പൗരത്വ നിയമ ഭേദഗതി നിലവിൽ വന്നു; കോടതിയെ സമീപിക്കുമെന്ന് ലീഗ്

ന്യൂഡൽഹി: പൗരത്വനിയമ ഭേദഗതി നിലവിൽ വന്നു. ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കിയതായി ഇന്ന് വൈകീട്ടാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. സിഎഎയുമായി ബന്ധപ്പെട്ട വെബ്സൈറ്റ് ഉടൻ പുറത്തുവരുമെന്നാണ് വിവരം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായി നേരത്തെ റിപ്പോർട്ട് വന്നിരുന്നു. മാർച്ച് ആദ്യവാരം വിജ്ഞാപനം പുറത്തിറക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. പൗരത്വ പട്ടിക രജിസ്‌ട്രേഷനുള്ള പോർട്ടൽ കേന്ദ്രസർക്കാർ ഇതിനകം തയ്യാറാക്കി കഴിഞ്ഞെന്നും എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽനിന്നുള്ള ഹിന്ദു, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്സി മതക്കാർക്കാണ് പൗരത്വ നിയമപ്രകാരം ഇന്ത്യൻ പൗരത്വം നൽകുക. രേഖകളില്ലാത്തവർക്ക് ദീർഘകാല വിസ നൽകുന്നതിന് ജില്ലാ ഭരണകൂടങ്ങൾക്ക് അധികാരമുണ്ടാവുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 2019 ഡിസംബർ 11-നാണ് പാർലമെന്റ് പൗരത്വനിയമം പാസാക്കിയത്. രാജ്യത്തിന്റെ മതേതര നിലപാടിന് വിരുദ്ധമായി മതം നോക്കി പൗരത്വം നൽകുന്ന നിയമത്തിനെതിരെ അന്ന് രാജ്യവ്യാപകമായി വൻ പ്രതിഷേധമുയർന്നിരുന്നു.

അതിനിടെ, പൗരത്വ നിയമ ഭേദഗതിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് മുസ്‌ലിം ലീഗ് അറിയിച്ചു. പൗരത്വനിയമഭേദഗതിയുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് കൊടുത്ത കേസ് ഇപ്പോഴും കോടതിയിൽ നിലനിൽക്കുകയാണെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിലവിൽ സിഎഎ നടപ്പിലാക്കില്ലെന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചിരുന്നത്. തെരഞ്ഞെടുപ്പിന് മണിക്കൂറുകൾക്ക് മുമ്പ് ഇത്തരം പ്രഖ്യാപനം കൊണ്ടുവരുന്നത് നിയമവിരുദ്ധമാണെന്നും ഇത് ചോദ്യം ചെയ്ത് കോടതി സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജാതിമത അടിസ്ഥാനത്തിൽ പൗരത്വമെന്നത് ലോകം അംഗീകരിക്കാത്തതാണെന്നും സിഐഎ നടപ്പിലാക്കുന്നത് ഇന്ത്യൻ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് അടുക്കാറായപ്പോൾ ബിജെപിയുടെ ആത്മവിശ്വാസം ചോർന്നിട്ടുണ്ടെന്നും പറഞ്ഞു.

അതേസമയം, സിഎഎ നടപ്പാക്കിയ കേന്ദ്രസർക്കാർ നടപടിയെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. ഒമ്പത് തവണ മാറ്റിവെച്ച വിജ്ഞാപനം തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് കൊണ്ടുവന്നതിന്റ ലക്ഷ്യം ധ്രുവീകരണമാണെന്ന് ജയറാം രമേശ് വിമർശിച്ചു. ഇലക്ടറൽ ബോണ്ട് വിധിയിലെ തിരിച്ചടിയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണെന്നും ആരോപിച്ചു. എന്നാൽ പൗരത്വഭേദഗതി നിയമം മുസ്ലിം വിരുദ്ധമല്ലെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അവകാശപ്പെട്ടു.

error: Content is protected !!