
തിരുവനന്തപുരം: സോളാർ കേസിലെ പരാതിക്കാരി നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ മുൻ എംഎൽഎ പി.സി ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തു. 354,354എ വകുപ്പുകൾ ചുമത്തിയാണ് ജോർജിനെതിരെ കേസെടുത്തത്. പീഡനശ്രമം, അശ്ലീല സന്ദേശം, കടന്ന് പിടിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. 2022 ഫെബ്രുവരി 10 ന് തൈക്കാട് ഗസ്റ്റ് ഹൗസിൽ വച്ചാണ് സംഭവം നടന്നതെന്നാണ് പരാതിക്കാരിയുടെ മൊഴി. പരാതിക്കാരിക്ക് നേരെ ബലപ്രയോഗം നടത്തിയെന്ന് എഫ്‌ഐആറിലും പറയുന്നുണ്ട്. എന്നാൽ പി.സി ജോർജിനെതിരെ എടുത്തത് കള്ളക്കേസെന്നാണ് അഭിഭാഷകന്റെ വാദം. ജാമ്യത്തിനായി കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വർണക്കടത്തുമായി ബന്ധപ്പെട്ടുള്ള മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനാ കേസിലായിരുന്നു പി.സി ജോർജിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസിൽ നടന്ന ചോദ്യം ചെയ്യലിലാണ് കാര്യങ്ങൾ മാറിമറിഞ്ഞത്.
കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച തിരുവനന്തപുരത്തെത്താൻ ജോർജിന് നോട്ടീസ് നൽകിയിരുന്നെങ്കിലും അസൗകര്യം ചൂണ്ടിക്കാട്ടി എത്തിയിരുന്നില്ല. അതിനിടെ പരാതിക്കാരിയുടെ പേര് പുറത്ത് പറഞ്ഞത് സംബന്ധിച്ചും വിവാദമുണ്ടായി.