
കോഴിക്കോട് : ഓട്ടോയില്‍ കയറിയ യുവതിയെയും കുഞ്ഞിനെയും തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. പ്രതിയായ ഓട്ടോ ഡ്രൈവറെ പിടികൂടാന്‍ എത്തിയ പൊലീസുകാര്‍ക്ക് മര്‍ദനം. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ആശുപത്രിയിലേക്ക് പോകാന്‍ കയറിയ 28കാരിയേയും കുഞ്ഞിനേയുമാണ് തട്ടി കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഓട്ടോ ഡ്രൈവറായ സജീഷ് കുമാറിനെ ബല പ്രയോഗത്തിലൂടെയാണ് പൊലീസ് കീഴ്‌പ്പെടുത്തിയത്.
വടകര പാര്‍ക്കോ ആശുപത്രിയിലേക്ക് പോകാനായാണ് യുവതിയും കുഞ്ഞും ഓട്ടോയില്‍ കയറിയത്. എന്നാല്‍ യാത്രക്കിടെ സജീഷ് കുമാര്‍ ഓട്ടോയുമായി മറ്റൊരു വഴിയിലൂടെ പോകുകയായിരുന്നു. യുവതി കാര്യമന്വേഷിച്ചപ്പോള്‍ ഗതാഗതക്കുരുക്ക് മൂലം വഴിമാറി പോകുകയാണെന്നും, പെട്ടെന്ന് എത്താനാകുമെന്നും സജീഷ് കുമാര്‍ പറഞ്ഞു. എന്നാല്‍ ഏറെ ദൂരം പോയതോടെ യുവതിക്ക് സംശയം തോന്നുകയും ബഹളം വെക്കുകയുമായിരുന്നു. ഇതോടെ നാട്ടുകാര്‍ ശ്രദ്ധിക്കുന്നുവെന്ന് മനസിലാക്കിയ പ്രതി യുവതിയേയും കുഞ്ഞിനേയും ആയഞ്ചേരി ഭാഗത്ത് ഇറക്കിവിട്ടു
തുടര്‍ന്ന് ഓട്ടോയുടെ നമ്പര്‍ അടക്കം ഉള്‍പ്പെടുത്തി യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കണ്ണൂരിലെ വീട്ടിലെത്തിയപ്പോള്‍ പ്രതി പൊലീസുകാരെ ആക്രമിച്ചു. പ്രതിയെ പിടികൂടാന്‍ ശ്രമിച്ച എസ്ഐയുടെ തലക്ക് പരുക്കേറ്റു. എഎസ്ഐയെ കടിച്ചു. ഒടുവില്‍ ബലംപ്രയോഗിച്ചാണ് പ്രതിയെ കീഴ്പ്പെടുത്തിയത്. യുവതിയെ തട്ടിക്കൊണ്ടുപോകാനുളള കാരണം വ്യക്തമല്ല. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരുകയാണ്.