പദ്ധതി വിഹിതം ചെലവഴിച്ചതിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്ത്, ജില്ലയിൽ ബ്ലോക്ക് പഞ്ചായത്തുകളിൽ തിരൂരങ്ങാടി ഒന്നാം സ്ഥാനത്ത്

മലപ്പുറം : ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും 2024-25 വാർഷിക പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി. സാങ്കേതിക പിഴവുകൾ കാരണം അംഗീകാരം നൽകാതെ മാറ്റിവെച്ചരുന്ന കോട്ടയ്ക്കൽ നഗരസഭ, മലപ്പുറം നഗരസഭ എന്നീ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2024-25 വാർഷിക പദ്ധതികൾക്ക് കൂടി ജില്ലാ ആസൂത്രണ സമതി അംഗീകാരം നൽകിയതോടെയാണിത്.

മൂർക്കനാട്, പുഴക്കാട്ടിരി, തവനൂർ, കോഡൂർ എന്നീ ഗ്രാമപഞ്ചായത്തുകളുടേയും പെരുമ്പടപ്പ്, മങ്കട ബ്ലോക്ക് പഞ്ചായത്തുകളുടേയും 2023-24 വാർഷിക പദ്ധതി ഭേദഗതികൾക്കും യോഗം അംഗീകാരം നൽകി.

2023-24 സാമ്പത്തിക വർഷത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഫണ്ട് വിനിയോഗവും ജില്ലാ ആസൂത്രണ സമിതി യോഗം വിലയിരുത്തി. 43.93% ചെലവഴിച്ച് മലപ്പുറം ജില്ല സംസ്ഥാനതലത്തിൽ അഞ്ചാം സ്ഥാനത്താണ്. ജില്ലാ പഞ്ചായത്തുകളിൽ 53.24% ചെലവഴിച്ച് മലപ്പുറം ജില്ലാ പഞ്ചായത്ത് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്താണ്. നഗരസഭകളിൽ 54.97% ചെലവഴിച്ച് പെരിന്തൽമണ്ണ നഗരസഭ സംസ്ഥാന തലത്തിൽ ഏഴാം സ്ഥാനത്തും 53.63% ചെലവഴിച്ച് പൊന്നാനി നഗരസഭ എട്ടാം സ്ഥാനത്തുമാണ്. ഗ്രാമപഞ്ചായത്തുകളിൽ 57.05% ചെലവഴിച്ച തിരുവാലി ഗ്രാമപഞ്ചായത്ത് സംസ്ഥാന തലത്തിൽ 24-ാം സ്ഥാനത്താണ്. ബ്ലോക്ക് പഞ്ചായത്തുകളിൽ 57.29% ചെലവഴിച്ച തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ജില്ലയിൽ ഒന്നാം സ്ഥാനത്തും സംസ്ഥാന തലത്തിൽ പതിനാലാം സ്ഥാനത്തുമാണ്.

ഡി.പി.സി ചെയർപേഴ്സണും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ എം.കെ. റഫീഖ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്ലാനിങ് ഓഫീസർ എ.എം സുമ, ഡി.പി.സി മെമ്പർമാർ, ജില്ലാതല ഉദ്യോഗസ്ഥർ, തദ്ദേശ ഭരണ സ്ഥാപന അധ്യക്ഷർ, സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു..

error: Content is protected !!