സമ്പൂര്‍ണ്ണ പത്താം തരം തുല്യതാ പദ്ധതി: കര്‍മ്മ പരിപാടികള്‍ ആവിഷ്‌ക്കരിച്ചു

മലപ്പുറം : ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ജില്ലയില്‍ നടപ്പിലാക്കുന്ന സമ്പൂര്‍ണ്ണ പത്താം തരം തുല്യതാ പദ്ധതി വിജയിപ്പിക്കാന്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ യോഗം കര്‍മ്മ പരിപാടികള്‍ ആവിഷ്‌ക്കരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ യോഗം ഉദ്ഘാടനം ചെയ്തു.

പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും അടുത്തയാഴ്ച പ്രത്യേക യോഗങ്ങള്‍ ചേരും. എല്ലാ വാര്‍ഡുകളിലും 18നും 50നും ഇടയില്‍ പ്രായമുള്ള പഠിതാക്കളെ കണ്ടെത്താന്‍ ഈ മാസം സര്‍വേ പൂര്‍ത്തിയാക്കും. ഇവര്‍ക്ക് സൗകര്യപ്രദമായ സ്ഥലങ്ങളില്‍ പഠന കേന്ദ്രങ്ങള്‍ ഒരുക്കി ജൂണ്‍ ആദ്യവാരം ക്ലാസുകള്‍ ആരംഭിക്കും. പഠന കേന്ദ്രങ്ങളില്‍ പഠന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വിവിധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍, സംഗമങ്ങള്‍, കലാ സാഹിത്യ മത്സരങ്ങള്‍ തുടങ്ങിയവ നടത്തും.

വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ നസീബ അസീസ്, ആലിപ്പറ്റ ജമീല, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്. ബിജു, അംഗങ്ങളായ കെ.ടി. അഷ്റഫ്, വി.കെ.എം ഷാഫി, പി. ഷഹര്‍ ബാന്‍, യാസ്മിന്‍ അരിമ്പ്ര, ബഷീര്‍ രണ്ടത്താണി, എ.പി സബാഹ്, ഷമീറ പുളിക്കല്‍, റൈഹാനത്ത് കുറുമാടന്‍, വളാഞ്ചേരി നഗരസഭാ അധ്യക്ഷന്‍ അഷ്റഫ് അമ്പലത്തിങ്ങല്‍, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസ്വ. കാരാട്ട് അബ്ദുറഹ്‌മാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിജയഭേരി ജില്ലാ കോര്‍ഡിനേറ്റര്‍ എം. സലീം പദ്ധതി വിശദീകരിച്ചു. സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സി. അബ്ദുല്‍ റഷീദ് സ്വാഗതവും കെ. മൊയ്തീന്‍ കുട്ടി നന്ദിയും പറഞ്ഞു.

error: Content is protected !!