ പുറത്തുവന്ന കുറിപ്പ് നേരത്തെ ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോൾ എഴുതിയതാണ്. അതിനുശേഷം കൗൺസിലിങ് നൽകാൻ പോലീസിനോട് പലതവണ പറഞ്ഞിരുന്നു. എന്നാൽ ഒരിടത്തും കൊണ്ടുപോയില്ല. ഞങ്ങളോട് കൗൺസിലിങ്ങിന് കൊണ്ടുപോകാനാണ് പോലീസ് പറഞ്ഞത്. എനിക്ക് ആരുമില്ല. പോലീസ് അന്ന് നല്ലരീതിയിൽ ഇടപെട്ടിരുന്നെങ്കിൽ മകൾ ഇത്തരം മാനസികാവസ്ഥയിലേക്ക് പോകില്ലായിരുന്നു. കേസ് അന്വേഷിക്കാനെല്ലാം പോലീസ് വേഷത്തിലാണ് അവർ വന്നത്. എല്ലായിടത്തും ഞങ്ങളെ നാറ്റിച്ചു’- മാതാവ് വെളിപ്പെടുത്തി.
കഴിഞ്ഞദിവസം മകൾ ജീവനൊടുക്കാനുള്ള കാരണം പ്രതിശ്രുത വരനുമായുള്ള പ്രശ്നങ്ങളാണെന്നാണ് കരുതുന്നതെന്നും മാതാവ് പറഞ്ഞു. ‘ഇതിൽ ആത്മഹത്യാക്കുറിപ്പ് എഴുതിയോ എന്ന് അറിയില്ല. പലതും പുസ്തകങ്ങളിലെല്ലാം കുറിച്ചിട്ടിരുന്നു. പ്രതിശ്രുത വരനും മകളും തമ്മിൽ ഫോണിലൂടെ നിരന്തരം വഴക്കിട്ടിരുന്നു. പിന്നെ അവർ എല്ലാം ഒത്തുതീർപ്പാക്കി ശരിയാകും. അവൻ ഒരു പത്തുമിനിറ്റ് നല്ലതുപോലെ സംസാരിച്ചാൽ മകൾ ഇത് ചെയ്യില്ലായിരുന്നു’- മാതാവ് പറഞ്ഞു.

പോക്സോ കേസിലെ ഇരയെ പോലീസ് അപമാനിച്ചതെല്ലാം മാതാവ് നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നതായി പൊതുപ്രവർത്തകനായ നൗഷാദ് തെക്കയിലും പ്രതികരിച്ചു. എന്നിട്ടും പോലീസോ ബന്ധപ്പെട്ട ഏജൻസികളോ പെൺകുട്ടിക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും അദ്ദേഹം ആരോപിച്ചു. ‘ പോലീസിന്റെ അപമാനവും അനാസ്ഥയുമെല്ലാം നേരത്തെ തന്നെ മാതാവ് വെളിപ്പെടുത്തിയിരുന്നു. തുടർന്ന് ബാലാവകാശ കമ്മീഷനടക്കം ഇടപെട്ടു. വിഷയത്തിൽ റിപ്പോർട്ട് തേടിയെന്നാണ് അന്ന് അവർ പറഞ്ഞത്. എന്നാൽ പിന്നീടും പോലീസും ഈ കമ്മീഷനും ഒന്നും ചെയ്തില്ല. അലംഭാവം കാണിച്ചു. അത് ചർച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെയാണ്’- നൗഷാദ് പറഞ്ഞു.

error: Content is protected !!